'ദ്
ഷോക്ക് ഓഫ് ദ് ന്യൂ' (1991) എന്ന കൃതിയിൽ കഴിഞ്ഞ നൂറ്റാണ്ടിലെ
അത്യുഗ്രമായ കലാചിന്തകളെക്കുറിച്ചും കലാകാരന്മാരെക്കുറിച്ചും ചിലർ
ഒറ്റയ്ക്ക് നടപ്പിലാക്കിയ വിപ്ളവങ്ങളെക്കുറിച്ചുമാണ് ഓസ്ട്രേലിയൻ വിമർശകനായ
റോബർട്ട് ഹ്യൂഗ്സ് അപഗ്രഥിക്കുന്നത്.
വളരെ
നവീനമായ കലാശില്പമുണ്ടാക്കുന്നതിൻ്റെ പിന്നിൽ സവിശേഷമായ മാനസികലോകമുണ്ട്.
പ്രകൃതിയിൽ എവിടെയോ ഒളിഞ്ഞിരിക്കുന്ന ഒരു രൂപത്തെ ഭാവന ചെയ്യുന്നത്
കലാകാരൻ്റെ സാഹസികമായ പര്യവേക്ഷണമാണ് .ആരും തന്നെ സൃഷ്ടിച്ചിട്ടില്ലാത്ത
,തനിക്കു പോലും വ്യക്തതയില്ലാത്ത ഒന്നിനെ അന്വേഷിക്കുകയാണ് അയാൾ
ചെയ്യുന്നത്. സ്വയം ധ്വംസിക്കുകയാണ് അയാൾ.
ഡച്ച്
ചിത്രകാരനായ റെമ്പ്രാന്തിനെപ്പോലെയോ സ്പാനിഷ് ചിത്രകാരനായ ഫ്രാൻസിസ്കോ
ഗോയയെപ്പോലെയോ വരയ്ക്കാൻ ഇന്ന് ജീവിച്ചിരിക്കുന്ന ആർക്കും കഴിയില്ലെന്ന്
റോബർട്ട് ഹ്യൂഗ്സ് അഭിപ്രായപ്പെടുന്നുണ്ട്. എന്തുകൊണ്ടാണ് ? ഹ്യൂഗ്സ് അത്
വിശദീകരിക്കുന്നത് ഇങ്ങനെയാണ്: 'ഭാവി പ്രവചിക്കാൻ ശേഷിയുള്ളതുകൊണ്ടല്ല ഒരു
കലാസൃഷ്ടിയ്ക്ക് മൂല്യമുണ്ടാകുന്നത്. ഫ്രഞ്ച് ചിത്രകാരൻ പോൾ സെസാനെ നമ്മൾ
ബഹുമാനിക്കുന്നത് ക്യൂബിസ്റ്റുകൾ അദ്ദേഹത്തെ കണ്ടു വരയ്ക്കാൻ
തുടങ്ങിയതുകൊണ്ടല്ല .ഒരു കലാസൃഷ്ടിയിൽ തന്നെയുള്ള അഗാധതകളാണ് മൂല്യങ്ങൾ
സൃഷ്ടിക്കുന്നത്. അതിൻ്റെ സജീവത, അന്തർലീനമായ മൂല്യങ്ങൾ ഐന്ദ്രിയമായ തലങ്ങൾ
,ധിഷണ ,ഭാവന തുടങ്ങിയവയെല്ലാം ചേർന്നാണ് കല അതിൻ്റെ ഉറച്ച പാരമ്പര്യം
നിർമ്മിക്കുന്നത് .കലയിൽ പുരോഗതിയല്ല ഉള്ളത്; തീവ്രാനുഭവങ്ങളുടെ
ഏറ്റക്കുറച്ചിലുകളേയുള്ള. ബൊളോഗ്ന (ഇറ്റലി)യിൽ പതിനേഴാം നൂറ്റാണ്ടിൽ
ജീവിച്ചിരുന്ന ഏറ്റവും വലിയ ഡോക്ടർക്ക് പോലും മനുഷ്യ ശരീരത്തെക്കുറിച്ച്
ഇന്നത്തെ മെഡിക്കൽ മൂന്നാംവർഷ വിദ്യാർത്ഥിയുടെ അറിവ് ഉണ്ടായിരിക്കില്ല'.
കലയുടെ ഉപയോക്താക്കൾ
റെമ്പ്രാന്തിൻ്റെയോ
ഗോയയുടെയോ സൃഷ്ടിയ്ക്കുള്ളിലെ അന്തർലീനമായ മൂല്യങ്ങൾ ആർക്കും തന്നെ
മറികടക്കാനാവില്ലെന്നതാണ് യാഥാർത്ഥ്യം. അതിൽനിന്ന് വേറൊരു വഴിയിലേക്ക്
തിരിഞ്ഞു പരീക്ഷണം നടത്താം. പുതിയ ശൈലികൾ സൃഷ്ടിക്കാം. ആശയപരമായ പലതലങ്ങളിൽ
സഞ്ചരിക്കാം. സംസ്കാരത്തോടുള്ള സമീപനംകൊണ്ട് നമുക്ക് കലയെ മാറ്റാനാവും.
സമകാലിക ഫ്രഞ്ച് കലാചിന്തകനും ക്യൂറേറ്റുമായ നിക്കോളാസ് ബോറിയ കലാകാരൻ
വിവിധ സംസ്കാരങ്ങളിലെ ,കാലഘട്ടങ്ങളിലെ ജീവിതരീതിയെ, ജീവിതോപാധികളെ,
ചിഹ്നങ്ങളെ ഉപയോഗിക്കുന്നത് ഉപകരണങ്ങൾ എന്ന നിലയ്ക്കാണെന്ന്
വാദിക്കുന്നുണ്ട് .കലാകാരൻ ഒന്നിൻ്റെയും വക്താവല്ലാത്തതുകൊണ്ട് അയാൾക്ക്
പരസ്പരവിരുദ്ധമായതിനെയും കൂട്ടിയിണക്കം.
കലയിൽ
ആശയപരമായ ഒച്ചവയ്ക്കലിനു രണ്ടാംസ്ഥാനമേയുള്ളു. ദാരിദ്ര്യം
,പൗരസ്വാതന്ത്ര്യം ,സമഭാവന തുടങ്ങിയ മൂല്യങ്ങൾ ഉല്പാദിപ്പിച്ചെടുക്കാൻ
വേണ്ടി നാടകങ്ങളും കവിതകളുമെഴുതുന്നവരുണ്ട് .
എന്നാൽ അതെല്ലാം രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്.
ആശയങ്ങളും
അഭിപ്രായവും രൂപീകരിക്കുന്നതിനെയാണ് അത് പ്രധാനമായി കാണുന്നത്. കലയ്ക്ക്
അത്യാവശ്യമായിട്ടുള്ള വികാരങ്ങളുടെ ശുദ്ധാവസ്ഥ അതിലുണ്ടാകണമെന്നില്ല .
വൈകാരികത
ജനിപ്പിക്കേണ്ടത് മനുഷ്യമനസ്സിനെ നിഷ്ക്രിയതയിൽ നിന്ന് ,അന്ധതയിൽനിന്ന്
മോചിപ്പിച്ചുകൊണ്ടായിരിക്കണം. നിഗൂഢതകള അന്വേഷിക്കണം .അപ്രിയമായ
സത്യങ്ങളുടെ പിന്നാലെ പോകണം. ഒറ്റയ്ക്ക് പര്യവേക്ഷണം നടത്തണം. അതുകൊണ്ടാണ്
ഹ്യൂഗ് പറഞ്ഞത് ,ഒരു കമ്മിറ്റിക്കോ ,ഗ്രൂപ്പിനോ , പ്രസ്ഥാനങ്ങൾക്കോ കലയിൽ
ഗുണപരമായ ഒന്നും തന്നെ ചെയ്യാനാവില്ലെന്ന് .വാസ്തവത്തിൽ ഏതു
കാലഘട്ടത്തിലും, പലരീതിയിൽ, കലോല്പന്നങ്ങളാണ് മനുഷ്യൻ ഏറ്റവും കൂടുതൽ
ഉപഭോഗം ചെയ്യുന്നത്. സംഗീതവീഡിയോകൾ, സിനിമാസംഭാഷണങ്ങൾ ,പുസ്തകങ്ങൾ ,
ഗാനങ്ങൾ , കവിതകൾ ,കഥകൾ, ചിത്രങ്ങൾ ,പരസ്യവാചകങ്ങൾ, വാണിജ്യപരമായ
ആവശ്യത്തിനുള്ള ഉൽപ്പന്നങ്ങൾ ,ഡിജിറ്റൽ പ്രിൻ്റുകൾ ആലേഖനം ചെയ്ത പാത്രങ്ങൾ
,സ്ക്രീൻ ടെംപ്ലേറ്റുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഫോട്ടോകൾ ,റിങ്ടോണുകൾ
തുടങ്ങിയവ ഇല്ലാതെ നമുക്ക് ജീവിക്കാനാവില്ല .ഇതിലെല്ലാം കലയുടെ അംശമുണ്ട്.
കലയെ പല രീതിയിൽ വെട്ടിയെടുത്ത് ഒട്ടിച്ചും രൂപപരിവർത്തനം വരുത്തിയും
കൃത്രിമമായി കൂട്ടിച്ചേർത്തുമാണ് ഇതെല്ലാം ഉണ്ടാക്കിയിരിക്കുന്നത്.
എന്നാൽ വൈകാരികമായി ഏറ്റക്കുറച്ചിലുകൾ പ്രകടമാണ്;
തീവ്രത
വ്യത്യസ്തമാണ് .ഡാവിഞ്ചിയുടെ 'മോണാലിസ ' സൃഷ്ടിക്കുന്ന നിരുപമവും
നിഷ്കളങ്കവും സൂക്ഷ്മവും ശുദ്ധവും ,മാനുഷികവും ഹൃദ്യവും അലൗകികവുമായ
അനുഭൂതി പകരാൻ ഒരു മൊബൈൽ സ്ക്രീൻ ടെംപ്ളേറ്റിനോ ,ഡിജിറ്റൽ പ്രിൻ്റുള്ള
കോഫി കപ്പിനോ കഴിയില്ല.
മാനവരാശിയുടെ സൗന്ദര്യബോധം
അതുകൊണ്ടാണ് മക്ലൂഹൻ പറഞ്ഞത്, ഇന്നത്തെ ശാസ്ത്രീയമായ അഭിദർശനങ്ങളുടെയെല്ലാം ശില്പി കലാകാരനാണെന്ന്.
അവൻ
കണ്ടതാണ് ലോകം കാണുന്നത്. അവൻ എങ്ങനെ നോക്കുന്നുവോ അതാണ് ചരിത്രത്തിലെ
നോട്ടം. വാൻഗോഗ് ആകാശത്തെ നോക്കിയത്, സെസാൻ ആപ്പിൾ പഴങ്ങളെ കണ്ടത് ,മൊനെ
പ്രകൃതിയെ നിരീക്ഷിച്ചത് ലോകത്തിൻ്റെ നോട്ടമായി പരിണമിക്കുകയാണ്.
മാനവരാശിക്കു
വേണ്ടിയാണ് മോനെ നോക്കിയത് .വാൻഗോഗ് ഗോതമ്പ് പാടത്തെ വീക്ഷിച്ചത്
മാനവരാശിയുടെ മുഴുവൻ ചരിത്രത്തിലെയും നോട്ടമായി രൂപാന്തരപ്പെടുന്നു. അത്
മാനവവർഗത്തിൻ്റെ സൗന്ദര്യാനുഭവമാണ് .
അതേസമയം
,ഇന്നത്തെ കലാപ്രവർത്തനത്തിന് 1890 കളിലെയോ 1960 കളിലെയോ തീവ്രതയില്ല
എന്നത് വാസ്തവമാണ്. റോബർട്ട് ഹ്യൂഗ്സ് പറയുന്നു ,1980കൾക്ക് ശേഷം ആഗോള കല
ആന്തരികമായി ഒരു പ്രതിസന്ധിയെ നേരിടുകയാണ് ചെയ്തത്. എന്താണ് പുതിയതായി
അന്വേഷിക്കാനുള്ളത് എന്ന ചിന്ത നഷ്ടപ്പെട്ടിരിക്കുന്നു. ലോകത്തെ
ബുദ്ധിപരമായി പ്രകോപിപ്പിക്കാൻ ഒന്നും തന്നെയില്ല; പകരം കേവല പരീക്ഷണങ്ങൾ
മാത്രമാണ് കാണുന്നത്. അതാകട്ടെ വിരസവും കാലികവും അന്തസ്സാരശൂന്യവുമാണ്
.എന്തിനാണ് സമൂഹത്തെ ആകമാനം നന്നാക്കാനും ഉദ്ധരിക്കാനുമുള്ള വീക്ഷണം കലയിൽ
കൊണ്ടുവരുന്നത്? ഒരു സാമൂഹ്യവീക്ഷണത്തിൻ്റെ ആനുകൂല്യത്തിൽ രക്ഷപ്പെടാൻ
സഹായിക്കുന്ന തരത്തിലുള്ള ഇൻസ്റ്റലേഷനുകൾ ഉണ്ടാകുകയാണ്.
ദാർശനികമായ,
സൗന്ദര്യശാസ്ത്രപരമായ ഒരു തകർച്ചയാണ് ആധുനികലോകം ഇപ്പോൾ നേരിടുന്നത് .ആ
തകർച്ചയെ ആഘോഷിക്കുകയോ അനുഭവിക്കുകയോ ചെയ്യാൻ ഇപ്പോൾ അതിനൂതനമായ ഉപകരണങ്ങൾ
ഉണ്ടെങ്കിലും ഓർമ്മകൾ ,സ്നേഹബന്ധങ്ങൾ നിലനിർത്താനോ വിപുലീകരിക്കാനോ
കഴിയുന്നില്ല: പകരം നശിപ്പിക്കാനാണ് ഉപകരിക്കുന്നത് .വേഗത്തിൽ ആളുകളെ
അകറ്റാനും സംവാദങ്ങൾ അവസാനിപ്പിക്കാനുമാണ് ഫോണുകൾ ഉപയോഗപ്പെടുന്നതെങ്കിൽ
അത് തകർച്ചയല്ലേ ?
ഒരു വ്യക്തിയെ ബാധിക്കുന്ന
എല്ലാ പ്രശ്നങ്ങൾക്കും ഒരു ഫോൺ കൂടെയുണ്ടെന്നിരിക്കെ ,അത് ഒരു
രോഗകാരണവുമാകാം. അതിവേഗം സഹസ്രങ്ങളായി പെരുകുന്ന സന്ദേശങ്ങൾക്കിടയിൽ
നമുക്ക് വളരെ പ്രിയപ്പെട്ടത് ഇല്ലാതാവുന്നു; എല്ലാം പരിചിത
,സ്നേഹവലയത്തിലാണുള്ളതെങ്കിലും അതിൽ നിന്ന് അന്തിമമായി ഊറിവരുന്നത്
അകൽച്ചയായിരിക്കുമോ ? ഈ പ്രശ്നത്തെ ദസ്തയെവ്സ്കി നേരത്തെ കണ്ടു
.അതുകൊണ്ടാണ് തിന്മയെ കരുതിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞത് .ഒരു തെറ്റും
ചെയ്യാത്ത കുട്ടികൾ പീഢയനുഭവിക്കുന്നത് എന്തുകൊണ്ടാണ്? ദൈവം ഇത്
കാണുന്നില്ലേ എന്നു ചോദിക്കുന്നവരുണ്ടാകും .അവർ തിന്മയെ ആകർഷിക്കുകയാണ്.
'കരമസോവ് സഹോദരന്മാർ' എന്ന നോവലിൻ്റെ ഒടുവിൽ ഇലൂഷയുടെ ശവസംസ്കാരം നടത്തുന്ന
സന്ദർഭത്തിൽ അല്യോഷ നടത്തുന്ന പ്രസംഗം മനുഷ്യരാശിക്ക് ഇനിയെങ്കിലും
രക്ഷപ്പെടാനുള്ള ഉപദേശവും സുവിശേഷവുമാണ്. ഇവിടെ ജീവിച്ചതിൻ്റെ മഹത്വം
മനസ്സിലാക്കണമെന്നാണ് ആ പ്രസംഗത്തിൻ്റെ സാരം. 'സ്നേഹമുള്ളവരും
സത്യമുള്ളവരുമാകുക. പരസ്പരം മറക്കാതിരിക്കുക'എന്നാണ് അവൻ പറയുന്നത് .
പങ്കിലവും വികലവുമായ മാനസിക ഭാവങ്ങളെ വിട്ട് അസ്തിത്വത്തിനു മേൽ ഒരു പടി ഉയരുമ്പോഴാണ് 'മോണാലിസ 'വയ്ക്കാനാകുന്നത്.
എന്നാൽ
ഈ കാലഘട്ടം ഒരു കലാകാരനെയും ആ അവസ്ഥയിലെത്താൻ സമ്മതിക്കില്ല. അവൻ്റെ
മനസ്സ് വിഹ്വലവും വികേന്ദ്രീകൃതമാവുന്നു; അല്ലെങ്കിൽ അവൻ അനുരഞ്ജനപ്പെട്ട്
ശരാശരി ചിന്തകളുടെ പ്രയോക്താവാകുന്നു. നാം അതിവേഗം എത്രമാത്രം
ഒത്തുതീർപ്പുകൾ നിറഞ്ഞ ശബ്ദമായി മാറുന്നുവെന്നാണ് ഓർക്കേണ്ടത്.
ചരിത്രത്തെക്കുറിച്ച് ?
അമെരിക്കൻ
എഴുത്തുകാരൻ സോൾ ബെല്ലോ ചോദിക്കുന്നു , ചരിത്രത്തെക്കുറിച്ച്
ഒരെഴുത്തുകാരൻ ആധികാരികമായി പറയേണ്ടതുണ്ടോ എന്ന് .ചരിത്രവ്യാഖ്യാനം
നടത്തേണ്ടയാളാണോ എഴുത്തുകാരൻ? ചരിത്രത്തെ യഥാവിധം അവതരിപ്പിക്കുന്നതാണോ
സാഹിത്യം? സാഹിത്യം അതിശയകരമായ യഥാർത്ഥ്യമാണ്. അത് റോഡിൽ കണ്ട ഒരു
ദൃശ്യത്തിൻ്റെ ഫോട്ടോഗ്രാഫല്ല ; റിപ്പോർട്ടല്ല .ചില എഴുത്തുകാർ
ചരിത്രത്തെക്കുറിച്ച് അവസാനത്തെ വാക്ക് എന്നപോലെ പറയുന്നതിനെ സോൾ ബെല്ലോ
പരിഹസിക്കുന്നുണ്ട് .
നോവലിസ്റ്റ് തൻ്റെ
നിലയിലുള്ള, ജീവിക്കുന്നതിൻ്റെ വിവിധ രംഗങ്ങളിലുള്ള ആന്തരികസത്യം പറഞ്ഞാൽ
മതി. ചരിത്രത്തെ ആകെ വിധിക്കേണ്ട. ഒരാളുടെ മാനസികമായ സഞ്ചാരം അതിൻ്റെ വഴി
സ്വയം കണ്ടെത്തുകയാണ് ചെയ്യേണ്ടത് .ഭാവന ചെയ്യാനുള്ള പഠനം ആവശ്യമാണ്.
എങ്ങനെ ഒരാൾ ഭാവന ചെയ്യണം? മറ്റുള്ളവർ നിലാവിനെ ഭാവന ചെയ്തു, അതുകൊണ്ട്
താനും നിലാവിനെക്കുറിച്ചു എഴുതുന്നു എന്ന് വിചാരിക്കുന്നവരിൽ പ്രതീക്ഷ
പുലർത്താനാവില്ല.
ദൈനംദിന ജീവിതത്തെ അതേപടി പകർത്തുന്നത്
മരണത്തിനു തുല്യമാണ്. അതിൽ ഗതാനുഗതികത്വമല്ലാതെ മറ്റൊന്നുമില്ല. എല്ലാവരും
കണ്ടുമടുത്ത് ഉപേക്ഷിച്ച കാര്യങ്ങൾ ചിലർ വലിയ കണ്ടുപിടുത്തമാണെന്ന മട്ടിൽ
എഴുതുന്നത് നിഷ്പ്രയോജനമാണ്.
മാക്സിം ഗോർക്കി 'അമ്മ'യെക്കുറിച്ച് എഴുതി; എന്നാൽ താനും അമ്മയെക്കുറിച്ചെഴുതുമെന്ന് ശഠിക്കുന്നവരുണ്ട്
വളരെ
പ്രകടമായ ഒരു ജീവിതചര്യയുടെ ചാക്രികതയ്ക്കപ്പുറം നാം ഓരോരുത്തരും
എന്താണെന്ന് വിശകലനം ചെയ്യപ്പെടുന്നില്ല. അത് മറ്റൊരു ജീവിതമാണ്.
എല്ലാവർക്കും പുറമേ നിന്നു നോക്കുമ്പോൾ പരിചിതമായ ജീവിതം ഒരു നേരുപോലുമല്ല
;മറിച്ച് കളവാണത്. പൊതുജീവിതത്തിൽ അലക്കിത്തേച്ച് കൊണ്ടുനടക്കുന്ന
ജീവിതത്തിൻ്റെ പൊള്ളത്തരം ടോൾസ്റ്റോയി തുറന്നുകാട്ടിയത് 'ഇവാൻ
ഇല്ലിച്ചിൻ്റെ മരണം' എന്ന കഥയിലാണ് .വലിയ ഉദ്യോഗസ്ഥനായ ഇവാന് അസുഖം
പിടിപെടുന്നതോടെ അയാൾ അതുവരെ കാണാത്ത ജീവിതം അദൃശ്യതയിൽ നിന്നെന്നപോലെ
തള്ളിക്കയറി വരികയാണ്. അതുവരെ കണ്ടതെല്ലാം വ്യാജമായിരുന്നെന്ന് അയാൾ
ഓർക്കുകയാണ്.
അസംബന്ധവും ഉണർവ്വും
വ്യാജജീവിതത്തിൻ്റെ
വിരസതയോട് മനുഷ്യർക്ക് ചെറുത്തുനിൽക്കാൻ തോന്നുന്നത് സ്വാഭാവികമാണ്.
അതിൻ്റെ പിന്നിലുള്ളത് ഉൾക്കാഴ്ചയാണ്. എഴുത്തുകാരൻ്റെ കണ്ണിലൂടെ
നോക്കേണ്ട വിഷയമാണിത്. സോൾ ബെല്ലോ ഇങ്ങനെ എഴുതി: ' മനുഷ്യവംശത്തിന് അധികം
യഥാർത്ഥ്യത്തെ ഉൾക്കൊള്ളാനാവില്ല; എന്നാൽ അതിന് അധികം അയഥാർത്ഥ്യത്തെയും
ഉൾക്കൊള്ളാനാവില്ല. സത്യത്തിൻ്റെ ദുരുപയോഗവും അസഹനീയമാണ്' .
ജീവിതത്തിലേക്ക്
ജ്ഞാനമാർഗം യാത്ര ചെയ്യുന്ന ഒരാൾ എത്തിച്ചേരാനിടയുള്ള മേഖലയാണ്
അസംബന്ധബോധം . എന്നാൽ അസംബന്ധം എല്ലാറ്റിൻ്റെയും അവസാനമല്ല , ഫ്രഞ്ച്
എഴുത്തുകാരൻ ആൽബേർ കമ്യു പറഞ്ഞു. 'അസംബന്ധത്തിൽ നിന്ന് ഒരു പ്രക്ഷോഭം
ഉയർന്നു വരുന്നുണ്ട് .അത് പ്രതീക്ഷാനിർഭരമാണ്. പ്രക്ഷോഭത്തെക്കുറിച്ചുള്ള
ആശയം അസ്തിത്വത്തിന് പ്രസക്തമായ ഒരർത്ഥം കണ്ടുപിടിക്കുന്നതിൽ നമ്മെ
സഹായിക്കും; ആ അർത്ഥം എപ്പോഴും അപകടകരമാണെങ്കിലും' - കമ്യു എഴുതി. അർത്ഥം
നഷ്ടപ്പെടുന്നവരൊക്കെ ആത്മഹത്യ ചെയ്യുമെന്ന് പറയുന്നതിൽ ന്യായമില്ല .
അർത്ഥരാഹിത്യത്തിൽനിന്ന് മാനവചേതന മുന്നോട്ടു പോകാൻ വെമ്പിക്കൊണ്ടിരിക്കും.
അതവൻ്റെ
വിധിയാണ്. അവിടെയാണ് ഭാവനയും സ്വപ്നവും അതിശയവും കടന്നുവരുന്നത്.
മനുഷ്യന് പ്രക്ഷോഭകാരിയാകേണ്ടതുണ്ട്, അവൻ്റെ ജീവിതത്തിനു നഷ്ടപ്പെട്ട
അർത്ഥം വീണ്ടെടുക്കാനെങ്കിലും. എല്ലാ അർത്ഥങ്ങളും ആപത്കരമായ വിധം
അലങ്കോലപ്പെട്ടാലും അവൻ്റെ യത്നത്തിൽ നിന്ന് പിന്തിരിയാനാവില്ല. ഒരു
നോവലിസ്റ്റിൻ്റെ ലക്ഷ്യവും ഇതിനു സമാനമാണ്.
നുറുങ്ങുകൾ
1)ലെബനീസ്
കവി ഖലിൽ ജിബ്രാൻ കടലിൽ രണ്ട് മത്സ്യങ്ങൾ തമ്മിൽ നടത്തുന്ന ഒരു സംഭാഷണം
കഥയായി വിവരിച്ചിട്ടുണ്ട്. ഈ കടലിനപ്പുറത്ത് വേറെ കടലുണ്ടെന്നും അവിടെയും
മത്സ്യങ്ങൾ നീന്തിക്കളിക്കുന്നുണ്ടെന്നുമാണ് ഒരു മീൻ പറഞ്ഞത് .എന്നാൽ
വേറൊരു മീൻ അത് നിഷേധിക്കുകയാണ്. അങ്ങനെയൊരു കടൽ ഉണ്ടെന്നു വിശ്വസിക്കാൻ
പര്യാപ്തമായ യാതൊരു തെളിവും ഇല്ലത്രേ. ഈ ഈ കടലിൽനിന്ന് പുറത്തു കടന്നാൽ
ശ്വാസം മുട്ടി മരിക്കുമെന്നു ഉറപ്പുള്ള സ്ഥിതിക്ക് മറ്റൊരു
കടലിനെക്കുറിച്ച് പറയുന്നത് ഭോഷ്കാണ് .ഇതാണ് രണ്ടാമത്തെ മീൻ പറഞ്ഞത്.
മനുഷ്യചിന്തയിലെ
പരിമിതിയെ ഇതിലും ഭംഗിയായി എങ്ങനെ ആവിഷ്കരിക്കും ? മരണാനന്തര
ജീവിതത്തെക്കുറിച്ചുള്ള ചിന്തയും ഇതിന് സമാനമാണ്. മരണം എന്ന് പറയുന്നതു
തന്നെ ജീവിതത്തിൻ്റെ അവസാനമാണ് .പിന്നെ എങ്ങനെയാണ് മരണാനന്തര
ജീവിതമുണ്ടാകുന്നത്?
2)സാംസ്കാരിക,
സാഹിത്യരംഗത്തുള്ളവർ ശണ്ഠകൂടുമ്പോൾ ഉപയോഗിക്കുന്ന ഭാഷ ഏറ്റവും
അധ:പതിച്ചതാണെന്ന് അറിയിക്കട്ടെ. അവരുടെ യഥാർത്ഥ സംസ്കാരം
പുറത്തുകൊണ്ടുവരുന്നതിൽ ഇത്തരം ഭാഷ വഹിക്കുന്ന പങ്ക് ചെറുതല്ല .
3)സുഭാഷ്
ഒട്ടുംപുറത്തിൻ്റെ 'പരേത'(പച്ചമലയാളം ,സെപ്റ്റംബർ - ഒക്ടോബർ) എന്ന കഥയിൽ
പുതുമയുണ്ടെങ്കിലും അന്ത്യത്തിൽ നിയന്ത്രണം വിട്ടുപോയി. മരണമടഞ്ഞ ഒരു
സ്ത്രീ വീണ്ടും ജീവിക്കുന്നതാണ് വിവരിക്കുന്നത്. മരിച്ചശേഷവും ഒരു ജീവിതം
സങ്കല്പിക്കുന്ന കഥയാണ് ഫ്രഞ്ച് സാഹിത്യകാരനായ എമിലി സോളയുടെ 'ദ് ഡത്ത് ഓഫ്
ഒലിവിയർ ബികെയ്ലി '. രണ്ടു കഥയ്ക്കും തമ്മിൽ സാമ്യമുണ്ട്. എമിലി സോളയുടെ
കഥയെപ്പറ്റി മാസങ്ങൾക്ക് മുൻപ് 'അക്ഷരജാലക 'ത്തിൽ എഴുതിയിരുന്നു. സുഭാഷ്
തൻ്റെ പരേതയായ സ്ത്രീയെ കുഴിമാടത്തിൽ നിന്നെഴുന്നേൽപ്പിച്ചു ഭർത്താവിൻ്റെ
അടുത്ത് കൊണ്ടുവന്നു മുഖാമുഖം നിർത്തി സംസാരിപ്പിക്കുന്നു. അതോടെ കഥയുടെ
ലക്ഷ്യം തെറ്റി. എമിലി സോളയുടെ കഥയിലെ മരണമടഞ്ഞ വ്യക്തി കുഴിമാടത്തിൽ
നിന്ന് എഴുന്നേറ്റ് വീട്ടിൽ വരുന്നുണ്ടെങ്കിലും അയാളെ മറ്റാർക്കും
കാണാനാവുന്നില്ല .അയാൾ അവിടെ നിന്ന് തിരികെ പോവുകയാണ്. ഇവിടെ
സംഭവിക്കുന്നത് പുനർജന്മമല്ല. മരണശേഷവും യാഥാർത്ഥ്യങ്ങളുണ്ട് ;അത്
കഥാകൃത്തിൻ്റെ മനസിലാണുള്ളത്. അതൊരു മൂന്നാം കണ്ണാണ്. ഈ വസ്തുത
മനസിലാക്കാത്തതു കൊണ്ടാണ് സുഭാഷിനു പിഴവ് പറ്റിയത്.
4)മുഖ്യധാരയിലെ
കവിതകളേക്കാൾ തെളിമയും ശുദ്ധിയും മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിൽ
വരുന്ന ചില കവിതകൾക്കുണ്ട്. നിയമവിദ്യാർഥിയായ ആതിര .കെ ദാസ് എഴുതിയ 'ഇവിടെ
ബോൺസായികൾ വിൽക്കപ്പെടും' (ഡിസംബർ 19- 25) എന്ന കവിത ആഴത്തിൽ തപിപ്പിച്ചു.
ഇനിയും
ബോൺസായികൾ
ഉണ്ടാകാതിരിക്കട്ടെ .
അവകാശപ്പെട്ട മൺകോപ്പയിൽപ്പോലും വേരുകളാഴ്ത്തി മാനം നോക്കി
കൊഴുത്ത തേൻ നല്കി,
പരുത്ത പൂമ്പൊടി
നെഞ്ചിലാഴ്ത്തി
രസിക്കുവാൻ ,തളിരിടാൻ
പൂക്കുവാൻ ,കായ്ക്കുവാൻ
ഭയമാണ് '
സമകാല ജീവിതം എത്ര പടർന്നു പന്തലിച്ചു എന്നു പറഞ്ഞാലും പലപ്പോഴും ബോൺസായ് ചെടിയെ ഓർമ്മിപ്പിക്കാതിരിക്കില്ല.
5)എസ്.
കെ. പൊറ്റെക്കാട് ദന്തഗോപുരത്തിലിരുന്ന് കഥയെഴുതിയ ആളല്ല. അദ്ദേഹം
അനുഭവിച്ച കയ്പും പീഢയും ചെറുതല്ല ;എന്നാൽ ഏറ്റവും വലിയ സാഹിത്യജീവി
ആയിരിക്കുന്നതിലാണ് എസ് .കെ. വിജയിച്ചത്. അദ്ദേഹത്തിൻ്റെ
കഥയെഴുത്തിനെക്കുറിച്ച് മകൾ സുമിത്ര ജയപ്രകാശ് എഴുതുന്നത് (മാതൃഭൂമി
ആഴ്ചപ്പതിപ്പ് ,ഡിസംബർ 19 )ഇങ്ങനെയാണ്: 'പുള്ളിമാൻ എന്ന കഥ അച്ഛൻ മുംബൈയിൽ
ഉദ്യോഗം തേടി അലഞ്ഞിരുന്ന കാലത്ത് എഴുതിയതാണ് .ആ കാലത്ത് ഫൗണ്ടൻ പേനയില്ല.
ഒരു കുപ്പി മഷിയും സ്റ്റീൽ പേനയുമായി അവിടുത്തെ പാർക്കിലേക്ക് പോകും.
കാറ്റത്തിരുന്നു സുഖമായി എഴുതും. ഉച്ചയ്ക്ക് പുഴുങ്ങിയ കടലയും പച്ചവെള്ളവും
കുടിച്ചിട്ട് ആ ബെഞ്ചിൽ കിടന്നുറങ്ങും .അങ്ങനെയാണ് പുള്ളിമാൻ എന്ന
കഥയെഴുതിയത്'.
ആരായിരുന്നു എസ്. കെ.എന്നാലോചിക്കണം .തനിക്ക്
വാസസ്ഥലമോ ഭക്ഷണമോ ഇല്ലെങ്കിലും കഥയെഴുതാതിരിക്കില്ല. ഇതാണ് യഥാർത്ഥ
സാഹിത്യകാരൻ . എന്നാൽ പിതാവിനെ ഇത്ര ആഴത്തിൽ മനസ്സിലാക്കിയ മകളെ
ആദരിക്കാതിരിക്കുന്നതെങ്ങനെ? എസ്.കെ യുടെ ജ്ഞാനക്കാഴ്ചകൾ മകൾക്കും
കിട്ടിയിരിക്കുന്നു.
6)എം .എ വിദ്യാർത്ഥിയായ റഹിമ
കെ എഴുതിയ 'ഇറങ്ങിപ്പോവാനുള്ളിടം' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജനുവരി
1)ഗദ്യത്തിൽ ഒരു പരീക്ഷണമാണ്. വാക്കുകളെ തന്നെ അപഗ്രഥിക്കുന്ന കവിതയാണിത്.
എവിടേക്കെങ്കിലും ഇറങ്ങിപ്പോകണമെന്ന ആഗ്രഹം മനുഷ്യനിൽ മരിക്കില്ല. എന്നാൽ
ഇറങ്ങിപ്പോകാനുള്ള ഇടത്തെക്കുറിച്ച് കവിക്ക് വ്യക്തമായ ഒരു ആശയവുമില്ല
.അത് സ്വാഭാവികം. അതുകൊണ്ട് ആവിഷ്കാരം ട്രാക്ക് തെറ്റിക്കിടക്കുകയാണ്.
ഒടുവിൽ കവി തന്നെത്തന്നെ പരിഹസിച്ച് തൃപ്തിയടയുകയാണ്.
'കൂട്ടത്തിലിരിക്കുമ്പോഴൊക്കെ തൊണ്ടയിൽപ്പെട്ട്
മാന്യമായി
മരിച്ചുപോയവയാണ്
എൻ്റെ ഏമ്പക്കങ്ങൾ'
7)കാശ്മീരി
ശൈവമതത്തിലെ വേദഗ്രന്ഥമായ 'പ്രത്യഭിജ്ഞാഹൃദയം' എഴുതിയത് ക്ഷേമരാജൻ എന്ന
ഋഷിയാണ്. ഇത് ആത്മാന്വേഷണമാണ്. ആത്മ എന്നാൽ ഞാൻ എന്നാണ് അർത്ഥം
.അവനവനിലേക്ക് തിരിച്ചുപോകാൻ എല്ലാ കൃത്രിമ വസ്തുക്കളും ഉപേക്ഷിക്കണമെന്ന് ഈ
ഗ്രന്ഥം ആഹ്വാനം ചെയ്യുന്നു.
'സീക്രട്ട് ഓഫ്
സെൽഫ് റിയലൈസേഷൻ' എന്ന പേരിൽ ഈ കൃതി സംസ്കൃതത്തിൽനിന്ന് ഇംഗ്ളീഷിലേക്ക്
പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഒമ്പതാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഇത്
എല്ലാറ്റിൻ്റെയും അന്തര്യാമിയായ തത്ത്വം ശിവമാണെന്ന് വ്യാഖ്യാനിക്കുന്നു.
ശിവത്തിൽ എത്തിച്ചേരുന്നതോടെ പരമമായ ആനന്ദം ലഭിക്കുന്നു.
പ്രത്യഭിജ്ഞാസമ്പ്രദായമാണ് കാശ്മീർ ശൈവമതത്തിലുള്ളത് .ശിവം എന്നാൽ ആത്മാവ്
തന്നെയാണ്. സാനന്ദരാജ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ
'പ്രത്യഭിജ്ഞാഹൃദയം' കണ്ണൂരിലെ 'പുസ്തകം'പബ്ളിക്കേഷൻസാണ്
പ്രസിദ്ധീകരിച്ചത്.
8) ഇരുപത്തിയൊന്നാം
നൂറ്റാണ്ടോടുകൂടി ഉത്തരാധുനികത മരിച്ചു. എന്നാൽ കഴിഞ്ഞ നൂറ്റാണ്ടിൽ അത്
നമ്മുടെ ശരീരത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറ്റിമറിച്ചു.
മനുഷ്യൻ
അവൻ്റെ ശരീരമാണ്, മനസ്സല്ല എന്നു സ്ഥാപിക്കാനാണ് അവർ ശ്രമിച്ചത്.
ശരീരത്തിൽ ശസ്ത്രക്രിയയിലൂടെയോ ,ശരീരം തുളച്ച് പുതിയ
ആഭരണങ്ങളണിയുന്നതിലൂടെയോ (റിംഗ്സ്),ചിത്രപ്പണികളിലൂടെയോ(ടാറ്റൂ) വരുത്തുന്ന
മാറ്റങ്ങൾ ശരീരത്തെ എല്ലാറ്റിൻ്റെയും കേന്ദ്രമാക്കുന്നു. ശരീരത്തെ
ഉപഭോഗവസ്തുവായി രൂപാന്തരപ്പെടുത്തുന്ന സങ്കേതങ്ങളാണ് ഫാഷൻ ടെക്നോള്ളി
,ശരീരസൗന്ദര്യ ശസ്ത്രക്രിയകൾ ,ടെലിവിഷൻ ഷോകൾ തുടങ്ങിയവ.
9)ജർമൻ
ചിന്തകനായ ഷോപ്പനോർ പറഞ്ഞു ,ഓരോ വ്യക്തിക്കും ജീവിതത്തിൽ നിശ്ചിതമായ വേദന
നിർണയിക്കപ്പെടുന്നത് അവൻ്റെ പ്രകൃതിക്കനുസരിച്ചാണെന്ന്.
ആ
വേദനയുടെ അളവ് ഒരിക്കലും ശൂന്യമായിരിക്കില്ല , അധികമായിരിക്കില്ല. നമ്മുടെ
നെഞ്ചിൽ നിന്ന് കനപ്പെട്ട ഒരു ഭാരം നീങ്ങുമ്പോൾ മറ്റൊന്ന് ആ സ്ഥാനം
എടുക്കുന്നു .ഈ വേദനയ്ക്ക് ആവശ്യമായ മുഴുവൻ വിഭവവും അവിടെത്തന്നെ ഉണ്ടാവും
എപ്പോഴും.
എന്നാൽ അത് നാം തിരിച്ചറിയുന്നില്ല .
കാരണം
,അതിനുള്ള ശേഷി നമുക്കില്ല .സമയമാകുമ്പോൾ അത് പ്രത്യക്ഷത്തിൽ വരുന്നു.
ജീവിതം തിന്മയാണെന്ന് പറയാൻ ഷോപ്പനോറെ പ്രേരിപ്പിച്ചത് ഇതാണ്.
വേദനയാണ് ജീവിതത്തെ ഉത്തേജിപ്പിക്കുന്ന യാഥാർത്ഥ്യം.
വേദനയുടെ താൽക്കാലിക വിരാമമാണ് സന്തോഷം.
No comments:
Post a Comment