Tuesday, January 11, 2022

ആത്മായനങ്ങളുടെ ഖസാക്ക് / എം കെ ഹരികുമാർ/ഭാഗം 13

 


പ്രസാദത്തിന്റെ പാദങ്ങൾ

വിശ്വാസങ്ങളുടെ കർമ്മങ്ങളിൽ നിന്നുകൊണ്ട് വിജയൻ ലോകദുരിതങ്ങളുടെ ആത്യന്തികഫലങ്ങളെക്കുറിച്ച് ഓർക്കുന്നു. മനുഷ്യന്റെ പതനങ്ങളുടെ, പരാഗണങ്ങളുടെ തിന്മകളുടെ ലഹരികളിൽനിന്ന് അകന്നുനിന്നുകൊണ്ട് മുഗ്ദ്ധമായ സമാശ്വാസങ്ങളുടെ ആദ്ധ്യാത്മികചിഹ്നങ്ങൾ തേടുകയാണിവിടെ. അച്ചടക്കത്തിന്റെ ഋതുക്കൾ കണ്ടെത്തുമ്പോഴും ക്രോധത്തിന്റെ വായ്ത്തലയിൽ വീണ് മുറിവേൽക്കുമ്പോഴും ദയയുടെയോ ജുഗുപ്‌സയുടെയോ മുന്തിരിത്തോട്ടത്തിലേക്ക് അധീരനായി യാത്രചെയ്യുമ്പോഴും മനുഷ്യരെ നേരിടുമ്പോഴും നാം ദൈവത്തെ മുഖാമുഖം ദർശിക്കുകയാണെന്ന് രാധാകൃഷ്ണൻ (S .Radhakrishnan: Search for Truth ) ബോധ്യപ്പെടുത്തുന്നുണ്ട്. ഭൗതികശരീരങ്ങളുടെയിടയിൽ പ്രാർത്ഥനയുടെ ഏതു രാവാണ് പൂക്കാത്തത്? അതിന്റെ ഊഷ്മളതയിൽ മനസ്സിന്റെ ചുണ്ടിൽനിന്നാണ് പാൽ ഒഴുകുന്നത്. ദുഃഖങ്ങളുടെ ഉള്ളിലെ വേവുന്ന ഹൃദയമല്ല, അതിനു മുകളിലെ ദൈവത്തിന്റെ ചക്ഷുസ്സുകളാണ് വിജയൻ പകർത്തുന്നത്.

 ഖസാക്കുകാർ നല്ലമ്മയെ അനുഭവിച്ചതിന്റെ വിവരണത്തിൽ നോവലിസ്റ്റിന്റെ ഈ സ്വഭാവമാണ് പ്രകടമായിരിക്കുന്നത്. പാപങ്ങളുടെയോ, തിന്മയുടെയോ വാരിധിയിൽ വസിച്ച് ആയുസ്സുകൾ പിന്നിട്ടാലും വറ്റാത്ത നന്മയുടെ ശിഖകൊണ്ട് ലോകത്തെ പ്രകാശിപ്പിക്കുന്ന യോഗിയുടെ വിശുദ്ധിയിതാണ്. ജമന്തിപ്പൂക്കളുടെ വനഭൂമിയെന്ന് വിളിക്കുമ്പോൾ അതിഭൗതികമായ ഇച്ഛകളുടെ വേഗങ്ങളാണ് ഓടിയെത്തുന്നത്. ഇത് നവ അദ്വൈതദർശനവുമാണ്. ഉള്ളിന്റെ അനുസ്യൂതമായ പ്രവാഹം ജീവിതത്തിനപ്പുറത്തുള്ള കരുണയിൽനിന്ന് നിർഗമിച്ചതാണ്. 

കരുണയുടെ പ്രവാസമാണ് പ്രസാദമായിത്തീരുന്നത്. ഖസാക്കിലെ പ്രസാദത്തിന്റെ പാദങ്ങൾ തിരക്കുന്നതിനിടയിൽ പ്രകൃതിയിലെയും മനുഷ്യരിലെയും ധാരണ, വിജയൻ ശ്രദ്ധിക്കുന്നില്ല. ബാഹ്യലോകത്തിന്റെ രോദനങ്ങളിൽനിന്ന് അധോലോകത്തിനുള്ള സൗന്ദര്യത്തെ കൊയ്‌തെടുക്കുകയാണ്. പുറംലോകത്തിന്റെ ആത്മീയതയെ തേടുന്നതിനൊപ്പം വസ്തുലോകത്തിന്റെ ജഡാവസ്ഥയും തെളിച്ചെടുക്കുന്നു. ലോകം ദ്രവിച്ച് തിരോഭവിക്കുകയാണ്. തുരുമ്പുകളുടെ സംഗീതത്തിലേക്ക് യാത്രയാവുന്ന പദാർത്ഥപ്രപഞ്ചത്തിന്റെ മുകളിൽ പ്രസാദമുള്ള വിരഹത്തിന്റെ പൂക്കൾ അർപ്പിക്കുന്ന രീതിയാണിത്. ജമന്തിയുടെ സ്പർശങ്ങളിലേക്ക് തിരിയുന്നതോടെ, ഖസാക്കിന്റെ അന്തർധാരകളിൽ അലൗകികമായ കരുണയുടെ അലകൾ നെയ്തുചേർക്കാനാണ് ഉദ്യമം.

 വസന്തർത്തുവിന്റെ തനുവിലേക്ക്

 ഉള്ളിൽനിന്ന് നുരഞ്ഞുപൊന്തുന്ന അനാസക്തിയുടെ ലൗകികവേളകൾ അനുഭവത്തിനിരയാകുന്നു. ഖസാക്കിന്റെ മണ്ണിൽ, രോഗത്തിന്റെ മഥനങ്ങളിൽ കഴിയവെ രവി ഓർക്കുന്നുണ്ട്, ജമന്തിപ്പൂക്കൾ വിരിഞ്ഞുനിന്ന വനഭൂമികളിലൂടെയുള്ള പ്രയാണത്തെക്കുറിച്ച്, സൂര്യനും ചന്ദ്രനും മഴയും മഞ്ഞും കാറ്റും പുലരിയും ഇരുട്ടും ഹാർഡിക്ക് ആത്മസ്മൃതികളുടെ കൂടും തണലുമായിരുന്നെന്ന് ഡേവിഡ് സെസിൽ (David Cecil :Hardy the novelist )അറിയിക്കുന്നുണ്ട്. വിജയനും ഇങ്ങനെ ദൃശ്യാത്മകതയിലേക്കും ഐന്ദ്രിയാനുഭവങ്ങളിലേക്കും സ്വയം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. യാത്രയ്ക്കിടയിൽ എത്ര സന്ധ്യകളാണ് പൊലിഞ്ഞത്? ഓർമ്മകളുടെ ഏതെല്ലാം മുറികളിലാണ് അപമൃത്യു വിളയാടിയത്? രവിയുടെ യാത്രയുടെ മാന്ത്രികതയെല്ലാം ഇവിടെ വെളിവാകുന്നുണ്ട്. 

സത്യത്തിൽ മനുഷ്യരുടെ വ്യസനങ്ങളിലൂടെയും പ്രസാദങ്ങളിലൂടെയും ഖസാക്കിന്റെ ആത്മീയമായ അന്തർധാരകളെ തൊട്ടറിയാനാണ് വിജയൻ ശ്രമിക്കുന്നത്. ഭ്രമവും യുക്തിയും ഓർമ്മയും കലർന്ന ഭൂതകാലത്തിന്റെ പ്രവാഹം ഖസാക്കിൽ നിറയുകയാണ്. അതിന്റെ നൈരന്തര്യത്തിൽ നല്ലമ്മയുടെ ക്രോധം കാമമായി മാറുന്നു. നല്ലമ്മയുടെ പ്രസാദവും ഖസാക്കുകാരുടെ കരുണയും വസന്തർത്തുവിന്റെ തനുവിലേക്ക് ഖസാക്കിനെ പ്രവേശിപ്പിക്കുന്നു. ചെറുപ്പത്തിൽ അവർ പറഞ്ഞുതന്ന കഥ, കല്പവൃക്ഷത്തിന്റെ തൊണ്ടിൽനിന്ന് വ്യോമതന്തുക്കൾ ഇറങ്ങിവരുന്നത്, സായാഹ്നയാത്രകളുടെ അച്ഛൻ, പുരികങ്ങളും കണ്ണുകളും തന്ന അച്ഛൻ, അറിവിന്റെ സൂചിയിലകൾ ഉരിഞ്ഞിട്ടുതന്ന ചിറ്റമ്മ, ഇലകൾ തുന്നിച്ചേർത്ത കൂട്, ഇളം നീലനിറത്തിലുള്ള കുത്തുകളുള്ള മുട്ടകൾ, തയ്യൽക്കാരൻ പക്ഷി, പിന്നെ പൂന്തോട്ടംപോലെ ചിരിച്ചുനിന്ന ഖസാക്കുകാർ, അവിടെ മൈമുനയെ അറിഞ്ഞത്, സൂര്യന്റെ രശ്മികളേറ്റ് തിണർത്ത  ഉടൽ... പരിണാമങ്ങളുടെ മയിൽപ്പീലിക്കാടുകളിൽ എവിടെയോ, രവിയിലൂടെ ഖസാക്കിനെ വീണ്ടും ശ്വസിക്കാനിടവരുകയാണ്. ദുഃഖാന്തരങ്ങളുടെ ഹരിതപഞ്ചമികളിൽ മനസ്സിറുക്കാനെത്തിയ കുട്ടിയായിരുന്നു രോഗം. അത് അവരുടെ മൗനപരിസരങ്ങളിലെ മഞ്ഞപ്പൂക്കൾ പറിച്ചെടുത്തു. പകരം സന്ധ്യയുടെ അഴക് നൽകി.

  പ്രപഞ്ചശരീരം

വസൂരിയുടെ വിളയാട്ടവും വജ്രക്കല്ലുകളുടെ തിളക്കവും പരാമർശിക്കുന്നതിനിയിൽ ലോകത്തിന്റെ അപ്പുറത്താണ് ശ്രദ്ധ ചെല്ലുന്നത്. ഭീതിയും വിഷാദവും കച്ചയുടുത്തിരിക്കുന്ന ബാഹ്യലോകത്തിൽ മനസ്സിന്റെ അഴകുകൊണ്ട് പോരാടുന്നതിന്റെ മൊഴിയാണിത്. പരിചിതമായതിന്റെ ചേതസ്സ് കണ്ടറിഞ്ഞ്, അവയെ മൂകമായ വിചാരങ്ങളിലേക്ക് വലിച്ചെടുക്കുന്നു. പദാർത്ഥത്തിന്റെ ഭൗതികത അറിയുമ്പോൾ, ഖരമുകുളങ്ങളെ ജനിപ്പിക്കുന്ന ആദ്ധ്യാത്മിക ക്രിയവരെ ഇത് വ്യാപിക്കുന്നുണ്ട്. ഖസാക്കിന്റെ സമ്മിശ്രമായ ആത്മബോധങ്ങളിൽ നിന്നുകൊണ്ട് തിരക്കിയപ്പോൾ വിജയന് അനേകം മനുഷ്യരുടെ ഉൾപ്രേരണകളും അന്തഃക്ഷോഭങ്ങളും അറിയാൻ കഴിഞ്ഞു. കരിമ്പനയിലെ കാറ്റിനുപോലും ഖസാക്കിന്റെ ബോധാന്തരീക്ഷത്തിൽ നീലിമ പരത്താൻ കഴിയുന്നത് ഇതുകൊണ്ടാണ്. ഖസാക്കിന്റെ ബാഹ്യപ്രകൃതിക്കപ്പുറം. അതിന്റെ ഉടലിലേക്ക് ഓരോ നരനും പദാർത്ഥവും അടുത്തടുത്ത് പ്രവേശിക്കുകയാണെന്ന് നാം അറിയുന്നു. 

 മഴ തന്റെ ഹൃദയത്തിൽ ഋജുവായെന്നും അതിന്റെ കിന്നാരം വിഹ്വലമായെന്നും ലോവെൽ (Amy Lowell : Little Ivory Figures Pulled with String )എഴുതിയപ്പോഴും ഇത്തരമൊരു സാകല്യാവസ്ഥയുടെ അനുഭവമുണ്ടായിരുന്നു. ഖസാക്കിലെ പ്രകൃതിയെ നയിക്കുന്ന പരിണാമങ്ങൾ ആത്മായനങ്ങളുടെ താളമുള്ളവയാണ്. ഖസാക്കിനെ കരിമ്പനകളും മനുഷ്യരും നൽകിയ വർണ്ണബോധത്തിലല്ല എഴുത്തുകാരൻ പ്രതിഷ്ഠിച്ചിരിക്കുന്നത്; എല്ലാ ജീവികളുടേയും വസ്തുക്കളുടേയും അനിയന്ത്രിതവും അലൗകികവുമായ ചോദനകളെ പേറുന്ന പ്രപഞ്ചശരീരം എന്ന നിലയിലാണ്. ആയുസ്സിന്റെ അനാദിയായ സ്പർശങ്ങളും ഉണ്മയുടെ അജ്ഞേയമായ പൊരുളുകളും ദുഃഖമുണർത്തിക്കിടക്കുന്ന പ്രസാദമാണ് വിജയൻ ലക്ഷ്യമാക്കുന്നത്. അതിനായി മനസ്സ് അണുമുതൽ പ്രപഞ്ചംവരെ യാത്രചെയ്യുന്നു. സ്വന്തം ഉടലിൽ സ്പർശിച്ചുനോക്കിയാൽ ലോകത്തിന്റെ സ്പന്ദനമറിയാം. ആത്മാവിന്റെ ഉടലിൽ സ്പർശിച്ചാൽ പ്രപഞ്ചസത്തയുടെ അനുരണനങ്ങളറിയാം. വിജയന്റെ ആലോചനവേളകളിൽ സൗന്ദര്യം മുഴുവൻ വഹിക്കുന്നത്, പ്രസാദവും അനാഥത്വവും ചേർന്ന് സൃഷ്ടിക്കുന്ന വ്യാമിശ്രബോധമാണ്. 

ദുഃഖസമാധികളിലെങ്ങും ഭൂതകാലത്തിന്റെ സാന്ത്വനസസംഗീതം കേട്ടില്ല. ഓർമ്മകളുടെ രക്ഷകയായ പ്രസാദം ജീവിക്കുന്നു. ഖസാക്കിൽ വസൂരിയുണ്ടാകുന്നത്, രവിയുടെ ദുഃഖമുണർത്തുന്ന ആസക്തിയിൽനിന്നാണെന്ന് ഓർക്കുക. കോടച്ചിയുമായുള്ള വേഴ്ചയുട ജീവബിന്ദുക്കളിലെങ്ങോ ആ അണുക്കൾ ഋതുവായിരുന്നു. അറിവിനുവേണ്ടിയുള്ള വിശ്വാസത്തിന്റെ പ്രവർത്തനം, ഇവിടെ, കരുണയുടെ അണ്ഡങ്ങളിലേക്ക് ഖസാക്കിനെ ഉയർത്തുന്നു. ദുഃഖങ്ങൾക്ക് നിത്യസമാധി ലഭിച്ചതിങ്ങനെയാണ്.

 കാലങ്ങളിലൂടെയുള്ള പദാർത്ഥസഞ്ചാരം

 ഖസാക്കിലെ വസൂരി, സത്യത്തിൽ, സന്താപപൂർണ്ണമായ കാലത്തിന്റെ പരിതഃസ്ഥിതിയിൽനിന്ന് പ്രപഞ്ചത്തിന്റെ അന്തർധാരകളിലേക്കുള്ള യാത്രയുടെ സ്മൃതിയാണ്. സ്ഥാവരങ്ങളുടെ പ്രയാണത്തിലൂടെ രവി പരിവർത്തിക്കപ്പെട്ടുവെന്ന് വിജയൻ വീണ്ടും ഓർമ്മിപ്പിക്കുന്നുണ്ട്. ഖസാക്കിനെ പൂന്തോട്ടമായി അഭിദർശിച്ചപ്പോഴും, രവിയെ സ്ഥാവരപ്രയാണങ്ങളുടെ ഭഞ്ജകനായി മാറ്റിയപ്പോഴും വിജയൻ ആത്മപരിണാമങ്ങൾ കണ്ടെത്തുകയായിരുന്നു. കാലങ്ങളിലൂടെയുള്ള പദാർത്ഥസഞ്ചാരം പുതിയ ധാരണകളെ പ്രതിഷ്ഠിക്കുന്നു. ദൈവത്തിന്റെ ആലയത്തിലേക്ക് നടക്കാം. അവിടെ ദൈവം ജമന്തിപ്പൂക്കളുടെ ഗന്ധവും നിലാവും ഭൂമിയുടെ ഓർമ്മകളുമായി കഴിയുന്നു.

 ഷെയ്ഖിന്റെ മൊഴിയുടെ അർത്ഥം ഖസാക്കിൽ നിലീനമാകുകയാണ്. മൊല്ലാക്കയുടെ കാലിലെ ചെരുപ്പുകടിച്ച വ്രണം ഖസാക്കുകാരുടെ ആത്മായനങ്ങളുടെ വ്രണംതന്നെയാണ്. സ്ഥലരാശികളുടെ നിശ്ചലതയിലെവിടെയോ നഷ്ടപ്പെട്ടുപോയ ഗതകാലത്തിന്റെ സ്പർശങ്ങളുടെ ഓർമ്മ വീണ്ടും രഥ്യയെ പുനരാവിഷ്‌കരിക്കുന്നു. ലക്ഷ്യങ്ങളുടെ വ്യഥിതമായ ആരോഹണവും ജീവിതസ്മരണയും ഒന്നായിത്തീരുന്നു. സാർത്രിന്റെ(Jean Paul Sartre: Nausea) കഥാപാത്രം സംസാരിക്കുന്നതുപോലെ എല്ലാ വസ്തുക്കളും സ്വച്ഛന്ദമായി നിലനിൽക്കാനുള്ള ശ്രമത്തിലാണ്. ഖസാക്കിലെ മണൽത്തരിപോലും കാലാന്തരത്തിലെ ലക്ഷ്യയാനങ്ങളുടെ വ്രണം അറിയുന്നുണ്ട്. മൊല്ലാക്കയിലൂടെ ലോലമായ ഈ ഭാവം വിജയൻ ആവിഷ്‌കരിക്കുകയാണ് ചെയ്തത്. പരിണമിക്കുകയും ആന്തരികമായി ശുദ്ധീകരിക്കുകയും നിലനിൽക്കുകയും ചെയ്യുന്ന വസ്തുസ്വഭാവത്തിന്റെ പാദങ്ങളിലാണ് നാം എത്തുന്നത്. 

ആത്മലോകങ്ങളുടെ കൂടുകളിൽനിന്ന് പറക്കമുറ്റി പുറത്തുവരുന്ന വസ്തുക്കളുടെ പക്ഷിക്കുഞ്ഞുങ്ങളെ ഭൗതികലോകത്തിന്റെ പദാർത്ഥങ്ങളുമായി ബന്ധിച്ചുകൊണ്ടാണ് നോവലിസ്റ്റ് ആഖ്യാനം നിർവഹിക്കുന്നത്. ഖസാക്കിൽ സുരതക്രിയപോലെ ആനന്ദത്തിലെത്തിയ വസൂരി പലരെയും അപ്രത്യക്ഷരാക്കി. ഉള്ളിൽ വിരിഞ്ഞുകിടന്ന അവാച്യമായ സുഖാലസ്യങ്ങളും ജമന്തിപ്പൂക്കളും ആവിർഭാവങ്ങളായിരുന്നു.ആത്മാവിന്റെ പ്രിയപ്പെട്ട അംബരമെവിടെ, ഭൗതികമൂർച്ഛയുടെ സൂര്യനാളമെവിടെ എന്ന ആശങ്കയിൽ മനസ്സ് വീണുപോകുന്നത് പൊടുന്നനെയാണ്. ഖസാക്കിലെ വസൂരിയും മൺമറയുന്ന കുട്ടികളും മൈമുനയുടെ തൃഷ്ണയും ശുശ്രൂഷയും ഏതേത് യാഥാർത്ഥ്യങ്ങളുടെ ആഭരണങ്ങളാണെന്നറിയാതെ വിസ്മയം ശേഷിക്കുകയാണ്.

 ഖസാക്കിന്റെ കപടപാദങ്ങൾ

ഖസാക്കിന്റെ ഓർമ്മകൾ മൊല്ലാക്കയെ വിഴുങ്ങുന്നു. നൈസാമലിയുടെ ഓർമ്മകൾ മാധവൻനായരെ പരിരംഭണം ചെയ്യുന്നു. രവിയുടെ ചിന്തകൾ ഖസാക്കിനെ ഗ്രസിക്കുന്നു. മണ്ണിൽ വേരുകൾ ആഴ്ത്തിനിൽക്കുന്ന വൃക്ഷത്തെപ്പോലെയാണ് ഖസാക്ക്. എങ്കിലും അതിന്റെ ചുവടുകൾ ചലനസ്വഭാവമുള്ളവയാണ്. അപ്പുക്കിലിയുടെയും ആബിദയുടെയും അവശിഷ്ടങ്ങളിലേക്ക് ചിലപ്പോൾ, ഖസാക്കിന്റെ കപടപാദങ്ങൾ ഒഴുകിച്ചെല്ലുന്നു. അല്ലെങ്കിൽ ഖസാക്കിന്റെ ഉപരിതലത്തിൽ തകർന്ന വീടുകളുടെ അവശിഷ്ടങ്ങളെപ്പോലെ രവിയും ആബിദയം മൈമുനയും ഒഴുകിനടക്കുകയാണ്. കൗതുകങ്ങളുടെ കഴുക്കോലുകൾ, പ്രജ്ഞയുടെ ദ്രവിച്ച പെട്ടികൾ. മൺകട്ടകൾകൊണ്ട് നിർമ്മിച്ച ഹൃദയത്തിന്റെ ചുമരുകൾ, വിഷാദത്തിന്റെ ഗോതമ്പുമണികൾ, ഓർമ്മകളുടെ ഉണങ്ങിയ ശിഖരങ്ങൾ, മൗനത്തിന്റെ കുതിർന്ന വാതിലുകൾ, ഏകാന്തതയുടെ അലോസരമുണർത്തുന്ന പാട്ട്, നിസ്സഹായതയുടെ വേദനപകരുന്ന പുഷ്പം, അനാഥത്വത്തിന്റെ നോവുപടർത്തുന്ന സസ്യങ്ങൾ, ഉത്കണ്ഠതയുടെ കരച്ചിലുണർത്തുന്ന കാറ്റ്, കാലത്തിന്റെ പ്രപഞ്ചംകാണിച്ചുതരുന്ന സ്ഥലപരത... രോദനം കായ്ച്ചുകിടക്കുന്ന ദൃശ്യം തെളിയുന്നു. ഇങ്ങനെയാണ് ഖസാക്ക് അനൈഹികമായ സ്പർശമൊരുക്കുന്ന മിത്തായിത്തൂരുന്നത്. അതിൽ മനുഷ്യരും  ജീവികളും പ്രകൃതിയും വിവിധ സ്വരങ്ങളുതിർക്കുന്ന ഗായകരാണ്. 

ജന്മത്തിന്റെ സ്മാർത്തപ്രേരണകളും ബന്ധങ്ങളുടെ സുഗമമായ ശരീരങ്ങളും നിത്യതയുടെ ഏകാഗ്രതകളാണ്. അവയിലാണ് ഖസാക്കിന്റെ പൂർവ്വസ്മൃതികളുടെ പനയോലകൾ തളിർത്തുനിൽക്കുന്നത്. ഏതെങ്കിലും കാരണത്തിന്റെ അപ്രാപ്യതയല്ല ഖസാക്കിന്റെ വിഷാദം; അധോമുഖമായ സഞ്ചാരങ്ങളുടെ മൂഹൂർത്തങ്ങളും അയനങ്ങളിൽ പച്ചപിടിച്ചുനിൽക്കുന്ന വ്രണപ്പാടുകളും തമ്മിലുള്ള സംഘർഷങ്ങളാണ് അതു നിർണ്ണയിക്കുന്നത്. പാത്രങ്ങളുടെ സൃഷ്ടിയിലൂടെ കലയുടെ പ്രദേശങ്ങൾ തേടിപ്പോകാതെ, അധോവ്യഗ്രതകളുടെ വ്യത്യസ്തമായ സ്ഥലരാശിയും കാലപ്രവാഹവും നിർമ്മിക്കാനാണ് വിജയൻ ശ്രമിച്ചുകാണുന്നത്. സൂക്ഷിച്ചുനോക്കിയാൽ, പുഷ്പങ്ങൾക്കു ചുവട്ടിൽനിന്ന് മണ്ണിന്റെ ചുവപ്പ് കണ്ടെത്താം. അതിൽനിന്ന് പിന്നെയും താഴോട്ട് പോകാം. അങ്ങനെ പരേതരുടെ തലയോട്ടികളിലേക്ക്, മൃത്യുവിന്റെ വളക്കൂറുള്ള നിശ്ചലതകളിലേക്ക്, ചെമ്പകത്തിന്റെ ആഭരണപ്പുരയിലേക്ക്, മനസ്സ് പറന്നുചെല്ലുന്നു.

 ഏതോ വിശുദ്ധ ശരീരത്തിന്റെ ദൃശ്യമാണ് ഖസാക്ക്

സംഭവങ്ങളും നിശ്ശബ്ദതകളും വാക്കുകളും പ്രവൃത്തികളും അന്യോന്യം വേഷംമാറി കളിക്കുന്ന ആത്മഭൂമിയുടെ പരിതോവസ്ഥയാണ് ഖസാക്കിനുള്ളത്. അവിടെ തരംഗങ്ങളും തരംഗഭംഗങ്ങളും കൊത്തിത്തിന്നുന്ന ജൈവാവസ്ഥകളുണ്ട്. അവശിഷ്ടങ്ങളുണ്ട്. കാലത്തിന്റെ കായ്കളുണ്ട്. കന്മദത്തിന്റെ പൂക്കളുണ്ട്. ഋതുക്കളുടെ മർമ്മരങ്ങളുണ്ട്. രവിയും കരിമ്പാറക്കെട്ടിലെ ഷെയ്ഖും അപ്പുക്കിളിയും കരിമ്പനയിലെ കാറ്റും ഒരേ മനസ്സിന്റെ വിവിധ ഉൾപ്രേരണകളെയാണ് വഹിക്കുന്നതെന്നോർക്കുക. അതുകൊണ്ട് പാത്രത്തിന്റെ പൂർണ്ണതമാത്രം കലാസൃഷ്ടിയുടെ സൗന്ദര്യത്തെ നിർണ്ണയിക്കുന്നില്ല. 

രവിയുടെ സൃഷ്ടിയിലുള്ള മാനങ്ങളല്ല ഖസാക്കിന്റെ അഴക്. വാസ്തവികതയുടെ അതിരുകൾ ഭേദിച്ചുനില്ക്കുന്ന ഏതോ വിശുദ്ധ ശരീരത്തിന്റെ ദൃശ്യമാണ് ഖസാക്ക് മനസ്സിലുണർത്തുന്നത്. ദൈവം തന്റെ നീതിപീഠത്തിന്റെ മുമ്പിൽവെച്ചു മനുഷ്യഹൃദയങ്ങളെ പുറത്താക്കുകയാണ് ചെയ്യുന്നതെന്ന് അമേരിക്കൽ കവി ഹോവെ (Julia Ward Howe: The Battle Hymn of the Republic)എഴുതുന്നുണ്ട്. അന്തിമമായ വിലയത്തിൽ വെണ്മയുടെ മേഖംപോലെ ഖസാക്ക് പരക്കുന്നു. രവിയുടെ ദേവശിരസ്സും മാധവൻനായരുടെ ദേവചക്ഷുസ്സും, പിന്നെയും അനേകം ജീവബിന്ദുക്കളെ കാത്തുസൂക്ഷിക്കുന്നുണ്ട്. ഉൾപ്രേരണകളുടെ സംസാരിക്കുന്ന ചോദനകളും ഖസാക്കിന്റെ ആത്മായനങ്ങളും മനുഷ്യരും മനുഷ്യരുടെ പ്രാണസഞ്ചാരങ്ങളുടെ ജീവികളും ജീവബിന്ദുക്കളുടെ വ്യഥിതരായ ശിശുക്കളും ഇങ്ങനെയാണ് ജനിക്കുന്നത്. 

ഇത് ഖസാക്കിനെ ഗോത്രസ്മൃതികളുടെ ചായവും പരേതാത്മാക്കളുടെ ആശിസ്സും അനുഷ്ഠാനങ്ങളുടെ വെയിലും പ്രാണയാനങ്ങളുടെ നിലാവുംകൊണ്ട് നിറയ്ക്കുന്നു. കാലപ്രവാഹങ്ങളുടെ സന്ധികളിലെ ഏതോ ബിന്ദുവായി നിൽക്കുന്ന ഖസാക്കിനെ പ്രത്യക്ഷങ്ങളുടെ ഒടുങ്ങാത്ത കലവറയായാണ് കാണേണ്ടത്. അതിൽ പ്രപഞ്ചത്തിന്റെ അനേകം സ്വരരാഗങ്ങളും ദുഃഖത്തിന്റെ വിവിധങ്ങളായ ധാതുക്കളും സംഭൃതമായിട്ടുണ്ട്. പ്രസാദത്തിന് നോവലിസ്റ്റ് നൽകിയ അർത്ഥം ഏതെങ്കിലും മഹാകാലത്തിന്റെ പരിധിയിൽ ഒതുങ്ങുന്നില്ല. അത് മനുഷ്യവംശത്തിന്റെ ആദിമമായ ധാരകളോടൊപ്പം പ്രപഞ്ചത്തിന്റെ പാദങ്ങൾ ആർജ്ജിക്കുകയാണ്. ഈ ഭൂമിയിലൂടെ നടക്കാൻ ശീലിക്കുകയാണ്.

HOME

No comments:

Post a Comment