Tuesday, January 11, 2022

ആത്മായനങ്ങളുടെ ഖസാക്ക്/1984/NBS/എം.കെ.ഹരികുമാർ /ഭാഗം 1

 


ആത്മായനങ്ങളുടെ ഖസാക്ക്/1984/NBS

എം.കെ.ഹരികുമാർ

(പരിഷ്‌കരിച്ച പതിപ്പ്)    

ഒരു മലയാള നോവലിനെക്കുറിച്ച് മലയാളവിമർശനത്തിൽ ഉണ്ടായ ആദ്യകൃതി


എം.കെ. ഹരികുമാർ


ആമുഖം

ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് ഞാനെഴുതിയ അത്മായനങ്ങളുടെ ഖസാക്കിന് സ്വന്തം രീതിയും സിദ്ധാന്തവുമാണുള്ളതെന്ന് വർഷങ്ങൾക്കുശേഷം ഞാൻ തിരിച്ചറിയുന്നു. അവിടെ വിമർശകൻ തന്റെ ആഖ്യാനം നിർവഹിക്കുന്നത് സ്വാനുഭവം എന്ന നിലയിലാണ്. ഒരു നോവലിനെക്കുറിച്ചുള്ള പ്രബന്ധം എന്നൊക്കെ പറയാമെങ്കിലും അതിൽ സ്വയം അന്വേഷിക്കുന്ന ഒരു പ്രകൃതമുണ്ട്. ഒരു അതാര്യത ചുറ്റും വന്ന് നൃത്തം ചെയ്യുകയാണെന്ന പ്രതീതിയിൽ അതിനെതിരെ വിചാരഹസ്തം ചലിപ്പിക്കുകയാണ്. ദുർഗ്ഗപാതയിലേക്ക് ചിറകടിച്ച് പറക്കുന്ന പക്ഷിയായി വിമർശകൻ മാറുകയാണ്. കല്പങ്ങൾ വാകയിലകൾപോലെ സ്‌നിഗ്ധമായി എന്ന് എഴുതുന്നത് എന്റെ അനുഭവമാണ്.

മറ്റൊന്ന്, ഇതിലെ പ്രധാനകഥാപാത്രമായ രവിയെ ആലോചനയുടെ കേന്ദ്രഭാഗത്ത് കൊണ്ടുവരുന്നുണ്ടെങ്കിലും അതിനെ തള്ളിമാറ്റി നോവലിസ്റ്റ് വിജയൻതന്നെ രംഗപ്രവേശം ചെയ്യുന്നു എന്നതാണ്. ആത്മായനങ്ങളുടെ ഖസാക്കിലെ ചലനാത്മകമായിരിക്കുന്ന ഒരു ഘടകം അതിൽ ഒ.വി. വിജയൻ ഒരു കഥാപാത്രംപോലെ സാന്നിദ്ധ്യമറിയിക്കുന്നതാണ്. വിജയൻ ഒരു കേന്ദ്രംപോലെ പ്രത്യക്ഷപ്പെടുന്നു. ഒരു വിവരണത്തിന്, സാധൂകരണത്തിന്, പ്രതീതിയെ സമീപിക്കുന്നതിന് വിജയൻതന്നെ ഒരു അസംസ്‌കൃതവസ്തുവായി അവതരിക്കുകയാണോ എന്നു തോന്നും. വിജയനെ വ്യാഖ്യാനിക്കുക എന്റെ ലക്ഷ്യമായിരുന്നില്ല. എന്നാൽ വ്യാഖ്യാനശാസ്ത്രത്തെ കബളിപ്പിക്കുന്നതുപോലെ വിജയനെ ഒരു ഉത്തരമായി സങ്കല്പിക്കുന്നു. അതേസമയം വിജയനെക്കുറിച്ച് ഞാനെന്തെങ്കിലും കണ്ടെത്തുന്നതായി അവകാശപ്പെടുന്നില്ല.

ഖസാക്ക് എന്ന ഇടം എനിക്ക് വെറുമൊരു സ്ഥലമായിരുന്നില്ല. ഖസാക്കിന് ജീവനുള്ള ശരീരത്തോടോ, സ്പന്ദിക്കുന്ന സ്ഥലരാശിയോടോ, കഥകൾ പറയാൻ വെമ്പുന്ന പ്രകൃതിയോടോ താരതമ്യം ചെയ്യാവുന്ന ഒരു അവസ്ഥ എന്റെ കൃതിയിൽ എങ്ങനെയോ ഉണ്ടായി. ഇത് ബോധപൂർവ്വമായിരുന്നില്ല. രചന അതിന്റെ തന്നെ ദുർഗപാതയുമായി സംഭാഷണത്തിലേർപ്പെടുന്നു എന്ന് പറയാനാണ് എനിക്കിഷ്ടം. ഖസാക്കിനു ജീവനുണ്ട് എന്ന് തോന്നിപ്പോകുന്ന നിമിഷം.

ഈ വിമർശനരചന എന്റെ ആത്മകഥാപരമായ ആവിഷ്‌കാരംകൂടിയാണ്. ഞാനെങ്ങനെ ജീവിച്ചു എന്ന് സ്വപ്നത്തിന്റെയും അകക്കണ്ണിന്റെയും മിഴിയിലൂടെ നോക്കി മനസ്സിലാക്കുകയാണ്.

ഇനിയും ഒന്ന് അവശേഷിക്കുന്നു. അത് ചിത്രകലയാണ്. വാക്കുകൾ വർണങ്ങളാണ്. വാക്ക് അർത്ഥം മാത്രമല്ല, എഴുതുന്നയാളിന്റെ മനസ്സിന്റെ വർണവും പ്രതിഫലിപ്പിക്കുന്നു. വാക്കിൽനിന്ന് വർണങ്ങളുടെ സാംസ്‌കാരികഗാഥ പുറപ്പെടുകയാണ്. വാക്കുകൾകൊണ്ട് ഒരു വർണചിത്രം വരച്ച്, അതിൽ പ്രപഞ്ചത്തിന്റെ ദുരൂഹമായ വഴികൾ കണ്ടെത്താൻ വിധിക്കപ്പെടുന്ന ഒരു എഴുത്തുകാരനാണ് ഈ കൃതിക്കു പിറകിലുള്ളത്.

വിമർശനകൃതി, ഇവിടെ സിദ്ധാന്തത്തിന്റെ തോളിൽ തൂങ്ങിയല്ല മുന്നോട്ടുപോകുന്നത്. നമ്മുടെ നാട്ടിലെ വിമർശകർ മിക്കപ്പോഴും ഏതെങ്കിലുമൊരു സിദ്ധാന്തമെടുത്ത് അത് നോവലിലോ കവിതയിലോ പ്രയോഗിച്ചു നോക്കാറുണ്ട്. ഒരു ഏജൻസി ജോലിയാണത്. പാശ്ചാത്യ മനശ്ശാസ്ത്രസിദ്ധാന്തങ്ങളെടുത്ത് അതേപടി നമ്മുടെ കൃതികൾക്കുമേൽ ചാരിവയ്ക്കുകയാണത്. എന്തോ ഇത് എന്നെ ആകർഷിച്ചിട്ടില്ല അത്തരം എഴുത്തുകളിൽ സിദ്ധാന്തം നിഷ്ഠൂരമായി നെഞ്ചുവിരിച്ച് നിന്ന് വായനക്കാരനെ പ്രകൃതിയിൽ നിന്നും ഭാഷയിൽനിന്നും അകറ്റിക്കൊണ്ടുപോകുകയാണ് ചെയ്യുന്നത്. സിദ്ധാന്തം ഒരു തുറിച്ചുനോട്ടമായി വിമർശകരചനയിൽ, പ്രത്യേകിച്ച് ഒരു സാഹിത്യകൃതിയുടെ സൗന്ദര്യാന്വേഷണപരമായ ലേഖനങ്ങളിൽ കടന്നുവരുന്നത് തെറ്റാണ്. സിദ്ധാന്തങ്ങളെ ഒളിപ്പിക്കണം. ആത്മായനങ്ങളുടെ ഖസാക്കിലെ സിദ്ധാന്തങ്ങളൊക്കെ ഞാൻ പിന്നീടാണ് വിവരിച്ചത്.

ഭാഷയിൽ ഒരു സ്പന്ദനമുണ്ട്. അത് മനുഷ്യാത്മാവിന്റെ സ്പന്ദനമാണ്. ഭാഷയ്ക്ക് ജീവനുണ്ടെന്ന് തോന്നണം. വായിക്കുന്നവന്റെ മുന്നിൽ ഭാഷയുടെ സവിശേഷമായ മാനുഷിക വൈകാരികത തുറക്കപ്പെടണം. അതിന് സ്വപ്നാത്മകവും വിമോചനാത്മകവുമായ ആന്തരത്വരയുണ്ടെന്ന് എഴുതുന്നയാളും തിരിച്ചറിയണം. കേവലം യുക്തിയെമാത്രം ആശ്രയിക്കുന്ന ഭാഷ വ്യാപാരത്തിനുകൊള്ളാം. എന്നാൽ സൗന്ദര്യാനുഭൂതിയിൽ അത് നിലനിൽക്കില്ല.

ആത്മായനങ്ങളുടെ ഖസാക്ക് ഒരു മാനുഷികാവസ്ഥയെയാണ് അഭിദർശിക്കുന്നത്. തികച്ചും പാരമ്പര്യവിരുദ്ധമായ ഒരു വഴി അത് വെട്ടിത്തുറന്നിരിക്കുന്നു.

എം.കെ. ഹരികുമാർ                  

കൂത്താട്ടുകുളം/ JAN, 2022


ഖസാക്കിന്റെ ഇതിഹാസവും ആത്മായനങ്ങളുടെ ഖസാക്കും

ഞാൻ സ്‌കൂളിൽ പഠിക്കുന്ന കാലത്തുതന്നെ ഖസാക്കിന്റെ ഇതിഹാസം വായിച്ചു. കോളേജിൽ പഠിക്കുമ്പോൾതന്നെ അതിനെപ്പറ്റിയുള്ള രചനാപരമായ ആലോചനകളിൽ മുഴുകി. എം.എക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോൾ 'ആത്മായനങ്ങളുടെ ഖസാക്ക്' എന്ന പേരിൽ എന്റെ ഖസാക്ക് അനുഭവത്തെ ഞാൻ അവതരിപ്പിച്ചു.

ഒ.വി. വിജയൻ ഈ പുസ്തകത്തിന്റെ പരസ്യം കണ്ടിട്ട് എൻ.ബി.എസിൽ നിന്ന് ഒരു കോപ്പി ആവശ്യപ്പെട്ട് വാങ്ങുകയായിരുന്നു. എനിക്ക് അദ്ദേഹം ഇങ്ങനെ എഴുതി: ഈ പുസ്തകം എന്നെ വിനയവാനാക്കുന്നു. ഇതുമതിയായിരുന്നു എനിക്ക്. ഞാനാകട്ടെ ആ വിദ്യാഭ്യാസകാലത്തെ എന്റേതായൊരു രചനാപ്രക്രിയയിലൂടെ വിളംബരം നടത്തുകയായിരുന്നു. ഒരു സിദ്ധാന്തത്തിലോ, ദർശനത്തിലോ പ്രത്യേകിച്ച് മുഴുകാതെ ഞാൻ എന്റെ രീതിയിലേക്കു നീങ്ങി. നിലവിലുള്ള ഗദ്യത്തെ പാടെ മാറ്റി. എന്റെ ആത്മാവിന്റെ ആരും കടന്നു ചെന്നിട്ടില്ലാത്ത വനാന്തരങ്ങളെ ഞാൻ അവതരിപ്പിച്ചു. ഭാഷ എന്നെ സൃഷ്ടിച്ചു. ഞാൻ ഭാഷയെ സൃഷ്ടിച്ചതും വാക്കുകൾകൊണ്ട് പെയിന്റ് ചെയ്യുന്ന ഇംപ്രേഷണസ്റ്റിക് അനുഭവമാണുണ്ടാക്കിയത്. എനിക്കു വാക്കുകൾ അത്ഥത്തെയല്ല തന്നത്; ആത്മാവിന്റെ ഓരോ മേഖലകളെയാണ്. അർത്ഥം കൊണ്ടുപോകാനാവാത്തിടത്ത്, ഞാൻ വാക്കുകളുടെ രതിയിലും മഴയിലും നിഗൂഢതയിലും സ്വപ്‌നത്തിലും മുഴുകി. നെഞ്ചിൽ നിന്നുള്ള അതീതവും വൈകാരികവുമായ ഭാവങ്ങളുടെ കുത്തിയൊഴുകലായിരുന്നു അത്. 'ആത്മായനങ്ങളുടെ ഖസാക്ക്' ഗദ്യത്തിന്റെ യുക്തിയുടെ, നേർരേഖയുടെ കാവ്യപരമായ വിധികളുടെ അനിവാര്യതയാണ് സൃഷ്ടിച്ചത്. ഒരു നോവലിനെപ്പറ്റി എഴുതുമ്പോൾ, സാധാരണ നാം ചെയ്യാറുള്ളതെന്താണ്? അതിന്റെ കഥയൊന്നു പറഞ്ഞ്, കഥാപാത്രങ്ങളുടെ മനോനിലയൊക്കെ അപഗ്രഥിച്ച് ഒരു ജീവിതവീക്ഷണത്തിന്റെ കച്ചിത്തുരുമ്പിലാണ് പിടിച്ചുകയറുക. ഞാൻ ഈ വഴി കണ്ടതേയില്ല. എനിക്ക് എന്റെതന്നെ സൃഷ്ടിപരമായ നിർബന്ധങ്ങൾക്കു വഴങ്ങേണ്ടതുണ്ടായിരുന്നു.

ആത്മായനങ്ങളുടെ ഖസാക്കിൽ ഞാൻ നിർമ്മിച്ച ഭാഷ ഇങ്ങനെയെല്ലാമായിരുന്നു. മൗനത്തിന്റെ മുഖത്തുവീണ പാടുകൾ ഗ്രാമ്യമായ ആതുരതകളുടെ നൈർമല്യമായിരുന്നു. ഓരോ വൈകാരിക സംഘർഷത്തിന്റെയും ചുവട്ടിൽ പൊഴിഞ്ഞുകിടക്കുന്ന സ്വച്ഛമായ ദുഃഖഭ്രമങ്ങളുടെ പൂക്കളിൽ മനുഷ്യൻ ആർത്തിയോടെ പങ്കെടുക്കുകയാണ്. വിരഹത്തിന്റെ സാന്ത്വനം എന്ന മഞ്ഞ് ദുഃഖത്തിന്റെ പരിശുദ്ധമായ ശരീരത്തിലുണ്ട്. വിഷാദത്തിന്റെ തനുവിൽ വിളഞ്ഞുകിടക്കുന്ന മനുഷ്യന്റെ ദിവ്യവചനങ്ങളെ തൊട്ടറിയുക.

ഈ ഭാഷ ഒരർത്ഥത്തിനുവേണ്ടി ദാഹിക്കുന്ന പണ്ഡിതന്മാരെ നിരാശപ്പെടുത്തിയേക്കും. കാരണം. അർത്ഥങ്ങളെപ്പോലും ഞാൻ ഉത്പാദിപ്പിച്ചത്, അർത്ഥങ്ങൾക്കുപോലും വഴങ്ങാത്ത അസ്തിത്വത്തിന്റെ ആന്തരമായ വ്യാമോഹങ്ങളെയാണ്. നമ്മുടെ സ്വത്വത്തിലേക്ക് വന്ന് ടാക്കിയോണുകളെപ്പോലെ തുളച്ചുകയറി അപ്പുറം പോകുന്ന ജൈവചോദനകളുടെ അറിയാത്ത ക്ഷേത്രഗണിതത്തെയായിരുന്നു എന്റെ മനസ്സ് നിശ്ചയിച്ചത്.

പക്ഷെ, ആത്മായനങ്ങളുടെ ഖസാക്കിനെ കണ്ടില്ല എന്നുപറഞ്ഞ് ഇപ്പോഴും ഖസാക്കിനെപ്പറ്റി എഴുതുന്നവരുണ്ട്. അവർക്കുമുന്നിൽ ഈ ചെറുകൃതി ഉയർത്തിവിട്ടത് അറിയാത്ത പൊരുളുകളാണ്.

1984-ലാണ് ഞാൻ ഈ നിരൂപണകൃതി എഴുതിയത്. ഖസാക്കിന്റെ ഇതിഹാസം എന്താണെന്ന് ഞാനെന്റെ കൃതിയിൽ പറഞ്ഞുവെച്ചിട്ടുണ്ടെന്നാണ് എന്റെ ബോധ്യം. ഖസാക്കിലെ ആത്മീയതയെ അന്നാരും ഗൗനിച്ചിരുന്നില്ല. ജീവിതത്തോടുള്ള വിരക്തിയാണ് ആ നോവലിന്റെ അന്തർധാര എന്നായിരുന്നല്ലോ പൊതുവായ വർത്തമാനം. എന്നാൽ ഖസാക്കിനു ഒരു ആത്മീയതയുണ്ടെന്നും അത് ബഹുസ്വരങ്ങളുടേതാണെന്നും അതിൽ മിസ്റ്റിക്കിന്റെ അമൂല്യസമ്പത്ത് അടങ്ങിയിട്ടുണ്ടെന്നും ഞാൻ അന്നേ പറഞ്ഞതാണ്. ഇപ്പോൾ, പലരും ഖസാക്കിലെ ഈ ആത്മീയതയെ സൂത്രത്തിൽ അംഗീകരിക്കുന്നു. എപ്പോഴാണെന്നറിയുമോ, വർഷങ്ങൾക്കുശേഷം അദ്ദേഹം എഴുതിയ 'ഗുരുസാഗരം' , 'മധുരം ഗായതി' തുടങ്ങിയ കൃതികൾ വായിച്ചശേഷം. ഞാൻ ആത്മായനങ്ങളുടെ ഖസാക്ക്  എഴുതുമ്പോൾ വിജയന്റെ ഈ ഭാവം അത്ര പ്രകടമല്ലായിരുന്നു എന്നോർക്കണം.

വിജയൻ എന്തെങ്കിലും തന്റേതായ താളത്തിലും ആഴത്തിലും പറയാനുള്ളപ്പോഴാണ് എഴുതിയത്. ഇന്നത്തെ ആവർത്തിച്ച ചർച്ചകളിലെ വരണ്ട യുക്തിയുടെ ഒരു കണം പോലും അദ്ദേഹത്തിൽ കാണാൻ കഴിയില്ല. നമ്മുടെ യുക്തിചിന്തയുടെ ഗദ്യം പരുഷവും സ്ത്രീപുരുഷ വികലതകൾ നിറഞ്ഞതുമാണ്. ഒരാളെ അകാരണമായി വെറുക്കുകയോ അകറ്റുകയോ ചെയ്തുകൊണ്ട്, അഹന്തയിൽ മാത്രം നിലയുറപ്പിക്കുന്ന ഇന്നത്തെ  സ്ത്രീ,പുരുഷസ്വഭാവം നമ്മുടെ ഗദ്യത്തിനുമുണ്ട്. ഇതിൽനിന്ന് ഗദ്യത്തെ മോചിപ്പിച്ച വലിയ എഴുത്തുകാരനാണ് വിജയൻ.

നഷ്ടപ്പെട്ട സ്‌നേഹത്തിന്റെ അതീതവും നിർമ്മലവും വികാരസ്പർശിയുമായ ഒരു അവബോധം അദ്ദേഹം വാക്കുകളിൽ നിറച്ചു. അങ്ങനെ വിജയന്റെ പ്രതിച്ഛായ ഉണ്ടായി. വിജയൻ ഉപയോഗിക്കുന്ന വാക്കുകൾക്ക് സ്വാഭാവികമായി ലഭിക്കുന്ന പരിവേഷമാണിത്. നിശ്ചലമായ വാക്കുകളെ തന്നെ, വിജയൻ ഉപയോഗത്തിലൂടെ പുതുതാക്കി. സ്‌നേഹത്തോടെ  എന്ന് മറ്റുള്ളവർ എഴുതുന്നതിനേക്കാൾ ആഗാധത വിജയൻ എഴുതുമ്പോൾ കിട്ടുന്നത് ഇങ്ങനെയാണ്. ഏതൊരു എഴുത്തുകാരനും ഇതിനു കഴിയേണ്ടതാണ്. ഞാൻ നിർമ്മിക്കുന്ന ഭാവുകത്വംതന്നെ അനായാസമായി, വീണ്ടും ജനിക്കാൻ പ്രേരിപ്പിക്കുന്നതാണ്. എല്ലാ പ്രാചീനവും നവീനവും സംസ്‌കൃതവും അസംസ്‌കൃതവും ജൈവികവും രോഗാതുരവും അചേതനവുമായ അവസ്ഥകളോട് ജിജ്ഞാസയുടെ സ്‌നേഹം കൂട്ടിച്ചേർക്കുകവഴി നമ്മുടെ ഭാഷാപരമായ ഇന്ദ്രിയങ്ങളുടെ പരാതി ഈ എഴുത്തുകാരൻ വിപുലീകരിച്ചു.

എനിക്ക് 'ആത്മായനങ്ങളുടെ ഖസാക്ക്' എന്ന് കൃതിയിലൂടെതന്നെ വർഷങ്ങൾക്കു മുന്നേ ഇതു പറയാൻ കഴിഞ്ഞു. ആത്മായനങ്ങളുടെ ഖസാക്കിലെ കണ്ടെത്തലുകളുമായി യോജിക്കുന്നതാണ് വിജയന്റെ പിന്നീടെഴുതിയ 'ഇതിഹാസത്തിന്റെ ഇതിഹാസം' എന്ന കൃതിയിലെ വെളിപ്പെടുത്തലുകളും. അപരിചിതമായ, നിശ്ചയമില്ലാത്ത ആത്മീയമേഖലകളുടെ ഭാഗവതമാണ് വിജയൻ തേടിയത്.

HOME

No comments:

Post a Comment