Tuesday, January 11, 2022

ആത്മായനങ്ങളുടെ ഖസാക്ക് / എം കെ ഹരികുമാർ/ഭാഗം 14

 


അറിവിനുള്ളിലെ ദേവൻ

ജീവിതകാമനകളിൽ വസിച്ചിട്ടും രവിക്ക് ഒന്നിലും വേദന തോന്നിയില്ല, ദുഃഖം അക്ഷമയും വെറുപ്പുമായി പരിവർത്തിക്കപ്പെടുകയായിരുന്നു. അറിവിന്റെ സഫലമായ പകൽക്കിനാവുകൾ നിറഞ്ഞ ജൈവബന്ധങ്ങളെ രവി സൃഷ്ടിച്ചെടുക്കുകയാണ് ചെയ്തത്. പ്രവൃത്തി മനുഷ്യന് മുക്തിയുടെ അനിയന്ത്രിതമായ ആശീർവാദം പകരുന്നുണ്ട്. രവിയെ ഓർമ്മകളിലത്രയും നിരാശ്രയനാക്കിയിട്ടും, അവയിലെങ്ങും അയാൾക്കു വേദന തോന്നിയില്ല. രോഗത്തെയും ദുഃഖത്തെയും സുരതവുമായി ബന്ധപ്പെടുത്തി അറിവിന്റെയുള്ളിലെ ദേവനെ പ്രസാദിപ്പിക്കാനാണ് വിജയൻ ശ്രമിക്കുന്നത്. രതി പുതിയ ജാലകങ്ങൾ തുറന്നിടുന്നു. ഉൾവ്യഗ്രതകളുടെ വിന്യാസങ്ങളെ രതിയുടെ പ്രവർത്തനങ്ങളിലൂടെ കഴുകിക്കളയുന്നു. വീഴ്ചയും ഓർമ്മകളും തന്നിൽ ഒടുങ്ങാത്ത അക്ഷമയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് രവി വിചാരിക്കുന്നു. അറിവിന്റെ ക്ഷേത്രത്തിലേക്കുള്ള പാതയിലാണ് രവി ചിറ്റമ്മയെ അനുഭവിച്ചത്. പിന്നെ കേശിയും കോടച്ചിയും മൈമുനയും അതിൽ പങ്കുചേർന്നു. രോഗബാധിതനായ രവി വീണ്ടും പ്രാപിക്കാൻ ഇച്ഛിക്കുന്നത്, ഖസാക്കിന്റെ അന്തഃസംഘർഷങ്ങളുടെ സാകല്യത വെളിപ്പെടുത്തുന്നുണ്ട്. 

അറിവിലൂടെ പരിണമിക്കാനുള്ള വെമ്പലിൽ സ്വസ്ഥത നഷ്ടപ്പെടുന്നു. അതിൽ സ്‌നേഹത്തിന്റെ മുത്തുകളാണുള്ളത്. ഡി.എച്ച്. ലോറൻസ് (D H Lawrence:Women in Love) സൂചിപ്പിക്കുന്നതുപോലെ രതിയെ വെറുക്കുകയും അതേസമയം അതിനെ അനുഭവിച്ച് നിരാകരിക്കുകയും അതിലൂടെ മിഥുനവേളകളുടെ ശൈഥില്യം നേടുകയും ഒടുവിൽ ആത്മാവിൽ ഏകാകിത പെയ്യിക്കുകയുമാണ് രവി. വസൂരിക്കലകളുള്ള ശരീരം, ഓർമ്മകളുടെ പാടുകളുള്ള മനസ്സ്. അതുമായി രവി മൈമുനയെ പ്രാപിക്കുന്നു. ആത്മസംഘർഷങ്ങളുടെ പൊട്ടിയൊലിക്കുന്ന പകലുകളും രാത്രികളും അലറിക്കൊണ്ട് ലോകത്തിന്റെ ശരീരത്തിലേക്ക് ചാടിവീഴുകയാണ്. പ്രാർത്ഥനകൾ രൗദ്രമായ ഉച്ചാരണങ്ങളായിമാറുന്നു. സത്യത്തിൽ ദുഃഖത്തിന്റെ ഭ്രാന്തമായ അലച്ചിലാണ് അറിവിന്റെ വാതായനങ്ങളിൽ മനസ്സിനെ കൊണ്ടെത്തിക്കുന്നത്. വിജയൻ അറിവിന്റെ സൂര്യരഥങ്ങളിൽ യാത്രചെയ്യുന്ന മനുഷ്യനെ സൃഷ്ടിക്കുകയാണെങ്കിലും ഖസാക്കിന്റെ അനന്തമായ ജ്ഞേയതകളുടെ പൂട്ട് തുറക്കാനാണ് ഉദ്യമിക്കുന്നത്. 

 അറിവിന്റെ അവശിഷ്ടങ്ങളിൽനിന്ന്

പ്രകൃതിയുടെ ശരീരത്തിലും ഉൾപ്രേരണകളിലും ദേവശിരസ്സുകളിലും കൊരുത്തുവയ്ക്കുന്നത് ഇതാണ്. പച്ചമഷിയുടെ അടിവരകൾ മന്ദിരത്തിന്റെ കിളിവാതിലുകളായെന്നും അതിന്റെ അനന്തമായ ആലസ്യത്തിൽ രവി പുറത്തേക്ക് നോക്കിയെന്നും വനലും മഞ്ഞും പുല്ലും കരിമ്പനയും ആവർത്തിക്കുകയാണെന്നും എഴുതുമ്പോൾ അത് ഖസാക്കിന്റെ ആന്തരിക വ്യഗ്രതകളുടെ മിഴികളും  ഋതുക്കൾ നൃത്തം വയ്ക്കുന്ന ശരീരവുമാണ് കാണിച്ചുതരുന്നത്. ഈ കാഴ്ചകളിലൂടെ ഖസാക്കിന്റെ രൂപപരിണാമങ്ങളിലേക്ക് ബോധം ചെന്നെത്തുന്നു. അറിവിന്റെ അവശിഷ്ടങ്ങളിൽനിന്ന് ഖസാക്കിന്റെ തനുവിലേക്ക് പറന്നുചെല്ലുന്നു. 

ഖസാക്കിലെ വിപുലമായ അന്തർധാരകളായി നില്ക്കുന്ന എല്ലാ ചരാചരങ്ങളും അറിവിന്റെ മൂശയിലൂടെ വീണ്ടും കണ്ടെത്തപ്പെടുകയാണ്. അത് മനുഷ്യരിലൂടെ മിന്നിമറഞ്ഞ് മണ്ണിന്റെ നാഴികയിൽ അമരുന്നു. ബോധത്തിൽ ഖസാക്കിന്റെ ധാതുക്കൾ വന്നുനിറയുന്നു. പൊടിയും കാറ്റും മഞ്ഞും എല്ലാം നോവലിസ്റ്റിന്റെ അറിവിന്റെ അസംസ്‌കൃതവസ്തുക്കളാണ്. അവയിൽനിന്നാണ് ലോകത്തിന്റെ നിശ്ശബ്ദതയും പൂക്കുലകളും നിർമ്മിച്ചെടുക്കേണ്ടത്. ഈണങ്ങളുടെ വീഞ്ഞും കായ്കനികളുടെ രാഗവും വസ്തുക്കളുടെയുള്ളിലിരുന്ന് സ്പന്ദിക്കുന്നുണ്ട്. ജീവികളെയും വസ്തുക്കളെയും ഒരുപോലെ സ്‌നേഹിച്ചുകൊണ്ട് ഖസാക്കിൽ മനസ്സ് നീങ്ങുന്നു. രവി രതിയിലൂടെ തിരയുന്നതും മുക്തിയുടെ അറിവാണ്. യേശു മനുഷ്യർക്കിടയിലൂടെ നടന്നുപോയ സന്ദർഭം പീറ്റർ മാർഷൽ (Peter Marshall: By Invitation of Jesus)അറിയിക്കുന്നുണ്ട്. അവരുടെ സാന്നിധ്യത്താൽ യേശുവിന്റെ ഹൃദയം സ്പർശിക്കപ്പെട്ടു. ചിത്തത്തിൽ പ്രാർത്ഥനയുണ്ടായി. ദൈവത്തിന്റെ ധൈര്യദാനത്തിനായി, പരിശുദ്ധ അലൗകികതയിലേക്കുള്ള രഥം നിങ്ങൾക്കുള്ളിലാണെന്ന് യേശു അവരോടു പറഞ്ഞു. അറിവിനുവേണ്ടിയുള്ള തൃഷ്ണയിലേക്ക് പ്രവേശിക്കുകയായിരുന്നു. ലോകത്തിൽ മുഴുകുന്നതും അറിവിന്റെ തുരുത്തിലേക്ക് സവാരിചെയ്യുന്നതും രചനയുടെ വേളയിൽ വിജയൻ ധരിച്ചിരുന്നു. സംഭാഷണങ്ങളും സന്ദർശനങ്ങളും മുറ്റി നില്ക്കുന്നതാണ് ഓർമ്മകൾ. അവയെ മനസ്സിന്റെ പൊയ്കയിൽ നീന്താൻ അനുവദിക്കുക. നിങ്ങളുടെയുള്ളിൽനിന്ന് അന്യന്റെ മനസ്സിലേക്ക് യാത്രചെയ്യുക. അവിടെ കാലങ്ങളുടെ നൂൽപ്പാലങ്ങളുണ്ട് .

 ഓർമ്മകളുടെ മഞ്ഞിൽ

ഭോഗാലസ്യത്തിൽ, ഓർമ്മകളുടെ മഞ്ഞിൽ, അകലെ ഖസാക്ക് ചലനമറ്റുവെന്ന് സൂചിതമാവുന്നു. ഇവിടെ മനുഷ്യരും വസ്തുക്കളും എല്ലാം അപ്രത്യക്ഷമായി. ഖസാക്കിന്റെ വിലോലമായ തന്ത്രികളുണർത്തിയ ജീവിതരതിയാണ് തെളിയുന്നത്. ഖസാക്ക് പ്രത്യക്ഷങ്ങൾക്കുപരിയായി ആശക്തമായ ജൈവശരീരമാണെന്ന് നാമറിയുന്നു. അറിവിന്റെ ദേവനിലേക്ക് അഭയാർത്ഥിയായി നീങ്ങുന്ന ഖസാക്കിന്റെ പ്രാർത്ഥന സുരതത്തിന്റെ പ്രവർത്തനശാലയായി മാറുകയാണ് ചെയ്തത്. സുരതം അറിവിന്റെ ക്ഷേത്രങ്ങൾകൊണ്ട് മർത്യനെ നവീകരിക്കുന്നു. ശാന്തനാക്കുന്നു. യാഥാർത്ഥത്തിൽ, വാങ്കുവിളിപോലെ പവിത്രമായ ഒരു കർമ്മമാണ് രതി, ഇവിടെ. വ്യസനത്തിൽനിന്ന് അന്വേഷണങ്ങളിലേക്ക് പ്രാർത്ഥന എങ്ങനെ എത്തിച്ചേരുന്നുവോ, അതേ വേഗത്തിൽതന്നെ കാമനകൾ മനുഷ്യരിലൂടെ ദൈവത്തിലേക്ക് നടന്നടുക്കുന്നു. റോസയുടെ ചൈതന്യം, എന്നെ സ്‌നേഹത്തിന്റെ കുലീനമായ നാഴികകളെ, വേണ്ടപോലെ, ബോധ്യപ്പെടുത്തുന്നുണ്ട്. ഞാനിവിടെ അജ്ഞനായിരുന്നാലും സൗന്ദര്യത്തിന്റെ മധുരാനുഭവങ്ങളിലാണ് വസിക്കുന്നത്. - അറിവിനുള്ളിലെ ദേവനിലെത്തിച്ചേരുന്ന ഐഹികമുഹൂർത്തങ്ങളുടെ ഗുണവിരക്തമായ സ്പർശങ്ങളാണ് സ്വാമി പരമാനന്ദ*(Swamy Paramanada:Soul's Secret Door)യുടെ വാക്കുകളിൽ ജ്വലിച്ചുനില്ക്കുന്നത്.  ഖസാക്കിന്റെ പുരാണങ്ങളിലൂടെ ഏതോ സന്ദേശവും പേറി അലയുന്ന മനുഷ്യരും റോസയിൽനിന്നെന്നപോലെ എല്ലാ ബന്ധങ്ങളിൽനിന്നും സത്യം വലിച്ചുകുടിക്കുകയാണ്. 

 അറിവിന്റെ ദലങ്ങൾ

ഖസാക്കിൽ, സ്മൃതിയുടെ കൂട്ടിൽ, ജൈവലോകത്തിന്റെയും പദാർത്ഥലോകത്തിന്റെയും അറിവിനുള്ള തൃഷ്ണയാണ് സംഭരിച്ചിരിക്കുന്നത്. സത്യത്തിൽ, ഖസാക്ക് രവിയിലൂടെയും മൈമുനയിലൂടെയും മാധവൻനായരിലൂടെയും കരിമ്പനകളിലൂടെയും ഷെയ്ഖിന്റെ വിചാരങ്ങളിലൂടെയും സ്വയം തിരിച്ചറിയുകയാണ്. ആ തിരിച്ചറിവ് അറിവിനുവേണ്ടിയുള്ള തീർത്ഥാടനത്തെയും തൃഷ്ണയുടെ നിമ്‌നോന്നതങ്ങൾ നിറഞ്ഞ താഴ്‌വരകളെയും പരിചയപ്പെടുത്തുന്നു. സ്‌നേഹവും പാപവും ലയിച്ചില്ലാതാകുന്ന സംവത്സരങ്ങൾ ഖസാക്കിന്റെ നാഴികകളാകുന്നു. അവിടെ, ശാന്തമായ അവശിഷ്ടങ്ങളിൽ ഷെയ്ക്കിന്റെ പുരാവൃത്തങ്ങൾ ലയിക്കുന്നു. ഷെയ്ഖിനെയും ശ്രാദ്ധത്തെയും സ്മരിച്ചുകൊണ്ട് ഖസാക്കുകാർ നടത്തുന്ന ആചാരാനുഷ്ഠാനങ്ങളിൽ പിന്നെയും അറിവിന്റെ ദലങ്ങൾ വിടർന്നു കിടപ്പുണ്ട്. 

ഖസാക്കിലെ പാറക്കെട്ടുകളിൽ സമാധിയിരിക്കുന്ന ഷെയ്ഖ്  മർത്യന് ശാന്തിയും സാന്ത്വനവും നൽകി സംരക്ഷിക്കുന്നു. മൃണ്മയമായ ആശ്വാസങ്ങളിൽ, ഗതകാലത്തിന്റ ഉള്ളറകളിൽ കാറ്റുകൊള്ളാനുള്ള ആന്തരാഭിലാഷങ്ങളിൽ സാന്ദ്രമായതാണ് ഈ തൃഷ്ണ. അറിവിന്റെ രാത്രികളിലൂടെ കടന്നുപോകുമ്പോൾ വസ്തുതകൾക്കും ജൈവസംയുക്തങ്ങൾക്കും എന്തു സംഭവിക്കുന്നുവെന്ന് നാം മനസ്സിലാക്കുന്നു. അവയെ ആത്മയാത്രകളിലേക്ക് വിളിച്ചുവരുത്തുകയും പ്രപഞ്ചധാരകളിലെ വിരുന്ന് എന്ന ജീവിതമുഹൂർത്തം അണിയിക്കുകയുമാണ്. പിതൃക്കളെയൂട്ടാനും മൺമറഞ്ഞവരുടെ ഓർമ്മകളിൽ വിലയം കൊള്ളാനും ജനിക്കുന്ന കൗതുകങ്ങളുടെ വേരുകൾ, ആയുസ്സിന്റെ ജീവജലം ഷെയ്ഖിന്റെ ചിരിയും സാന്ത്വനവും സ്‌നേഹവും കൈപ്പറ്റുമ്പോൾ ദുഃഖങ്ങളിൽ നിന്നുള്ള മാർഗ്ഗം തുറക്കപ്പെടുമെന്ന് കരുതുന്നു. അതിന്റെ ശാന്തതയിൽ കാതുചേർത്തുവച്ച് കിടക്കുന്നു. 

അപ്പുക്കിളിയുടെ അജ്ഞാതവാസത്തിലും നൈസാമലിയുടെ പ്രവാസത്തിലും അറിവിന്റെ മോചനം അന്തർഭവിച്ചിട്ടുണ്ട്. രവി രതിയിലൂടെയും ആലോചനകളിലൂടെയും ദുർബലമായ പ്രവർത്തനങ്ങളിലൂടെയും നേടുന്ന അറിവും അപ്പുക്കിളിയുടെയും നൈസാമലിയുടെയും പ്രവാസത്തിലൂടെ തെളിയുന്ന ജ്ഞേയതയും ഏതോ ഭ്രമണത്തിന്റെ ഉപരിതലത്തിലാണ്. അപ്പുക്കിളി ചെതലിയുടെ താഴ്‌വരയിൽ ഷെയ്ഖിന്റെ അസ്പൃശ്യമായ കരുണയ്ക്ക് ഇരയായി. അത് അവന്റെ അബോധമായ ചോദനകളെ സ്‌നാനപ്പെടുത്തി. അതിന്റെ സുഖലോലുപതയിൽ ജന്മങ്ങളുടെ തണുപ്പറിഞ്ഞു. ഏകാന്തതയുടെ മുക്തി ബോധ്യപ്പെട്ടു. നൈസാമലിയുടെ ദേവകാല്പാദങ്ങളിലും ദിവ്യശിരസ്സിലും അലച്#ിലിലും സരളമായ അറിവുകൾ പരാഗം പൊഴിക്കുന്നു. 

ദുഃഖസ്മരണകളുടെയും പ്രതിരോധിക്കാത്ത ഗതകാലത്തിന്റെയും അടിയൊഴുക്കുകളിൽനിന്ന് നിഷ്‌ക്രമിച്ച് അയാൾ ഉപരിതലത്തിലൂടെ വേഷപ്രച്ഛന്നനായി നടന്ന് മറയുകയാണ്. രതിയും പ്രാർത്ഥനയും അയാൾക്ക് പരസ്പരം ആശ്വസിപ്പിക്കുന്ന ദിവ്യവിധികളാണ്. ഇവിടെയും പദാർത്ഥവും മനസ്സും യോജിച്ചു ഒന്നാകുന്നു. അതിന്റെ ലാളിത്യത്തിൽ അറിവിന്റെയുള്ളിലെ ദേവൻ പ്രത്യക്ഷപ്പെടുന്നു. അതെ, ഷെയ്ഖിനെ തേടി വസ്തുക്കളിലും മനുഷ്യരിലും പ്രകൃതിയിലും ഒരുപോലെ അലയുകയായിരുന്നു ഖസാക്കുകാർ. അറിവിന്റെ കനി ഷെയ്ഖിന്റെ വസതിയിലുണ്ടായിരുന്നു. 

  ഖസാക്കിന്റെ തൃഷ്ണകൾ

അയാൾ ദൈവത്തിന്റെയും മനുഷ്യരുടെയും ചരിത്രാവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന പേടകമായിരുന്നു. ദുഃഖത്തിന്റെ മഥനമില്ലാത്ത ആ സുഖത്തിനുവേണ്ടിയാണ് ഖസാക്ക് ഉണർന്നത്. മനുഷ്യരുടെയും പദാർത്ഥങ്ങളുടെയും സഞ്ചാരത്തിലൂടെ സ്ഥാവരങ്ങൾക്കും പ്രയാണമുണ്ടായതായി രവി അറിയുന്നുണ്ട്. സ്ഥാവരങ്ങളുടെ പ്രയാണത്തിലും ആത്മാവിന്റെ അറിവുകൾ മറഞ്ഞുകിടന്നു. രവിയുടെ യാത്ര, അപ്പുക്കിളിയുടെ യാത്ര, നൈസ്സാമലിയുടെ യാത്ര, മൊല്ലാക്കയുടെ അന്ത്യയാത്ര, എല്ലാം അറിവിന്റെ ദേവനിലേക്കുള്ള ഖസാക്കിന്റെ യാത്രകളാണ്. ഉൾപ്രേരണകളുടെ അനന്തമായ കൃപയിലും നിസ്സീമമായ സഞ്ചാരത്തിലുമാണ്  ഖസാക്കിന്റെ തൃഷ്ണകൾ വിശ്രമംകൊള്ളുന്നത്.

ഇനി അറിവിന്റെ അദൃശ്യങ്ങളായ അന്തഃസ്ഫുരണങ്ങളെക്കുറിച്ചോർക്കാം. തോട്ടുവക്കിൽ ആബിദ തനിച്ചായി. കൃഷ്ണകാന്തികൾ മൂടിയ കരയിൽ അവൾ എന്തോ ഓർത്തുകൊണ്ടിരുന്നു. ഇവിടെ, തോടുവെള്ളത്തിലൂടെ ഒഴുകിപ്പോകുന്ന ഓതോ നിറുങ്ങുകളെക്കുറിച്ച് വിജയൻ ഓർമ്മിക്കുന്നുണ്ട്. അറിവിന്റെ പ്രത്യക്ഷസഞ്ചാരമായിത്തീരുന്ന മനുഷ്യർക്കൊപ്പം, അവ്യക്തമായ ഏതോ ചിലതിനു ചുറ്റും നിന്ന് തിരിയുന്ന ഖസാക്കിന്റെ ഹൃദയാവസ്ഥയെയും ദുഃഖാവസരത്തെയും വസ്തുവൽക്കരിക്കാനുള്ള വെമ്പലിലാണ് വിജയൻ ബിംബങ്ങളിലെത്തിച്ചേരുന്നത്. എന്നാൽ ബിംബങ്ങൾ സ്വാശ്രയത്വത്തിന്റെ പിൻബലമുള്ളവയല്ല. അവയുടെ നൊടിനേരത്തോ ആവിർഭാവത്തിലൂടെ ഖസാക്കിന്റെ മുഖം ഉയർന്നുവരുകയാണ്. ആബിദയുടെ ദുഃഖത്തെയും നിരാശ്രയധാരണകളെയും സാന്ത്വനിപ്പിക്കുന്ന ബാഹ്യസാന്നിദ്ധ്യം വെള്ളത്തിലെ ചലനത്തിലൂടെ പ്രകടമാവുന്നു. ഓരോ സന്ദിഗ്ദ്ധതകളെയും പിന്തുടരുന്ന ആജ്ഞേയമായ ആശീർവാദങ്ങളും ഖസാക്കിലുടനീളമുണ്ട്. അഭയധാരണകൾ ഖസാക്കിന്റെ ലൗകികശരീരത്തെ കൂടുതൽ കൂടുതൽ യാതനകളിലേക്ക് തള്ളിയിടുന്നു.

 നന്മതിന്മകൾക്കപ്പുറത്ത്, വേദനയുടെ അനൈഹികമായ ഉടൽ പ്രത്യക്ഷപ്പെടുന്നു. സത്യബോധങ്ങൾക്കു വെളിയിൽ വിശ്വാസങ്ങളുടെ തണൽ പരന്നുകിടക്കുന്ന കർമ്മവുമുണ്ട്. മനുഷ്യനും പ്രകൃതിയും ചേർന്നാലും, അതിനപ്പുറത്ത് നിത്യതയുടെ വിശ്രാന്തിയിലേക്കുള്ള തൃഷ്ണ ഖസാക്കിൽ അവശേഷിക്കുന്നത് ഇതുകൊണ്ടാണ്. ശ്രാവണസന്ദർഭങ്ങളുടെ ഇടവഴികളിലൂടെ ചോദനകളെയത്രയും വഹിച്ചുകൊണ്ട് യാത്ര തുടരാം. അറിവിന്റെ ഏതു മുനയിലാണ് ലോകം  തിരോഭവിക്കുന്നത്? ശരീരത്തിലെ രക്തം മുഴുവൻ വിരൽത്തുമ്പുകളിലും ചുമലിലുമായി ഒഴുകിക്കൂടുന്നുതുപോലെ വിരലുകൾ അടർന്നുലഞ്ഞ് താഴെ വീഴുന്നതുപോല. അറിവിന്റെ ഭർത്സനം കാമമാണോ? രതിയുടെ നിമിഷങ്ങളിൽ മനുഷ്യന്റെ ഏതു ജിജ്ഞാസയാണ് കത്തിപ്പിടിക്കാത്തത്? അറിവിന്റെ ഇലത്തണുപ്പ് തിരക്കി യാത്ര തിരിച്ചപ്പോൾ, ആ ചിന്തകളിൽ ആശ്വാസങ്ങളുടെ അവസാനത്തെ തിര ഒരു പ്രതീക്ഷയായി കടന്നുകൂടിയിരുന്നു. ഒരു ബിന്ദുവിലേക്ക് ജന്മങ്ങളുടെ തുടർച്ചകൾ ഒതുങ്ങിക്കൂടാത്തതിനെക്കുറിച്ച് ഈ എഴുത്തുകാരൻ ചിന്തിച്ചു. അതിലൂടെ കാലത്തിന്റെ കാലവർഷവും ഹിമപടലവും ഒഴുകിവന്നു. അറിവിന്റെ വ്യഥിതവും ആശ്വാസരഹിതവുമായ ദൃശ്യാത്മകതയാണ് ചുക്രുരാവുത്തരുടെ ക്ഷീണനിശ്വാസത്തിലും കാണുന്നത്. ഉമ്മയില്ലാതെ നിലവിളിച്ച മകളെ ഉറക്കാൻ താൻ പാടിയപാട്ട് അയാൾ ഓർക്കാൻ ശ്രമിച്ചു. ആശകളുടെ മുന്തിരിക്കാടുകളിൽനിന്ന് അവളെന്നാണ് ഒരു പഴക്കുലയെത്തിക്കുക?  സ്വപ്‌നങ്ങളും സാന്ധ്യപ്രഭകളും കടന്ന് അയാൾ ഖസാക്കിന്റെ അന്തർധാരകളിലൂടെ നീങ്ങുകയാണ്. 

 അറിവിന്റെ വേദനയുംസമാധിയും

അവിടെയെങ്ങും മകളെ ആശ്വസിപ്പിക്കാൻ വാക്കുകളും പദാർത്ഥങ്ങളുമില്ല. പൊരുളുകളുടെ നിഗൂഢമായ പ്രസാദങ്ങളിലേക്ക് അയാൾ വർധിച്ച താത്പര്യത്തോടെ ചേക്കേറാനാഞ്ഞു. ചില്ലുവാതിലുകളുടെ കിന്നരശബ്ദത്തിൽ ആ മനുഷ്യന് എന്താണ് നഷ്ടപ്പെട്ടത്? ഒടുവിൽ പ്രത്യാശയുടെ കിണറ്റിൽനിന്ന് അറിവിന്റെ വേദനയും സമാധിയും കലർന്ന പുരാതന ജന്മസ്മൃതികൾ കണ്ടുകിട്ടുന്നു. പനകയറ്റക്കാർ പറയുന്ന കഥയിലും ചന്തുമ്മയുടെ കഥയിലും അറിവിനെ അനുഗമിക്കുന്ന കിനാവുകൾ കാണാം. അറിവിലൂടെ മുക്തിയിലേക്കെത്തുന്ന സാത്വികതയുടെ കൃഷ്ണപഞ്ചമികൾ ഖസാക്കിന്റെ തിന്മയിൽപ്പോലുമുണ്ട്. 

ഖസാക്കിന്റെ വസ്തുബോധത്തെ അറിയാൻ ശ്രമിക്കുന്ന ഓരോ വേളയിലും ബാഹ്യലോകത്തിന്റെ നീതിബോധം ഉലഞ്ഞുചിതറുന്നു. ഖസാക്കിന്റെ ധാരണകൾ അറിവിനുള്ളിൽനിന്ന് ദേവന്മാരെ ചമയിച്ചൊരുക്കുന്ന ശംഖനാദങ്ങൾ നിറഞ്ഞതാണ്. അതിൽ ആനന്ദത്തിന്റെയോ, വിഷാദത്തിന്റെയോ സംസാരരൂപങ്ങളല്ല പ്രസാദത്തെ നിർണ്ണയിക്കുന്നത്; രവി കുട്ടികൾക്ക് ഓന്തുകളുടെ കഥ പറഞ്ഞുകൊടുക്കുമ്പോൾ, കുപ്പുവച്ചൻ ഓന്തിനെ പിടിക്കാൻ വ്യഗ്രനാവുമ്പോൾ, രവി കേശിയെ വിമൂകതയുടെ ഇരുട്ടിൽ അനുഭവിക്കുമ്പോൾ, ചെതലിമലയിൽ രവിയും കുട്ടികളും സവാരിചെയ്യുമ്പോൾ, കുട്ടാടൻ പൂശാരിയുടെ ദൈവപ്പുരയിൽ ഖസാക്കുകാർ അസ്വസ്ഥരാവുമ്പോൾ, അപ്പുക്കിളി തുമ്പികളെ തേടി തോട്ടുവക്കിൽ നില്ക്കുമ്പോൾ, രവി മൈമുനയുടെ അരക്കെട്ടിലെ രക്ഷായന്ത്രം അഴിച്ചെടുക്കുമ്പോൾ, ചിറ്റമ്മയെ അറിയുമ്പോൾ... ഖസാക്കിന്റെ ഭ്രമവും ശാന്തതയും കലർന്ന അറിവാണ് ഉദിച്ചുയരുന്നത്.അറിഞ്ഞുവെന്നും ഓർമ്മകൾ നുണഞ്ഞുവെന്നും അറിവിന്റെ കണ്ണുകൾ മൂടുന്നുവെന്നും വിജയൻ എഴുതുന്നുണ്ട്*. ഭ്രമാവസ്ഥകളുടെ ഐഹികതയും പ്രാണയാനങ്ങളുടെ പരിണാമവും വിശ്വാസങ്ങളുടെ രോദനം നിറഞ്ഞ അനുഷ്ഠാനങ്ങളും ചേർന്നുള്ള ഖസാക്കിന്റെ ലൗകികത മീനവെയിൽപോലെ പരന്നൊഴുകുന്നതു കാണുന്നു.

**മനസ്സിന്റെയും ഖരവസ്തുവിന്റെയും അധോതലങ്ങളെ വിപുലമായ ഒരു സമയചുറ്റളവിൽവെച്ച് ഏകോപിപ്പിക്കുന്ന കലാതന്ത്രമാണ് വിജയന്റേത്. വിജയൻ മനുഷ്യനെ സ്‌നേഹിക്കുന്നുവെന്ന് പറയുമ്പോൾ നാം അർത്ഥമാക്കേണ്ടത്, തന്റെ വിശ്വസ്‌നേഹത്തിലെ ഒരു ഇന്ധനം ലഭിച്ചിരിക്കുന്നു എന്താണ്. ഏകാന്തതയിൽ മനുഷ്യനും വസ്തുവും ലോകവും ആർദ്രതയുടെ തിരുവെഴുത്തായി മാറുന്നു. കരുണ കണ്ണെഴുതുന്ന ആനന്ദവേളകൾ സന്താപത്തിന്റെ അടിത്തട്ടിൽ നിന്ന് മെല്ലെ ഉയർന്നുവരുകയാണ്. ഒടുവിൽ മനുഷ്യന്റെ വളരെ പരിമിതമായ, ഏറെ പ്രകടിപ്പിക്കപ്പെട്ട ലോകം തിരോഭവിക്കുന്നു. എന്നിട്ട് സമഗ്രതയുടെ അനുഭവത്തിൽനിന്ന് നിരാലംബതയും ആശ്രയവും ചേർന്നുണ്ടാകുന്ന പ്രാപഞ്ചികദൃശ്യാത്മകത തെളിയുന്നു. ഖസാക്കിന്റെ വ്യക്തമായി വരുന്ന യാഥാർത്ഥ്യമാണിത്.

HOME

No comments:

Post a Comment