Tuesday, January 11, 2022

ആത്മായനങ്ങളുടെ ഖസാക്ക് / എം കെ ഹരികുമാർ/ഭാഗം 10

 


അനാഥത്വത്തിന്റെ മർമ്മരങ്ങൾ

ഖസാക്കിലെ പ്രകൃതിയിലൂടെ അഴിഞ്ഞലിയുന്ന അനാഥത്വത്തിന്റെ ശിശിരം വിജയന്റെ നോവുപതിഞ്ഞ സ്മരണകളുടെ പ്രത്യക്ഷമായിരിക്കുന്ന പ്രത്യക്ഷമായിത്തീരുന്നു. രാജാവിന്റെ പള്ളിയിലെ നിശ്ചലതപോലും അവളെ വിലക്കിയെന്ന് വിജയൻ എഴുതുന്നു. നീലിയും ഖാലിയാരും സംസാരിക്കുമ്പോൾ വടവൃക്ഷംപോലെ വളർന്നുനിൽക്കുന്ന ഏകാകിതയിലേക്കാണ് വിജയൻ ശ്രദ്ധതിരിക്കുന്നത്. ഖസാക്കിന്റെ പനയോലകളിൽപ്പോലും ഒറ്റപ്പെടലിന്റെ ഗീതമുണ്ട്. ഒറ്റപ്പെടലിന്റെ നീരാഴങ്ങളിൽനിന്ന് പെറുക്കിയെടുത്ത വജ്രക്കല്ലുകളുടെ ഹിമകാന്തിയാണ് തന്റെ അനാഥത്വമെന്ന് വിജയന് അറിയാമായിരുന്നു. അപ്പുക്കിളിയും രവിയും അനാഥത്വത്തിന്റെ രണ്ട് അന്തർധാരകളെ വഹിക്കുന്നതു നാം കാണുന്നു. 

വ്യസനങ്ങളാൽ പൂരിതമായ അപ്പുക്കിളിയുടെ അനാഥത്വത്തിൽ കരുണയും ദയയും ഇഴചേർക്കുന്നുണ്ട്. അമ്മയും അച്ഛനും ബന്ധങ്ങളും, വാത്സല്യത്തിന്റെ ശരമുതിർക്കേണ്ട ബാല്യത്തിൽനിന്ന് നിഷ്‌കാസിതമായതിന്റെ സംസാരത്തെ അപ്പുക്കിളിയുടെ പ്രേരണകളിലൂടെ വിജയൻ വരച്ചിടുന്നു. അവനിലൂടെ ഭൂമിയുടെ അനന്തമായ ബാല്യനഷ്ടങ്ങളുടെ പറവകളെ നാം കണ്ടറിയുന്നു. തുമ്പി പിടിക്കുകയും അജ്ഞതയുടെ സാരള്യതയിൽ, അറിവിന്റെ രഥത്തിൽ സവാരി നടത്തുകയും ചെയ്യുന്ന ഏതോ ആദിമമായ ഉൾപ്രേരണകൾ ഇവിടെ സംഗതമാവുന്നുണ്ട്. വരാനിരിക്കുന്ന മുകുളങ്ങളേക്കാൾ വർത്തമാനത്തിന്റെ നിഗൂഢമായ ആന്ധ്യം ജൈവാവസ്ഥയെ മൂടുന്നു. അതിന്റെ അടഞ്ഞ ലൗകികതയിൽ സ്വച്ഛന്ദമായ നിയോഗത്തിന്റെ വിശദപാഠങ്ങൾ വായിക്കാനാകുന്നില്ലേ? 

 ഏകാകിയുടെ കാട്ടിൽ

ഏതോ മൗനത്തിന്റെ അടിയൊഴുക്കുകളിൽ മുട്ടിയുരുമ്മുന്നതുപോലെ, വിരഹസ്പർശങ്ങളില്ലാത്ത ആതുരതകൾ പ്രശാന്തമായ സംസാരത്തിന്റെ മണ്ണിൽനിന്ന് ഉയരുന്നതും കാണാനാകുന്നില്ലേ? നിസ്സംഗതയുടെ പ്രസാദം ഇറ്റിറ്റുവീഴുന്ന വർത്തമാന സംവാദങ്ങളുടെ ജലാശയത്തിൽ അപ്പുക്കിളിയുടെ സ്മൃതി അന്തമില്ലാത്ത തിരകളെയാണ് ഓർമ്മിപ്പിക്കുന്നത്. വാസ്തവത്തിൽ നടുവിലൊരു വൃത്തംപോലെ സത്യാന്വേഷണങ്ങൾ വിജയനിൽ ഒതുങ്ങിപ്പോകുന്നില്ല. അതു പ്രശാന്തമായ നീരുറവകളും പ്രകൃതിയുടെ ഉടലിന്റെ മാംസളമായ സ്മൃതികളും തേടി വേടനെപ്പോലെ അലഞ്ഞുതിരിയുന്നു. ഏകാകിയുടെ കാട്ടിൽ വസിച്ചുകൊണ്ട് വൃക്ഷച്ചില്ലകളുടെ ഹരിതാംബരത്തിനെതിരെ അമ്പെയ്യുന്നു. മണ്ണിൽ ഇടറിവീഴുന്ന ചിറകറ്റ പക്ഷിയുടെ ദുരന്തത്തെ നേരിയാൻ ആർദ്രമായ മന്ദസ്മിതം കാത്തുവയ്ക്കുന്നു. അത് വ്യഥിതമൗനത്തിന്റെ അലസപ്രവർത്തനമല്ല; നിത്യതയുടെ സ്വാച്ഛന്ദ്യം ഉള്ളിൽ മുളയ്ക്കുമ്പോഴുണ്ടാകുന്ന അജ്ഞേയതയുടെ വിശുദ്ധ കനിയാണ്* പ്രസാദപൂർണ്ണമായ ദുഃഖങ്ങളുടെ കാതുകളടയ്ക്കുന്ന ഏകവചനമാണിത്.

ആദിമദർശനങ്ങളിലേക്ക് സൗഹൃദത്തിന്റെ ഒരായിരം ചിറകുകളുമായി ഒരു കിളി പറന്നുവന്നിരിക്കുന്നു. പനന്തത്തകളുടെ ധനുസ്സുകൾ പറന്നകലുന്നതിനെ വിജയൻ ഓർമ്മിപ്പിക്കുന്നുണ്ട്. വിദൂരമായ, അജ്ഞേയമായ സ്‌നേഹാന്വേഷണങ്ങളിലേക്ക്, മുൻകരുതലുകൾക്കപ്പുറത്ത് ഇച്ഛയുടെ വാഹനം യാത്രയാവുകയാണ്. പ്രേമം, അതിന്റെ ഉന്മാദത്തിൽ ചരാചരങ്ങളുടെ നാസികകളഴിയുന്നു. കേൾക്കുക, പ്രാണന്റെ നിലവിളിയും പുഞ്ചിരിയും തിരിച്ചറിയാനാകുന്നില്ലല്ലോ. വന്നിട്ടുണ്ട്, ശ്രവണേന്ദ്രിയങ്ങളുടെ കൂടാരങ്ങളിൽ ആളറിയാതെ ആയുസ്സുകൾ പിന്നിട്ട മഹർഷിയുടെ മനസ്സ്. ആ ശരീരത്തിന്റെ ഋഷി രക്തചുംബനങ്ങളുടെ നിലവറകളിലൂടെ, വഴിയമ്പലങ്ങളിൽ ചിതറിവീഴുന്ന ജ്വരവുമായി ഇതാ താണുപറക്കുന്നു. കാക്കകൾ ചത്തുകിടക്കുന്ന ഏകാഗ്രതയുടെ ക്ഷേത്രങ്ങൾ, പുല്ലുകൾ വളർന്നുനിൽക്കുന്ന ദുഃഖത്തിന്റെ താഴവരകൾ, കാറ്റിൽ ഉലയുന്ന ഭൂതസ്മരണകൾ. ചോര ചിന്തിക്കൊണ്ട് തലകുത്തിമറിയുന്ന തൃഷ്ണകൾ, ഇരയെ ചുണ്ടിൽ കോർത്തുകൊണ്ട് ലോകത്തിനുമീതെ പറക്കുന്ന അന്തരംഗത്തിന്റെ ബുദ്ധൻ......... അപ്പുക്കിളിയുടെ, ജൈവബന്ധങ്ങൾ വത്സചോദനകളുടെ അരുമയായ പ്രസാദങ്ങൾ ചോദിച്ചുവാങ്ങുന്നു. സംസാരത്തിന്റെ അനാഥമാകുന്ന തുരുത്തുകൾ, പരാതികളിൽനിന്നൊഴിഞ്ഞ് ചിന്തകൾക്ക് വെള്ളമൊഴിക്കുക. പകലുകൾ വീണുടയുമ്പോൾ, വ്രണിതജ്വരങ്ങളുടെ ആവനാഴി ശൂന്യമാകുമ്പോൾ, സ്‌നേഹവും ദുഃഖവും അനാഥത്വവും കൂടിക്കുഴഞ്ഞ് മഴപെയ്യുന്നതു കാണാം.

 ഓർമ്മകളിലെ ജലകണങ്ങൾ

അനാഥത്വത്തിന്റെ മർമ്മരങ്ങളെക്കുറിച്ച് ഇലകളിൽ കാതുകൊടുത്തുകൊണ്ടാണ് വിജയൻ അന്വേഷിക്കുന്നത്. ഓർക്കാൻ ശ്രമിച്ചപ്പോൾ അത് അനേകം അന്തർധാരകളും സ്വകാര്യ ഈണങ്ങളുംകൊണ്ട് നിറഞ്ഞതാണെന്ന് അറിഞ്ഞു. അപ്പുക്കിളിയുടെ സ്‌നേഹപരിസരത്തിൽ ഏകാകിതയുടെ വിത്തുകൾ കിടക്കുന്നു. അത് ഐഹികമായ ദുരാലോചനകളുടെ വ്യക്തമായ ചിത്രമൊരുക്കുന്നില്ല. എന്നാൽ രവിയുടെ അനാഥത്വത്തിൽ കാട്ടുപൂക്കളുടെ ഓർമ്മകളും അച്ഛനമ്മമാരുടെ വ്യഥിതപുരാവൃത്തങ്ങളും അജ്ഞാതമായ പോക്കുവരവുകളും നിറഞ്ഞ് നില്ക്കുകയാണ്. ബോധത്തിന്റെ അനൈഹികത ഇവിടെ സംഭൃതമായിട്ടുണ്ട്. ഓർമ്മകളിലെ ജലകണങ്ങൾ. 

ആസക്തിയുടെ വിഷാദവും വേർതിരിച്ചെടുക്കാൻ വയ്യാത്ത ഭൂതകാലത്തിന്റെ പ്രതലങ്ങൾ ഭക്തിയുടെ ദുഃഖവും പ്രാർത്ഥനയും സ്‌നേഹവും തഴച്ചുവളരുന്ന ജീവിതം.... ദുഃഖത്തിന്റെ സ്ഥാവരജംഗമസാമഗ്രികളുടെ അന്തിമമായ താവളങ്ങൾ തേടിയുള്ള രവിയുടെ അലച്ചിലിന്റെ പ്രത്യക്ഷങ്ങൾ അനാവൃമാകുന്നു. അവിടെ മുൾക്കാടുകളായിരുന്നുവെന്നും അതിൽ മുയലും കൂരനുമുണ്ടായിരുന്നുവെന്നും രവി ഓർക്കുന്നു. ആ ഓർമ്മയുടെ ഇതളുകൾക്കിടയിൽ ഐഹികഭൂമിയുടെ ധാതുക്കൾ ഉണ്ട്. സ്പർശനങ്ങളുടെ ധവളപ്രകാശത്തിൽ തന്റെ ഭൂതകാലത്തിന്റെ നനവാർന്ന സമതലങ്ങൾ കൺമുമ്പിൽ വിടരുന്നു. മഞ്ഞപ്പുൽത്തട്ടുകളെ നോക്കി വ്യസനത്തിന്റെ  വായ്ത്തലയിൽ  ആഞ്ഞുപതിക്കുന്ന കിടപ്പറ. ചിറ്റമ്മയുടെ വിയർത്ത കവിളുകൾ. ദുരൂഹമായ ദുഃഖത്തിന്റെ ഊഷരവേളകൾ. ആകാശങ്ങളിലൂടെ അലയുന്ന കൂട്ടുകാരി. സ്‌നേഹവൃക്ഷം തോറും തളിർക്കുന്ന അമ്മ. സന്ധ്യകളിൽ മനസ്സിനെ കഴുകിവിരിക്കുന്ന അച്ഛൻ. മണലിൽ ഊർന്നുചാടി എരിഞ്ഞുതീരുന്ന സന്ധ്യ. ചരൽപ്പാതകളിലൂടെ മനസ്സിന്റെ രക്തവും ചീന്തി കിതയ്ക്കുന്ന യാത്രകൾ. ആശ്രമത്തിലെ ജീവിതങ്ങൾ. ലോകത്തിന്റെ മുള്ളുകൾ വാരിയണിയുന്ന രോഗികൾ. രാത്രിയുടെ നിബിഡാസക്തിയിൽ കുതിർന്നുവീഴുന്ന പ്രക്തനസ്മരണകളുടെ അവശിഷ്ടങ്ങൾ രവിയെ വിഷാദത്തിന്റെ കയങ്ങളിലേക്കെറിയുന്നു. എല്ലാം ദുരൂഹമായ അരുതായ്കകളായി ശേഷിക്കുകയാണ്. ആത്മാവിന്റെ അനാഥപരിസരങ്ങളുടെ ഈ ഉൾപ്പിരിവുകൾ ഖസാക്കിന്റെ സാകല്യതയിൽ ലയിക്കുന്നു. രവിയുടെ ഒറ്റപ്പെടലിനെയും പ്രകൃതിയിലെ ജൈവബന്ധങ്ങളുടെ പ്രാഥമികമായ രോദനങ്ങളെയും സ്പർശിക്കുമ്പോഴൊക്കെ ഖസാക്കിന്റെ അനന്തമായ കൃപയും നിസ്സീമമായ സ്‌നേഹവും ഓരോ വസ്തുവിനും നൽകിക്കൊണ്ടാണ് ആഖ്യാനം നിർവഹിക്കുന്നത്. 

 അന്വേഷണങ്ങളുടെ വിശദമായ അന്ധതയിൽ

മനസ്സിന്റെ ഭാഷയിൽ, രവിയുടെ ഓർമ്മകളുടെ ലിപികളിൽ ഖസാക്കിന്റെ ബോധപരിസരം നെയ്‌തെടുക്കുമ്പോഴും ഭൂതകാലത്തിന്റെ പ്രതലങ്ങളിലും വർത്തമാനത്തിന്റെ ജലകണങ്ങളിലും ഭാവിയുടെ വായുരേണുക്കളിലും അതുല്യമായ കരുണയുടെ പ്രസാദം വന്നുവീഴുന്നുണ്ട്. ഈ വിവരണശേഷിയാണ്, വിജയന്റെ യാഥാർത്ഥ്യത്തെയും അതിന്റെ അതിഭൗതികമായ വിതാനത്തെയും ലൗകികദുരന്തങ്ങളുമായി ചേർത്തുവച്ചുകൊണ്ട് അനുഭവിക്കാൻ നമുക്ക് വഴിയൊരുക്കുന്നത്. 

കാതരമായ പദാർത്ഥസംസാരങ്ങളിലും ഖസാക്കിന്റെ മാതൃത്വം ഈണം ചേർക്കുന്നു. അത് പ്രപഞ്ചത്തിന്റെ അവിരാമമായ പിൻബലമായി നിന്ന ബോധത്തെ കർമ്മമണ്ഡലങ്ങളിലേക്ക് സ്വതന്ത്രയാക്കുന്നു. കർത്തൃനിഷ്ഠമായ അന്വേഷണങ്ങളുടെ വിശദമായ അന്ധതയിൽ കഥാപാത്രങ്ങളെയും പദാർത്ഥങ്ങളെയും ഈ എഴുത്തുകാരൻ ഒരുപോലെ ലയിപ്പിക്കുന്നു. രവിയെ തിരക്കുന്ന വേളയിൽതന്നെ കരിമ്പനയുടെ വിഷാദവും അണിനിരത്തിക്കൊണ്ട് ആത്യന്തികമായ യാഥാർത്ഥ്യങ്ങളിലേക്ക് കടന്നുചെല്ലുകയാണ്. ശരത്കാലത്തെ ആലസ്യങ്ങൾ സ്വകീയമായ യാത്രകളെ ഉദാത്തീകരിക്കുന്നു. കിളികളുടെ മനസ്സുള്ളവർ ഭാഗ്യവാന്മാർ എന്ന് ലോർക്ക (Oscar Loerke: :The Bird Causeways )പാടുന്നു. വസ്തുവിന്റെ ലാവണ്യം പ്രപഞ്ചത്തിന്റെ പ്രതിദ്ധ്വനിയും ഘടനയും ഒരേ സമയം ചോദിച്ചുവാങ്ങുകയാണ്. അതിലുപരി മനുഷ്യരെയും വസ്തുക്കളെയും നിഷ്പ്രഭമാക്കിക്കൊണ്ട് ഖസാക്കിന്റെ ബോധത്തിന്റെ വിവിധ ഉൾപ്രേരണകളും സ്വപ്‌നശാലകളും തുറന്നിട്ടുതരുന്നു. മനസ്സ് കയറിപ്പോകുന്ന വഴികളും രാത്രിയിൽ വേട്ടക്കിറങ്ങുന്ന മൃഗങ്ങളും അറിവിന്റെ മേഖലയിൽ കാണപ്പെടുന്നു. രവിയുടെ സ്ഥാവരസ്വഭാവമുള്ള ദുഃഖത്തിന്റെ കാലത്തിൽ അനാഥത്വത്തിന്റെ നിലയ്ക്കാത്ത ധാര വർഷിച്ചുകൊണ്ട് കടന്നുപോകുകയാണ്. ഇങ്ങനെ അനാഥത്വത്തിന്റെ ഉൾചോദനകളെ ഖസാക്കിലൂടെ അവതരിപ്പിച്ചപ്പോൾ പാത്രങ്ങളുടെ സ്വഭാവം വിജയന്റെ ഉന്നമായിരുന്നു. വീക്ഷണങ്ങളുടെ സാന്ദ്രീകരണത്തിനും സാക്ഷാത്കാരത്തിനും അത് ആവശ്യമായിത്തീർന്നുവെന്നുമാത്രം.

ദുഃഖത്തിന്റെ ശീതസുഖമുള്ളവയാണ് ആ സാന്ത്വനങ്ങൾ. ഓർത്തു നോക്കുക. ഗ്രാമീണരുടെ ലക്ഷ്യങ്ങളെക്കുറിച്ച്, ചോദ്യങ്ങളുടെ വിപുലമായ ശബ്ദങ്ങളും അനന്തമായ പ്രതിദ്ധ്വനികളും തനിക്ക് അസഹ്യമായിരിക്കുന്നതായി രവി അറിയുന്നു. ഉത്തരങ്ങളുടെയും സ്‌നേഹശമനങ്ങളുടെ ഋജുരേഖകൾ സമ്മേളിക്കുന്ന ഈ ഭൂമി, തന്റെ ജന്മസ്മൃതിയിൽ അഗ്നിയുടെ മണ്ണ് ശേഷിപ്പിക്കുകയാണ്. ജംഗമങ്ങളുടെ വിസ്മൃതികളിൽ ഈശ്വരൻരെ കണ്ണുകൾ കണ്ടെത്തൂ. അവിടെ അനാദിയായ തണുപ്പാണ്. ചിന്തകളുടെ ഉടലിൽനിന്ന് മനസ്സിനെ മോചിപ്പിക്കൂ. അവിടെ ആശാരഹിതമായ മഥനങ്ങളാണ്. എന്നാൽ സന്ധ്യയും നക്ഷത്രങ്ങളും അന്യോന്യം എത്ര അകലത്തിലാണ്. വേളകളുടെ ഉടലിൽ കാലം മുറിവേൽപ്പിക്കുമ്പോൾ സന്ധ്യയും നക്ഷത്രങ്ങളും രണ്ടു ധ്രുവങ്ങളിലേക്ക് അകന്നകന്നുപോകുന്നു. 

സ്മൃതിയുടെ അഗ്നിപ്രവാഹത്തിൽ ഒരിടത്തുവെച്ച്, പണ്ടെങ്ങോ നഷ്ടപ്പെട്ടുപോയ ചെപ്പ് രവിക്ക് തിരികെ തുറന്നുകിട്ടുന്നു. വൃക്ഷച്ചോലകളുടെ, നിഴലുകളുടെ, കിളിക്കൂടുകളുടെ, ഇളം വർത്തമാനങ്ങളുടെ ആ മധുരച്ചെപ്പ്! ഈശ്വരന്റെ പാദചലനങ്ങൾ എത്ര സൗമ്യമാണ്! വരുക, ശബ്ദങ്ങളുടെ കടലുകളിൽനിന്ന് ചെത്തിപ്പൂക്കളുടെ ഭവനങ്ങളിലേക്ക് തിരിച്ചുവരിക, അനാഥചുറ്റുപാടുകളുടെ ഭൂതകാലത്തിൽനിന്ന് വാർന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ദുഃഖം ഖസാക്കിന്റെ നിരതദ്രവ്യങ്ങളിൽ പരക്കുന്നു. മഷിപ്പടർപ്പുകളുടെ മുല്ലവള്ളികൾ, കരിമ്പനകളുടെ കാടുകൾ. വെട്ടിമാറ്റപ്പെട്ട തളിരുകൾ, മരുഭൂമികളിൽ മനസ്സ് പുഷ്പിക്കുന്നു. രവിക്കും അപ്പുക്കിളിക്കും മാധവൻനായർക്കും ഭൗതികസാഹചര്യങ്ങളുടേതായ അരുതായ്കകളുണ്ട്. എന്നാൽ അവരുടെ ലോകവീക്ഷണത്തിന്റെ സാന്നിദ്ധ്യമല്ല ഇവിടെ തൊട്ടറിയുന്നത്. ആത്മാവിന്റെ അരുതായ്മകളും ആസക്തികളും ചേർന്നുള്ള നിമിഷങ്ങൾ ഇവിടെ പുനർജനിക്കുന്നു. പ്രവർത്തനങ്ങളുടെ പിശകുകളിൽനിന്ന് ഒരിക്കലും ഈ മനുഷ്യർക്ക് മോചനമില്ല. കർമ്മമണ്ഡലങ്ങളിൽ അജ്ഞരായിരുന്നുകൊണ്ട് അപ്പുക്കിളിയെപ്പോലെ സാരള്യത അനുഭവിക്കുമ്പോൾ ഇവർക്ക് ഓർമ്മത്തെറ്റുകൾ തലോടലാകുന്നില്ല. 

 ആത്മപരിതോവസ്ഥയുടെ മർമ്മരങ്ങളിൽ

രവിയുടെ രോദനങ്ങൾ എല്ലാ അർത്ഥത്തിലും ആ മനസ്സിന്റെ വേഗങ്ങളെയാണ് കാണിച്ചുതരുന്നത്. കുന്നിൻചെരുവിലെ മഞ്ഞിനെപ്പോലും, ഹൃദയദാർഢ്യത്തോടെ, ഓർമ്മകളിലൂടെ രവിക്ക് സമീപിക്കാനാവുന്നില്ല. നിശ്ചലതയുടെ ഭാരവും യൗവനത്തിന്റെ ശാപവും തൃഷ്ണയുടെ ദുരന്തവും ബന്ധങ്ങളെ കീഴ്‌പ്പെടുത്തലും വാത്സല്യത്തിന്റെ നോവും സാന്ത്വനത്തിന്റെ ഭർത്സനവും നിറഞ്ഞതാണ്. ഇവിടെ, അനാഥത്വം. ലൗകികമായ എല്ലാ ധാരണകളിൽനിന്നും ആത്മാവിന്റെ ഉച്ചാരണങ്ങളെ മോചിപ്പിച്ചുകൊണ്ട് ഏകാന്തദുഃഖങ്ങളുടെ ശരീരത്തെ ആവിഷ്‌കരിക്കാനുള്ള ഉദ്യമം സഫലമാവുകയാണ്. അനാഥത്വത്തിന്റെ വിശാലമായ ഭൂഭാഗങ്ങളിൽ എല്ലാ വേലിയേറ്റങ്ങളും ഒറ്റപ്പെട്ട ആത്മപരിതോവസ്ഥയുടെ മർമ്മരങ്ങളിൽതന്നെയാണ്. ഖസാക്കിനെ സ്ഥാവരജംഗമങ്ങളുടെ മാറ്റുള്ള അനാഥമനസ്സായി നിർത്തുന്നതും പ്രാർത്ഥനയുടെയും പ്രാണയാനങ്ങളുടെയും നിരന്തരമായ വ്യഗ്രതകളിലേക്ക് നയിക്കുന്നതും ഇതാണ്.

*ദുഃഖത്തിന്റെ മൂല്യങ്ങൾ മനുഷ്യന്റെ സ്‌നേഹസ്പർശനങ്ങളിൽ വീണുകിടക്കുന്ന അവക്ഷിപ്തവുമായി ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. ഉള്ളിന്റെ വ്യസനസമ്പൂർണ്ണമായ ഒരു ഘട്ടത്തെ അനുഭവങ്ങളുടെ യാഥാർത്ഥ്യമെന്ന രൂപത്തിൽ പകർത്തിയെടുക്കുകയായിരുന്നു വിജയന്റെ ഉദ്ദേശ്യം. അതിൽ ഏറിയപങ്കും വിഷാദത്തിന്റെ സമഗ്രമായ ജീവിതത്തെയും ശരീരത്തെയും കണ്ടെത്താനുള്ള ആത്മാവുനിറഞ്ഞ സംയമനങ്ങളായിരുന്നു. സനാതനമൂല്യങ്ങളായ കരുണ, സ്‌നേഹം, അന്തസ്സ്, അഭിമാനം, ലജ്ജ, വിനയം തുടങ്ങിയ വികാരങ്ങലിൽ മനസ്സ് നൽകാതെ പുതിയ മനുഷ്യത്വത്തിന്‌റെ സൃഷ്ടിയിലെത്താനാവില്ല. അല്ലെങ്കിൽ മനുഷ്യത്വരഹിതമായ ദൈവികതയാവും ഫലം. മനുഷ്യനെ ആരാധിച്ചുകൊണ്ട് അവന്റെ ഉത്കൃഷ്ടയിൽ വിശ്വസിച്ചുകൊണ്ടാണ് പുതിയ മാനുഷികതയിലേക്കുള്ള കൂറുമാറ്റം സംഭവിക്കുന്നത്. 

ഖസാക്കിൽ ഇതു പൂർണ്ണമായും ശരിയാണ്. രവിയുടെ  ദുഃഖത്തിന് ഹൃദയത്തെ രക്ഷിക്കുന്ന ഒരു ത്യാഗബോധമുണ്ട്. അതിൽ അംഗീരിക്കപ്പെട്ട സദാചാരങ്ങൾ മനുഷ്യത്വത്തിന്റെ ഹൃദയത്തിനായി വഴിമാറുന്നു. അവിടെയാണ് അയാളുടെ മൂല്യബോഘവും ക്രോധവും പകയും ആസക്തിയും ഒരു ദിനം ഭൂമിയോട് പിണങ്ങി മറയുന്നത്. അതിനുമുമ്പ് അവയുടെ ഉദാരതയിൽ വിശ്വസിക്കുക. പിൻവാങ്ങാനറിയുന്ന ആ ഉദ്യമങ്ങളുടെ ആകസ്മികമായ ദുഃഖപാരവശ്യങ്ങൾ ശ്രദ്ധിക്കുക. വൃഥാ നിർമ്മിച്ചുവയ്ക്കുമ്പോഴും. എല്ലാ മനസ്സുകൾക്കും മുകളിൽ മരണത്തിന്റെ ഈറനണിഞ്ഞ ശിരസ്സ് വെയിലുകൊള്ളുന്നുണ്ട്. അവയിൽ ജീവിതത്തിന്റെ ഒരു നിമിഷം ദുഃഖത്തിന്റെ പാൽനിറയ്ക്കുമെങ്കിലും.

HOME

No comments:

Post a Comment