ഖസാക്കിലേക്ക്
'ഖസാക്കിന്റെ ഇതിഹാസം' കൈയിലെടുക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് ആ നോവലിന്റെ സൗന്ദര്യസാധ്യതകളാണ്. മലയാളിയുടെ മനസ്സിന്റെ അരികുകളിൽ ഖസാക്ക് കൊളുത്തിവിട്ട തീ ഇനിയും അണഞ്ഞിട്ടില്ല എന്ന് നോവൽ വീണ്ടും വായിക്കുമ്പോൾ ബോധ്യമാവുന്നു. ഒ. വി. വിജയൻ പിന്നീട് ചില രചനകളിലും ഏർപ്പെട്ടുവെങ്കിലും നിഗൂഢമായ പ്രപഞ്ചത്തിന്റെ വഴികൾ കണ്ടെത്തുക എന്ന എഴുത്തുകാരന്റെ ലക്ഷ്യത്തിൽ ഏറെയും അദ്ദേഹത്തെ വിജയിപ്പിച്ചത് ഖസാക്കാണ്. 'ധരർമപുരാണ'വും ഗുരുസാഗരവും' 'മധുരം ഗയതതിയും' വിജയന്റെ ഇതരനോവലുകൾ എന്ന നിലയ്ക്ക് ശ്രദ്ധേയങ്ങളെങ്കിലും കലാചിന്തകളുടെ പരീക്ഷണശാല എന്ന ബഹുമതി 'ഖസാക്കിന്റെ ഇതിഹാസ'ത്തിനാണ് ലഭിക്കുക. നിഗൂഢമായ മനസ്സിനെക്കുറിച്ചുള്ള ധാരാളം അറിവുകൾ പകരുക മാത്രമല്ല ഈ കൃതി ചെയ്യുന്നത്. പ്രാകൃതമായ മനുഷ്യജീവിതത്തിന്റെ ദുരന്തങ്ങളെ പ്രവചിക്കാൻ നോവലിലെ ഗ്രാമവും കഥാപാത്രങ്ങളും മുതിരുന്നു എന്നതാണ് വസ്തുത.
മനസ്സിൽ നടക്കുന്ന ദുരന്തങ്ങളുടെ അതേ പകർപ്പുകളായി നോവലിൽ പ്രകൃതിയും ചുറ്റുപാടുകളും മനുഷ്യനും മാറിവരുന്നു. അന്വേഷിക്കുന്നത് കണ്ടെത്തുമ്പോഴുള്ള ആനന്ദം ഖസാക്കിലാകെ നിറഞ്ഞുനില്ക്കുന്നു. മഹാവൃക്ഷങ്ങളുടെ വേരുകൾക്കിടയിൽ തട്ടിയൊഴുകുന്ന ചെറിയ തെളിനീർചാലുപോലെയാണ് ഇവിടെ ആനന്ദം പ്രസരിക്കുന്നത്. സൂക്ഷ്മാർത്ഥങ്ങളെക്കുറിച്ചുള്ള മൗനങ്ങൾ കഥാപാത്രങ്ങളുടെ ഉള്ളിൽ പെരുകുന്നു. പരംപൊരുൾ ശരീരത്തിന്റെയോ മനസ്സിന്റേയോ അതിർത്തിയിലെവിടെയോ വന്നു മുട്ടിനിൽക്കുന്ന ഭയവും സംഘർഷവും ഖസാക്കിലെ ഓരോ വരിയിലും തുടിച്ചുനിൽക്കുകയാണ്. കണ്ടറിയാവുന്ന നിമിഷങ്ങളുടെ അളവും വ്യാപ്തിയും ഏതോ അവസാനിക്കാത്ത പ്രവാഹത്തിന്റെ ചിഹ്നങ്ങളാണെന്ന് നാം പൊടുന്നനെ ഓർമിച്ചുപോകുന്നു. 'സെമിട്രിക്കൽ സൈപ്രസസ്' എന്ന് ഡയാനാകൂപ്പറുടെ ആത്മകഥയിൽ ഒരിടത്ത് എഴുതിയിരിക്കുന്നു.
ദുരന്തത്തിന്റെ സ്മാരകംപോലെ
പ്രകൃതിയുടെ സമ്മാനങ്ങളിലെ പൊരുൾ സന്ധ്യയുടെയും സൗന്ദര്യത്തിന്റേയും സഹായത്തോടെ അവർ ആരായുന്നു. വൈകാരികഭാവങ്ങളുടെ ഞൊടിനേരത്തെ പ്രക്ഷോഭത്തിനുശേഷം പിന്നെയുള്ളത് ആകാംക്ഷയും അറിവും നഷ്ടമായതിന്റെ വിഷാദമാണ്. ഒരു ജീവകണം പൊട്ടിത്തെറിച്ച് പരമാർത്ഥത്തിന്റെ വലയത്തിനപ്പുറത്തുപോകുന്നു. ഏകാന്തമായ പ്രയാണത്തിന്റെ അദൃശ്യമായ പ്രേരകശക്തികൾ എവിടെയെല്ലാമോ ചിതറിക്കിടക്കുന്നു.
ഒരാളുടെ വ്യക്തിപരമായ നഷ്ടത്തിന്റെ സാദൃശ്യംപോലെയാണ് ഖസാക്ക് എന്ന ഗ്രാമം പ്രത്യക്ഷപ്പെടുന്നത്. അത് രാഷ്ട്രീയമായും സാമൂഹികമായും അമർത്തപ്പെട്ടതിനുശേഷമുള്ള പ്രാകൃതത്വം പേറിനിൽക്കുന്നു. ദുരന്തത്തിന്റെ സ്മാരകംപോലെ ആ ഗ്രാമം വ്യക്തിയെ വിഷാദശീലനാക്കുന്നു. ഓർമ്മകളുടെ സർപ്പങ്ങൾ വലിഞ്ഞുമുറുക്കിക്കൊല്ലുന്ന രാത്രിയാണവിടെ ദുരന്തത്തെ അഭിദർശിക്കുന്നവർക്ക് ഒരു ലോകം നഷ്ടമാകുന്നു. വിജയനും തന്റെ ലോകം നഷ്ടമാവുകയാണ്. നഷ്ടപ്പെട്ട ലോകം മനുഷ്യജീവിതത്തിന്റെ പ്രതാപത്തിന്റേതും പരിഷ്‌കൃതിയുടേതുമായിരുന്നു.
19-ാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ചരിത്രകാരനായിരുന്ന പാർക്മാൻ ദുരന്തത്തെ തന്റെ തേടലിന്റെ സിരാകേന്ദ്രമാക്കി പ്രതിഷ്ഠിച്ചത് മനുഷ്യാത്മാവിന്റെ ആധികാരികമഹത്വത്തെ പുറത്തുകൊണ്ടുവരാനും പരീക്ഷിച്ചുനോക്കാനുമായിരുന്നു. വിജയനും ചരിത്രകാരനെപ്പോലെതന്നെ ദുരന്തത്തെ തന്റെ രചനയുടെ കേന്ദ്രമാക്കിവെച്ചു. അതിലൂടെ ഏതാനും കഥാപാത്രങ്ങളെ അദ്ദേഹം തുറന്നുകാണിച്ചു. ശാസ്ത്രവും ദൈവവും കടന്നുചെല്ലാൻ മടിച്ച അവരുടെ മനസ്സുകളുടെ തനിമയാർന്ന ആധികാരികമഹത്വവും ദൃശ്യപ്പെടുത്തി. കലാകാരനായ വിജയൻ ചരിത്രകാരനേക്കാൾ കുറേക്കൂടി സാധ്യതകൾ ആരായുന്നു. കൂമൻകാവിൽ ബസ്സിറങ്ങിയ രവിക്ക് ആ സ്ഥലം അത്ര അപരിചിതമായി തോന്നിയില്ല എന്നുള്ള തുടക്കം തന്നെ നോവലിസ്റ്റ് തന്റെ ദുരന്തദർശനം വെളിവാക്കാൻ ഉപയോഗിക്കുകയാണ്. രവിയുടെ ഭൂതകാലദുരന്തം സ്വയം വിമർശിക്കാനും അയാളെ പ്രേരിപ്പിക്കുന്നു. ബോധമനസ്സ് ഈ യാഥാർത്ഥ്യം അംഗീകരിക്കുന്നില്ല. അതേസമയം അബോധത്തിലെങ്ങോ ഇങ്ങനെയൊരു പരിണാമം താൻ പ്രതീക്ഷിച്ചിരിക്കണം എന്ന് അയാൾ അനുമാനിക്കുകയും ചെയ്യുന്നു.
ഒരേ ബീന്ദുവിൽ സമ്മേളിക്കുന്ന ചാരുത
കനിവുനിറഞ്ഞ വാർധക്യവും കുഷ്ഠം പറ്റിയ വേരുകളും അയാൾ കൂമൻകാവിലെ പടർന്നുപന്തലിച്ച മാവുകളിൽ കണ്ടെത്തുന്നു. വാർധക്യവും രവിയുടെ അച്ഛന്റേതാണ്. കുഷ്ഠരോഗകേന്ദ്രങ്ങളിൽ അയാൾ അലഞ്ഞിട്ടുണ്ട്. അച്ഛന്റെ ചിത്രവും കുഷ്ഠരോഗികളുടെ വേദനിക്കുന്ന മുഖവും കൈകാലുകളും രവിയുടെ മനസ്സിൽ സ്ഥായിയായിത്തന്നെ നിൽക്കുന്നു. കൂമൻകാവിന്‌റെ ഭൗതികപരിതഃസ്ഥിതിയും രവിയുടെ മാനസികപീഡകളും ഒരേ ബീന്ദുവിൽ സമ്മേളിക്കുന്ന ചാരുതയാണ് വിജയനെ ഉന്നതനായ ദുരന്തദർശന കലാകാരനാക്കിമാറ്റുന്നത്. ദുരന്തദർശനത്തിലൂടെ മനുഷ്യന് സ്വയം കാണാനുള്ള അവസരമാണ് ഉണ്ടാകുന്നത്. പ്രതാപത്തിന്റെ നഷ്ടം നമ്മുടെ സാഹിത്യലോകത്ത് ചർച്ചാവിഷയമായത് ഈ ദുരന്തപ്രേമം കൊണ്ടാണെന്നറിയുക. അന്തരംഗത്തിന്റെ തകർച്ചയാണ് ദുരന്തബോധത്തിനു വിത്തുപാകുന്നത്. രവി എന്ന കഥാപാത്രത്തിന്റെ കാര്യത്തിൽ മാത്രമല്ല ദുരന്തം സംഭവിക്കുന്നത്. ആബിദ, മൈമുന, നൈസാമലി, കൊഴണശ്ശേരിയിലെ കമ്യൂണിസ്റ്റുകൾ, വൃദ്ധൻമാവ്, കരിമ്പനകൾ, നീലി എന്നീ വസ്തുക്കൾക്കെല്ലാം സർവവ്യാപിയായ ദുരന്തത്തിൽനിന്ന് മോചനമില്ലെന്നറിയുക. ദുരന്തബോധം ഇവിടെ കാവ്യാത്മകമായി, വെറും പര്യവസാനമല്ല. വിഷാദത്തിന്റെയും സൗന്ദര്യത്തിന്റെയും സംയോജനങ്ങളിലൂടെ ഈ ലോകത്തിനപ്പുറത്തേക്കുള്ള യാത്രയാണ്.
കാലഘട്ടത്തിന്റെ എല്ലാ അഭിവാഞ്ഛകളിലും ആഴ്ന്നിറങ്ങി വ്യാപരിക്കുന്ന മനസ്സാണ് വിജയന്റേത്. അതെല്ലാം സകല മാനുഷികഭാവങ്ങളിലുമുള്ള യാതനയും വേദനയും ആവിഷ്‌കരിക്കാനുള്ള ഇന്ധനമായി അദ്ദേഹം ഉപയോഗിക്കുന്നു. ഭാതികപരിതഃസ്ഥിതിയുടെ തിരയിളക്കങ്ങളിൽനിന്ന് എഴുത്തുകാരന് കണ്ണെടുക്കാനാവില്ല. എങ്കിലും വിജയന്റെ നോവൽ നടക്കുന്നത് ഗ്രാമത്തിലാണ്. ഗ്രാമം എന്നു പറഞ്ഞാൽ പോരാ, ചരിത്രത്തിന്റെ സാവധാനത്തിലുള്ള പദചലനങ്ങൾ കേൾക്കുന്ന സ്ഥലം എന്നു പറയണം. ഗ്രാമത്തോടുള്ള അഭിവാഞ്ഛ ചരിത്രത്തോടും ദുരന്തത്തോടുമുള്ള മനോഭാവമാണ് പ്രകടിപ്പിക്കുന്നത്. ഏതെങ്കിലും ആശയസംഹിതയുടെ ഒരു മൂലയിൽ മനസ്സാക്ഷി കണ്ടെത്തുകയാണ് വിജയൻ. നേരും നേരായ പന്ഥാവും കണ്ടറിയാനുള്ള ഏറ്റവും ലളിതമായ മാർഗമാണത്. പാർക്മാൻ വനത്തോടാണ് താത്പര്യം പ്രകടിപ്പിച്ചത്. വനത്തിന്റെ ചരിത്രം അമേരിക്കയുടെതന്നെ ചരിത്രമാണ്. ഫ്രാൻസിനോടും ഇംഗ്ലണ്ടിനോടും അമേരിക്കൻസ്പിരിറ്റ് ഏറ്റുമുട്ടിയത് വനാന്തരങ്ങളിൽ വച്ചായിരുന്നു. വനത്തോടുള്ള ആഭിമുഖ്യം പാർക്മാന്റെ ചരിത്രത്തോടുള്ള ആഭിമുഖ്യമാണ് വ്യക്തമാക്കുന്നത്. ഈ ചരിത്രസമീപനം സാക്ഷാൽ വനത്തിന്റെതന്നെ ബിംബം രൂപപ്പെടുത്താൻ ചരിത്രകാരനെ സഹായിക്കുന്നു.
ഏത് സർഗാത്മകകലാകാരനും ഉയർന്ന മാനദണ്ഡങ്ങളിൽ ലോകത്തിന്റെ ചരിത്രവും മനസ്സാക്ഷിയും തമ്മിലുള്ള സംഘട്ടനങ്ങളാണ് ആവിഷ്‌കരിക്കുന്നത്. ലോകചരിത്രം അംഗീകരിക്കപ്പെട്ട ചുവടുകൾ സ്വീകരിച്ചുകൊള്ളണമെന്നില്ല. എപ്പോഴും ആരും അറിയാതെ പോയ തേങ്ങലോ നിരപരാധിത്വമോ ആകാം. അത് വിപുലീകരിക്കുന്നതാണ് ലോകസത്യമായി മാറുന്നത്. ചേർത്താൽ വേഗം ഒട്ടിപ്പിടിക്കുന്നതാണ് മനസ്സാക്ഷിയും ചരിത്രവും. വേർപെടുത്തിയാൽ ആർക്കും തിരിച്ചറിയാൻ എളുപ്പത്തിൽ കഴിയാത്തതും. ചരിത്രകാരനും നോവലിസ്റ്റും ഒരേപോലെ ചിന്തിക്കുന്നതാണ് നാമിവിടെ കാണുന്നത്. പാർക്മാൻ വനത്തോടു കാണിച്ച പ്രതിപത്തി വിജയൻ ഗ്രാമത്തോട് കാണിക്കുന്നു. ഗ്രാമം നമ്മുടെ രാജ്യത്തിന്റെ എല്ലാ തരത്തിലുള്ള തകർച്ചയുടെയും ചിത്രം നൽകുന്നുണ്ട്. എല്ലാത്തിനും മനുഷ്യരെ ഉപയോഗിക്കുകയാണ് അവിടെ. അക്ഷരവും വിജ്ഞാനവും അറച്ചുനിൽക്കുകയാണ് അവിടെ. സാമ്പത്തികമായി ചൂഷണം ചെയ്യപ്പെടുകയാണ് അവിടെയുള്ളവരുടെ ഊർജ്ജവും മസ്തിഷ്‌കവും. സ്വാതന്ത്ര്യത്തിനകത്തുവച്ച് നടത്തുന്ന ഏറ്റവും വലിയ കൊളോണിയൽ അടിച്ചമർത്തലിന്റെ ഇരകളാണ് ഗ്രാമങ്ങൾ.
തന്റെ ഏതാണ്ട് എല്ലാ രചനകളിലും വിജയൻ നഗരത്തിൽനിന്ന് ഗ്രാമത്തിലേക്ക് കഥ കൊണ്ടുവരുന്നതായി കാണാം. എല്ലാത്തിനേയും നോക്കിക്കാണുന്നതിലെ മനോഭാവമാണ് ഇവിടുത്തെ പ്രത്യേകത. സ്വത്വത്തെ നേരിടുന്നതിന്റെ പ്രധാന കരുതൽശേഖരമാണ് വിജയനു ഗ്രാമം. തന്റെ സ്വത്വത്തിന്റെ പ്രാഥമികമായ അവസ്ഥ വികാസം പ്രാപിച്ചതും ഗ്രാമത്തിന്റെ സമ്പദ്‌വ്യവസ്ഥയോട് ചേർന്നാണ്. വികാരങ്ങളുടേയും അനുഭവങ്ങളുടേയും ശുദ്ധമായ ഭാവവും ഈ എഴുത്തുകാരൻ തേടുന്നത് ഗ്രാമത്തിന്റെ സ്വച്ഛതയിലാണ്. ഗ്രാമം വിജയന് ഒരുപിടി മണ്ണല്ല. തന്റെ ആത്മാവിന്റെ പ്രാഥമികവും പക്വതയാർന്നതുമായ മാഹാത്മ്യമാണ്. പാർക്മാനെയും വിജയനെയും ഒരേ രീതിയിൽ അവലംബിക്കുന്നതിലാണ് നാം ഖസാക്കിന്റെ ഇതിഹാസത്തിലെ ചരിത്രസ്പർശിനികൾ കണ്ടെത്തുന്നത്. ഏത് വൈകാരികാനുഭവത്തിന്റെയും മുഖം മനുഷ്യവർഗത്തിന്റെ പ്രാചീനതയിലേക്ക് നീണ്ടുചെല്ലുന്നത് 'ഖസാക്കിന്റെ ഇതിഹാസ' ത്തിൽ കാണാം. ഈ നോവലിന്റെ തുടക്കത്തിലെ ഖണ്ഡികപോലും ഇതാണ് വ്യഞ്ജിപ്പിക്കുന്നത്. കഴിഞ്ഞകാല തിരിച്ചറിവുകളുടെ വിഷാദഭാരത്തിൽനിന്ന് രവിക്ക് ഒരിക്കലും പുറത്തു കടക്കാനാവില്ലെന്നതാണ് വസ്തുത. അയാൾ പരിചയിക്കുന്ന ഓരോ വസ്തുവും ചരാചരങ്ങളുമെല്ലാം ഭൂതകാലത്തിന്റെ തുടർച്ചയായി മാറുന്നു. അതുകൊണ്ടുതന്നെ ജിവിതവൈകാരികത അടിസ്ഥാനപരമായി മാറ്റമില്ലാതെ തുടരുന്നു. ഇതാകട്ടെ പുരാതനമായ നിരപരാധിത്വത്തെക്കുറിച്ചുള്ള സാത്വികമായ വേദനകളാണ് പ്രസരിപ്പിക്കുന്നത്. തെറ്റ് ചെയ്തുകൊണ്ടും അല്പാല്പമായി നുകരുന്ന നിഷ്‌കളങ്കതയാണത്.
ആദിമമായ വിചാരത്തിന്റെ ശുദ്ധത നേടിയെടുക്കാൻ വിജയൻ നിരവധി സങ്കേതങ്ങളാണ് നോവലിൽ ഉപയോഗിക്കുന്നത്. പന്ത്രണ്ടും പതിമൂന്നും അധ്യായങ്ങളിൽ നോവലിന്റെ വിചാരപരമായ സങ്കേതങ്ങളെല്ലാം സമ്മിശ്രമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വാക്കുകളുടെ അവതരണരീതി, സംഗീതാംശം, ഇടവിട്ടുള്ള യുക്തിഭംഗം വന്ന വാക്യങ്ങൾ എന്നിവയെല്ലാം നമ്മുടെ ഗോത്രാനുഭവത്തിന്റെ വേരുകൾ ചികഞ്ഞെടുക്കാനും മനുഷ്യന്റെ യഥാർത്ഥ പാരമ്പര്യത്തിലുമുള്ള സ്വത്വം കണ്ടെത്തി ഉറപ്പിക്കാനും ആത്മാവിന്റെ പ്രവചനഗംഭീരമായ സാധ്യതകൾ പിന്തുടരാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ഓർമയുടെ അറകൾ ഉരുക്കിവച്ചിരിക്കുന്നത്. പുരാതനമായ നന്മകളുടെ തന്മാത്രകളെക്കൊണ്ടു നിറയ്ക്കാനാണിത്. ഖസാക്കിലെ ഏകാധ്യാപകവിദ്യാലയത്തിലെത്തുന്ന ഇൻസ്‌പെക്ടറുമായുള്ള സംഭാഷണത്തിൽ രവിയുടെ മനസ്സ് അറിയാതെ ക്രിസ്ത്യൻകോളേജിലെ പുല്ലുകൾ കാശ്മീരങ്ങൾ വിടർത്തിയ തുറസ്സുകളിലേക്ക് പോകുന്നു. സ്‌നേഹത്തിന്റെ ഉള്ളുരുക്കലാണ് ഈ ഓർമയിലുള്ളത്.
സ്‌നേഹത്തിന്റെ രൂപാന്തരങ്ങളായി പുനർജനിക്കുന്നു
വീണ്ടും ഓർക്കുകയാണ് അയാൾ. ഇപ്രാവശ്യം ചിറ്റമ്മയിലുള്ള കുട്ടികളുടെ മുഖങ്ങളാണ്. എന്നാൽ ആ കുട്ടികൾ പഴയ ഛായാപടങ്ങളെയാണ് ഓർമിപ്പിച്ചത്. ആൽബത്തിൽ എട്ടുകാലികൾ അമർന്ന് ചത്ത് ഉണങ്ങിപ്പറ്റിനിന്ന ആ ഓർമ രവിയുടെ ഹൃദയത്തിന്റെ മുഖ്യഭാഗം ചീന്തിയെടുക്കുന്നു. പിന്നീടുള്ള ഓർമയിൽ രവിയുടെ കുട്ടിക്കാലത്ത്, അമ്മയുടെ മടിയിലിരുന്ന് കൽപകവൃക്ഷത്തിന്റെ കരിക്കിൻതൊണ്ടുകൾ എണ്ണിയത് കടന്നുവരുന്നു. പിന്നീടുള്ളത് കുറ്റബോധത്തിന്റെ നൊമ്പരം പകർത്തുന്ന ചിറ്റമയുടെ മുഖമാണ്. മാറിമാരി വരുന്ന ഈ ഓർമകളെല്ലാം ചരാചരസമ്മിശ്രമാണെന്നകാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്.
മനസ്സിൽ രവി പേറുന്ന മണ്ണും വിണ്ണും എത്ര സമൃദ്ധമാണ്! ഭൂമിയുടെ അംശമെങ്കിലും സാക്ഷാത്കരിക്കാൻ കഴിയാത്ത മനസ്സുമായി നമ്മുടെ കാലം കേഴുകയാണ്. രവിയുടെ സൃഷ്ടി ഈ വർത്തമാനകാലദുരന്തത്തിനു തിരുത്തുകൂടിയാണ്. വർത്തമാനദുരന്തം അയാളുടെ ജിവിതത്തിന്റെകൂടി പ്രത്യേകതയാണ്. ആ ദാരുണമായ സ്മൃതികളിൽ നിന്ന് രക്ഷപ്പെടാൻ തന്റെ മനസ്സിനെ അയാൾ ഭൂതകാലത്തിന്റെ ഭയപ്പെടുത്തുന്ന കാണാക്കയങ്ങളിലേക്ക് എറിയുന്നു. അച്ഛൻ, അമ്മ, എട്ടുകാലി, ആൽബം, കരിക്കിൻതൊണ്ടുകൾ എന്നീ സംജ്ഞകളെല്ലാം നമുക്ക് പരിചിതമായ സജീവതയ്‌ക്കെതിരാണ്. നാം നന്മയുടെ ഏതെങ്കിലും ചിമിഴുകൾമാത്രം ജീവിതോപകാരപ്രദം എന്ന നിലയിൽ അംഗീകരിച്ച് അവയിൽ കഴിയുന്നു. അത് പാടെ നിരാകരിക്കുന്ന രീതിയാണ് വിജയൻ ഖസാക്കിൽ സ്വീകരിച്ചിരിക്കുന്നത്. രവിയുടെ സൃഷ്ടിതന്നെ അത് വ്യക്തമാക്കുന്നു. അയാളുടെ കഴിഞ്ഞകാലദുരിതങ്ങൾ മനുഷ്യനന്മയുടെ സ്‌നേഹത്തിന്റെ രൂപാന്തരങ്ങളായി പുനർജനിക്കുന്നു. ചരിത്രത്തിന്റെ ഇരുട്ടും തിന്മയും കീറിമുറിക്കുന്ന ആർദ്രതയാണ് അയാളുടെ മനസ്സിന്റെ നീറ്റലുകൾ.
No comments:
Post a Comment