Tuesday, January 11, 2022

ആത്മായനങ്ങളുടെ ഖസാക്ക് / എം കെ ഹരികുമാർ/ഭാഗം 6

 


സ്വച്ഛമായ ദുഃഖഭ്രമങ്ങൾ

ലൗകികവേള ക്രോധത്തിന്റെയും നന്മയുടെയും കുപ്പിച്ചില്ലുകൾക്കപ്പുറത്ത്, നിർമ്മലമായ കഥയാണെന്ന് വിജയന് അറിയാമായിരുന്നു. ജൈവ വ്യസനത്തിന് ഒരു ഛന്ദസ്സുണ്ട്. അത് കണ്ടെത്തുമ്പോഴാണ് ജൈവധാരയുടെ ആദിമമായ പുരാണങ്ങളിലെത്തിച്ചേരുന്നത്. ചെറിയ അസ്ത്രങ്ങളുടെയും സൂക്ഷ്മമായ മിഴികളുടെയും ശില്പശാലയിൽവച്ച് ജീവിതത്തിന്റെ കഥ പഠിക്കുന്നത് മനുഷ്യന് ആനന്ദമാണ്. നോവുകളുടെയും വിരഹങ്ങളുടെയും അസ്ഥിപഞ്ജരങ്ങളിൽ മനസ്സ് സൂക്ഷിക്കുമ്പോഴും അനന്തമായ ശ്രവണങ്ങളുടെയും സ്പർശങ്ങളുടെയും ഉപ്പുകല്ലുകൾ സൂക്ഷിക്കുക. ഉൾപ്രേരണകളുടെ വിശുദ്ധ കഥ പറഞ്ഞപ്പോൾ വിജയന്റെ ശ്രദ്ധ ഒരു ബുദ്ധിസ്റ്റ് ചിത്രകാരന്റേതുപോലെ പ്രാർത്ഥനയും ആർദ്രതയും നിറഞ്ഞതായിരുന്നു. ഇഷ്ടമെന്നോ അനിഷ്ടമെന്നോ ധ്വനിപ്പിക്കാനാകാത്ത ദൃശ്യങ്ങൾ ഈ എഴുത്തുകാരനിൽ വിശുദ്ധ ജീവിതപൂരണമായിത്തീർന്നു. 

ലോകത്തിന്റെ നന്മതിന്മകളെക്കുറിച്ചുള്ള ബോധത്തിനപ്പുറം വസിക്കുന്ന ഏതോ അതിഭൗമിക ഉണ്മയുടെ നൈർമല്യം സംഭവങ്ങളുടെ പാദങ്ങളിൽ പറ്റിയിരിക്കുന്നത് വിജയൻ ശ്രദ്ധിച്ചു. അതുതന്നെ ലൗകികരാഗങ്ങളുടെ തീക്ഷ്ണമായ മൗനങ്ങളിലേക്ക് പ്രലോഭിപ്പിക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. ഈ ഉൾപ്രേരണകൾ കലാസൃഷ്ടിയുടെ ആദിമമായ ആത്മബീജമാകുകയും ചെയ്തു. പുരോഹിതന്റെ ഓർമ്മകളിൽ വിശുദ്ധ ജീവിതകഥ ചൊല്ലിക്കൊടുക്കാനുമായാണ് ബുദ്ധിസ്റ്റ് കലാകാരന്മാർ ചിത്രങ്ങളെഴുതിയെന്ന് ധനപാല (Budhist Paintings : Introduction  D C Dhanapala )ബോധിപ്പിക്കുന്നുണ്ട്. വിശുദ്ധമായ ജ്ഞാനം ജീവിതത്തിന്റെ നിമ്‌നോന്നതങ്ങളിലൂടെ നടന്ന് നേടാനുണ്ട്. നൈസർഗികമായ ഇഷ്ടഭംഗങ്ങളും പ്രണയങ്ങളും എയ്ത്‌വിട്ട് ജീവന്റെ മേഖലകളിലൂടെ നടന്നാണ് കലാകാരൻ പുരോഹിതനാവുന്നത്. 

 ഓരോ വാക്കും

ജൈവാവസ്ഥയുടെ രൂപങ്ങളല്ല, ആത്മാവാണ് അയാൾ തിരയുന്നത്. ഇതുകൊണ്ട് അവന്റെ പതനങ്ങളും വാക്കുകളും ആവിഷ്‌കരിക്കുമ്പോൾ, അതിനു പിന്നിൽ സ്വച്ഛമായ അടിയൊഴുക്കുകൾ രൂപപ്പെടുന്നു. ആന്തരപ്രേരണകളിൽ നിന്നാണ് ലോകത്തിന്റെ അദൃശ്യമായ സർഗ്ഗവാസനകളെ തപ്പിയെടുക്കുന്നത്. സ്വഭാവങ്ങളുടെ അവികലമായ സഞ്ചാരവും വികലമായ സമന്വയങ്ങളും ചേർന്നുണ്ടാക്കുന്ന കഥാപാത്രങ്ങളെല്ലാം നിസ്സംഗതയുടെ ആഴം വെളിപ്പെടുത്തുകയാണ്. കഥാപാത്രങ്ങളുടെ ജീവിതനിഷ്ഠയല്ല പ്രകടമാകുന്നത്. ചലനാത്മക ദൃശ്യങ്ങൾക്കുള്ളിലെ നിശ്ചലമായ നിർമ്മലാവസ്ഥ അടിസ്ഥാനപരമായിത്തന്നെ പരിശോധിക്കപ്പെടുന്നു. ഓരോ വാക്കും അനൈഹികമായ ഇത്തരമൊരു സ്വച്ഛതയിലേക്കാണ് തുറക്കുന്നത്.

മർത്ത്യചോദനകളിൽനിന്ന് ചെറുവികാരങ്ങളുടെ നിഴൽചലനങ്ങളും ഭംഗങ്ങളും സംഗീതംപോലെ ജീവിതം അനുഭവിക്കുന്നവരുണ്ട്. ഈ ബോധം ലഭിച്ചാൽ ഐഹികതയുടെ എല്ലാ മുനമ്പുകളും ദിവ്യരൂപങ്ങളും സ്മൃതികളുമായി മനസ്സിന്റെ മുറ്റത്ത് കളിവിരുന്നൊരുക്കുന്നത് അറിയാം. തന്റെയുള്ളിലെ നിർമ്മല മുഹൂർത്തങ്ങൾ കാലത്തിനുപോലും പരിഹരിക്കാനാവില്ലെന്ന് നോവലിസ്റ്റ് സൂചിപ്പിക്കുന്നു. അന്തിമമായ വാസ്തവികതയെ സ്പർശിച്ചുകൊണ്ടാണ് ലാവൊസെ( Lao  Tse : The Way of Life )സംസാരിച്ചത്. അതുകൊണ്ട് പദാർത്ഥഘടകങ്ങളുടെ സമന്വയ കർമ്മങ്ങളിലൂടെ വൈപുല്യത്തിലെത്താൻ ആ മനസ്സ് യത്‌നിച്ചു; ദൈവത്തിന്റെ മനസ്സിലെത്തുന്നതുവരെ. അങ്ങനെ ജീവിതം സ്വപ്‌നാടനത്തിന്റെ ശാന്തസുഭഗത കൈവരിക്കുന്നു. മൂന്നാമദ്ധ്യായത്തിൽ, മൊല്ലാക്ക രാത്രിയിൽ നൈസാമലിയെ തേടിയിറങ്ങുന്നതും ബാങ്കു വിളിക്കുന്നതും, ജീവിതത്തിന്റെ സ്വച്ഛമെങ്കിലും ദുഃഖഭ്രമം നിറഞ്ഞ അടിത്തട്ടും അടിയൊഴുക്കുമാണ് കാണിച്ചുതരുന്നത്. വിഹ്വലമായ ലൗകികരംഗങ്ങളുടെയുള്ളിലും കൃഷ്ണമണിയെപ്പോലെ വിശുദ്ധമായ ഗ്രാമ്യമൗനം വിഷാദത്തിന്റെ വ്രണിതശിശുവായി കഴിയുന്നുവെന്ന് ബോദ്ധ്യപ്പെടുത്തുകയാണിവിടെ. 

 മൗനത്തിന്റെ മുഖത്ത്

 സമ്മർദ്ദങ്ങളുടെ വാത്സല്യത്തിൽ മുങ്ങിക്കിടന്നിട്ടും നൈസാമലി പിന്തിരിഞ്ഞു. മൈമുന കരഞ്ഞില്ല. അവൾ അത്തയുടെ പാട്ടുകേൾക്കാൻ തിരിച്ചു, നിഴലുകളായി ജന്മങ്ങളുടെ ദൃശ്യങ്ങളിൽ വരുമ്പോഴും അവയെ ദിവ്യരൂപങ്ങളാക്കി മാറ്റുന്ന ഐന്ദ്രികസമ്പത്ത് വിജയനുണ്ട്. ചെറിയ പിണക്കങ്ങളും കോപങ്ങളും സരളമായ നിശ്ചലചിത്രത്തിന്റെ ആദിമശുദ്ധാവസ്ഥയിലേക്ക് പരിഭാഷപ്പെടുത്തിക്കൊണ്ടാണ് വിജയൻ ഉൾക്കൊള്ളുന്നത്. തണലിന്റെ ദിവ്യശരീരത്തിലേക്ക് താമസം മാറ്റിയ മനുഷ്യന്റെ ദുഃഖങ്ങളെ നാം അനുഭവിക്കുന്നു. മൗനത്തിന്റെ മുഖത്ത് വീണ പാടുകൾ ഗ്രാമ്യമായ ആതുരതകളുടെ നൈർമല്യമായിരുന്നു. ഓരോ വൈകാരിക സംഘർഷത്തിന്റെയും ചുവട്ടിൽ പൊഴിഞ്ഞു കിടക്കുന്ന സ്വച്ഛമായ ദുഃഖഭ്രമങ്ങളുടെ പൂക്കളിൽ മനുഷ്യൻ ആർത്തിയോടെ പങ്കെടുക്കുകയാണ്. വിരഹത്തിന്റെ സാന്ത്വനം എന്ന ദുഃഖത്തിന്റെ പരിശുദ്ധമായ ശരീരത്തിലുണ്ട്. വിഷാദത്തിന്റെ തനുവിൽ വിളഞ്ഞു കിടക്കുന്ന മനുഷ്യന്റെ ദിവ്യവചനങ്ങളെ തൊട്ടറിയുക. എപ്പോഴെങ്കിലും ആറ്റുതീരത്തുള്ള നിശബ്ദതയുടെ മാതാവിനെ കാണുക. അറിവിൽ നിന്ന് വാർന്നുപോകുന്ന രക്തവുമായി പ്രേരണയുടെ അടിയൊഴുക്കിൽ സ്‌നാനം ചെയ്യുക. മഞ്ഞുമൂടിയ ഭൂമിയാണ് ഞാൻ കണ്ടത്, മഞ്ഞുമൂടിയ ഹൃദയമാണ് ഞാൻ ഭക്ഷിച്ചത് എന്ന് പറഞ്ഞ് വ്യസനിച്ച് ബാക്മാനെ ( Ingeborg Bachmann: Fogland) ഓർക്കുക. ഉണ്മയെ സ്പാർശിക്കാനൊരവസരം ദുഃഖം നൽകുന്നു. 

ഉൾപ്രേരണകളുടെ സ്‌നിഗ്ദ്ധമായ അടിയൊഴുക്ക് കാണുമ്പോഴും, മനുഷ്യന് വികാരങ്ങളുടെ സ്പർശങ്ങളുണ്ട്. നൈസമലി മൊല്ലാക്കയെ പിരിയുമ്പോഴും തിത്തിബിയുമ്മയുടെ അനാഥമായ ഇച്ഛകൾ മൈമുനയിൽ തട്ടിയുടഞ്ഞുപോകുമ്പോഴും വികാരങ്ങളുടെ തോടുകളിൽ നാം അറിയാതെ ചെന്നുമുട്ടുന്നു. അങ്ങനെ മനസ്സ് ഏതോ വിശുദ്ധ സ്വകാര്യത്തിനായി ആബദ്ധമാവുന്നു. സ്വച്ഛമെങ്കിലും ദുഃഖഭ്രമം നിറഞ്ഞ പ്രേരണകളുടെ അടിത്തട്ട് പ്രത്യക്ഷമാക്കിയശേഷം വിജയൻ കാലത്തിന്റെ തൃഷ്ണയും തെളിഞ്ഞ ആകാശവും ദൃശ്യമാക്കുന്നു. 

കാലത്തിന്റെ കാല്പാടുകൾ പതിഞ്ഞു കിടക്കുന്ന മനുഷ്യന്റെ ഉൾപ്രേരണകളെ സമന്വയിപ്പിക്കുകയാണിവിടെ. ഇണചേരുകയും അടക്കം പറയുകയും കലഹിക്കുകയും ചെയ്യുന്ന ലൗകിക ദുഃഖപരമ്പരകളുടെ തെളിഞ്ഞ നദിയിൽ കാലത്തിന്റെ നൈസർഗികമായ കാമനകൾ മിന്നിമറയുന്നതും കാണാം. ആഴമേറിയ ജലപ്പരപ്പിനു മുകളിൽ നീലത്താമരകൾ വിരിഞ്ഞുവെന്ന് നോവലിസ്റ്റ് ധ്വനിപ്പിക്കുന്നുണ്ട്. വൃക്ഷച്ചില്ലകളിൽ ആഞ്ഞുകൊത്തിയ മൃഗതൃഷ്ണകളും അലസമായി ഇഴഞ്ഞു നീങ്ങിയ മണ്ഡലികളും കാലത്തിന്റെ കൈവിരലുകളിലെ ചൂടുള്ള രക്തം തൊട്ടറിഞ്ഞു. ഇരുട്ടിന്റെ അമ്മയുടെ ഉദരത്തിനുള്ളിൽ അവൾ നൈസാമലിയുടെ യോഗാത്മകമായ ശരീരം ഭുജിച്ചു. ഗർഭപാത്രം കടലിനേക്കാൾ അഗാധമാണെന്ന് കവി (Hans Egon Holthusen: My Life , My Death ) പാടിയിട്ടുണ്ട്.

 കാലത്തിന്റെ സ്വതസ്സിദ്ധമായ തൃഷ്ണകളും ആഴത്തിൽ പതിയാത്ത കാല്പാടുകളും സ്വാസ്ഥ്യത്തോടെയിരിക്കുന്നതായി നാമറിയുന്നു. മൈനുനയും നൈസാമലിയും കാലത്തിന്റെ തനുവിൽ മുളച്ച രണ്ടു സസ്യങ്ങൾ. അവർ കുസൃതിയുടെ നിഷ്‌കളങ്കതയിലൂടെ ലോകത്തിന്റെ മൂർച്ചയേറിയ മൗനത്തിൽ വന്നണഞ്ഞു. ഉൾപ്രേരണയുടെ ദുഃഖഭ്രമത്തിലും കാലത്തിന്റെ കാമനയിലും സ്‌നാനം ചെയ്ത ഖസാക്കിലെ സന്തതികളെ വിജയൻ ജീവിതത്തിന്റെ വിശുദ്ധകഥയിലെ സംഭവങ്ങളാക്കിമാറ്റി. അങ്ങനെ പുരോഹിതനും പാപിയും വിശുദ്ധ ജീവിതപുരാണവും നിറഞ്ഞു നിൽക്കുന്ന അനൈഹികമായ ദുഃഖഭ്രമമാണ് കലയെന്ന് വിജയൻ സ്ഫുടീകരിച്ചു. അതിനുള്ളിൽ പ്രപഞ്ചത്തിന്റെ അഗാധതലസ്പർശിയായ മൗനത്തിന്റെ വചസ്സും മന്ത്രങ്ങളും നൃത്തം വയ്ക്കുന്നതായി ഈ എഴുത്തുകാരൻ ബോധിപ്പിച്ചു. തന്റെ സ്ഥലപരതയിലും കാലത്തിലും തലോടി നിൽക്കുന്ന ഭൂതകാലത്തിന്റെ നിസ്സംഗമായ ശയനം അനുഭവിച്ചു.

 ഇടിഞ്ഞുപൊളിഞ്ഞ പള്ളികളിലൂടെ

ഖസാക്കിന്റെ ഗ്രാമ്യപരിസ്ഥിതിയിൽ ഉറങ്ങിക്കിടക്കുന്ന ദൃശ്യാത്മകമായ അബോധത്തിന്റെ അടിയൊഴുക്കുകൾ വിജയൻ അവതരിപ്പിക്കുന്നത് കാലം തളംകെട്ടിനിന്ന പള്ളികളിലൂടെയാണ്. അവയിൽ ഖസാക്കിന്റെ നിശ്ചലമായ ദുഃഖഭ്രമങ്ങൾ എത്രയോ കാലം കഴിഞ്ഞു. ഭൗതികമായ ആഖ്യാനത്തിന്റെ മുഖാവരണത്തിൽ നിന്നുകൊണ്ട് നോവലിസ്റ്റ്, മനുഷ്യന്റെ ഭൂതകാലത്തിന്റെ അടഞ്ഞവായ് കണ്ടെത്തുന്നു. ഭൂതകാലത്തിന്റെ തണലുകളിൽ ഒഴിഞ്ഞുകിടക്കുന്ന വഴികളും ദുരൂഹവും വിദൂരവുമായ ചിലമ്പൊച്ചകളും മനസ്സിനെ ആന്തരിക സ്മൃതിയിലേക്ക് നയിക്കുകയാണ്. ഉൾക്കടലിന്റെ കറുത്ത ജലവസ്ത്രങ്ങളിൽ മഞ്ഞിന്റെ ധാരപോലെ ഓർമ്മകളുടെ നിര, കോൾമർ  (Gertrud  Kolmar  : The Unicorn)ഓർമ്മിപ്പിക്കുന്നുണ്ട്.

ഭൂതകാലത്തിന്റെ അടഞ്ഞവായ് കണ്ടെത്താനുള്ള സർഗ്ഗാത്മകമായ കാമനകൾ ഖസാക്കിലെ ഇടിഞ്ഞുപൊളിഞ്ഞ പള്ളികളിലൂടെ വിജയൻ വരച്ചിടുന്നു. നരൻ ക്ഷേത്രങ്ങളും പള്ളികളും നിർമ്മിക്കുമ്പോൾ അതവന്റെ ആത്മബോധത്തിന്റെ ഇലച്ചാർത്തുകളെയാണ് സൂചിപ്പിക്കുന്നത്. എന്നെങ്കിലും, ആ ദേവാലയത്തിൽ നിന്നും അവൻ ഒളിച്ചോടുമ്പോൾ പരിത്യക്തത പൂർത്തിയാവുന്നു. സത്യത്തിൽ, ഖസാക്കിലെ പള്ളികൾ അവിടത്തെ ജീവിതത്തിന്റെ, പരിത്യക്തതയാണ് തുറന്നിടുന്നത്. മനുഷ്യരുടെ ദൈനംദിന ജ്വരങ്ങളുടെ ആകസ്മികമായ നിമ്‌നോന്നതങ്ങളിലൂടെ വെളിച്ചം പാറിക്കൊണ്ട് കടന്നുപോയ ഭ്രമങ്ങളുടെ കറുത്ത കാല്പാടുകൾ പള്ളികളിലുണ്ട്. 

ഓർമ്മകളുടെ പഴുത്ത ഇലകളും വിഷാദ ശ്രദ്ധകളും സുരതത്തിൽ ലയിക്കുന്ന അനുഭവം ഉണർത്തിവിടുന്നു. മൃദുലവികാരങ്ങളുടെ അരങ്ങുകളിൽനിന്ന് മൺമറഞ്ഞുപോയ തങ്ങളുടെ ഭൂതത്തെതേടി ഖസാക്കുകാർക്ക് ഏറെ വിഷാദങ്ങളുണ്ട്. അവരുടെ സരളമായ ഓർമ്മത്തെറ്റുകളിൽ കാലത്തിന്റെ പ്രേതം കാത്തിരിക്കുന്നു. കാലം വിരഹത്തിന്റെ താഴ്‌വരകളിലെവിടെയോ പൂത്ത ഒരു പുഷ്പമായിരുന്നു. ഗൗളിയും മഞ്ഞക്കിളിയും ചെന്ന് പുഷ്പത്തെ വിളിച്ചുണർത്താൻ ശ്രമിച്ചു. ജന്മങ്ങളിലൂടെ വിടർന്നു വരേണ്ട കുസുമങ്ങളുടെ ആരാമമായി അതു മാറിക്കഴിഞ്ഞു. കാലം പ്രണയത്തെയും ജഡത്തെയും അവശിഷ്ടങ്ങളെയും ഉദരത്തിൽ സംഭരിച്ചുകൊണ്ട് നിലാവുകൾക്കപ്പുറത്ത്, ഭൂതത്തിനപ്പുറത്ത് നിന്ന് മനുഷ്യരുടെ ദിനവേലകളിലൂടെ പുനർജനിച്ചു. മൊല്ലാക്കയിലൂടെ, തിത്തിബിയുമ്മയിലൂടെ, മൈമൂനയിലൂടെ, പലരിലൂടെയും കാലം തെളിഞ്ഞു. പൂത്തു. അതവരുടെ മനസ്സുകളിൽ കുടിവച്ചു. അരയാലിലകളിൽ താളമിടുമ്പോഴും വാക്കുകളിലൂടെ ഭൂതത്തിന്റെ വായ് തല്ലിത്തുറക്കാൻ ശ്രമിക്കുമ്പോഴും അവർ കാലത്തിന്റെ ഭർത്സനമേറ്റ് വീഴുന്നു. നിശ്ചലതയുടെ മൗനമറിഞ്ഞു. സ്വച്ഛമെങ്കിലും ദുഃഖഭ്രമങ്ങളുടെ വിളനിലമായ പ്രേരണകളെ ഇങ്ങനെ സാക്ഷാത്കരിക്കാനാണ് വിജയൻ ശ്രമിക്കുന്നത്. കഴിഞ്ഞുപോയതിന്റെ ജ്വരത്തകർച്ചകൾ വർത്തമാനത്തിന്റെ സന്നിഗ്ദ്ധതകളിലൂടെ ചിതറി ഓടുന്നു.

 വസ്തുക്കളെയും മനുഷ്യരെയും വഹിച്ചുകൊണ്ട് ഉൾപ്രേരണകൾ ഖസാക്കിന്റെ വെളിമ്പുറങ്ങളിൽ ചിണുങ്ങിനിന്നു. ഉദ്വേഗങ്ങളുടെയും തൃഷ്ണകളുടെയും പാദചലനങ്ങൾക്കിടയിൽ വസ്ത്രങ്ങളുടെ നീലിമ പുരണ്ട ഭൂതം കണ്ണുകളടച്ചു കിടന്നു. ദുഃഖഭ്രമങ്ങളുടെ അടിയൊഴുക്കുകളെ ആസക്തി വാർന്നുപോയ വേഗപ്രവർത്തനങ്ങളിലൂടെ വിജയൻ കണ്ടെത്തി. എങ്കിലും ഖസാക്കിലെ മനുഷ്യരിൽ കാലം വിറങ്ങലിച്ചു നിന്ന അടിത്തട്ടുണ്ട്. കാലത്തിന്റെ വണ്ടുകളിഴഞ്ഞ മുഖങ്ങളുണ്ട്. ഓരോ പെരുമാറ്റത്തെയും ആർദ്രതയോടെയാണ് വിജയൻ കാണുന്നത്. തന്റെ ചക്ഷസ്സുകൾക്കുള്ള ദിവ്യമായ ഈ ലൗകികജ്ഞാനം, ആരർത്ഥത്തിൽ സമയത്തിന്റെ പ്രകാശനമാണ്. കൊടുങ്കാറ്റിനെ അനുഗമിച്ച് കണ്ണീരിന്റെ ആഗമനം തിരക്കുന്ന വെർഫെലിനെ (Franz Werfel: Elevation) പോലെയാണ് വിജയൻ.

 ഗതകാലത്തിൽ നിന്നുള്ള കാഴ്ചയുടെ ഗമനം ബാഹ്യവസ്തുക്കളിലൂടെ പുനരാവിഷ്‌കരിക്കപ്പെടുന്നു. സംസാരങ്ങളും സ്‌നേഹബന്ധങ്ങളും അലൗകികമായ അനുഭവിക്കുന്നു. ഗ്രാമത്തിന്റെ പകയും പ്രണയവും ബാല്യത്തിന്റെ ഏതോ വിനോദമായി നേരിടുമ്പോൾ ജീവിതത്തിന്റെ സ്വച്ഛമായ അടിയൊഴുക്കുകളിലാണ് സ്പർശിക്കുന്നത്. ദുഃഖഭ്രമങ്ങളുടെ ഉൾജലവും നിർമ്മലമായ ജൈവധാരയുടെ ഉൾപ്രേരണകളും തണൽ വിരിച്ചിട്ട ജീവിതം എത്ര സൗമ്യമാണ്! ഏകാകിതയ്ക്ക് ഇനിയും എത്ര പ്രാർത്ഥനകളാണുള്ളത്! അവയിലൊന്നെങ്കിലും അറിയുമ്പോൾ മനസ്സ് ജൈവസംഗിതത്തിന്റെ ഭൗതികരൂപത്തെ സ്പർശിക്കുന്നു. വിരുന്ന് ആകർഷകമായ വിഷാദസ്വച്ഛതയായിത്തീരുന്നു. അടുപ്പങ്ങളും അകൽച്ചകളും വിശുദ്ധമായ ആദിമ സങ്കടങ്ങളുടെ പുരാണ പ്രത്യക്ഷങ്ങളാവുകയാണ്. ഖസാക്ക് പൗരാണികകാലത്തിന്റെ പരിത്യക്തമായ ശരീരമായിത്തീരുന്നതിങ്ങനെയാണ്.

HOME



ആത്മായനങ്ങളുടെ ഖസാക്ക് / എം കെ ഹരികുമാർ/ഭാഗം അഞ്ച്

 


അധോമുഖമായ പ്രമാണങ്ങൾ

ഓരോ ശ്വസനവും ആരംഭിക്കുന്നത് തീക്ഷ്ണമായ പ്രപഞ്ച്‌സമീക്ഷയുമായാണ്. യാത്രയ്ക്കിടയിൽ, പ്രഭാതശ്വസനങ്ങൾക്കിടയിൽ മനസ്സിന്റെ പാറിവീഴുന്ന ഓർമ്മപോലും പ്രപഞ്ചത്തിന്റെ ചുറ്റളവുകൾ കാംക്ഷിക്കുന്നു. ശ്വസനങ്ങളുടെയുള്ളിൽ ഏകവചനങ്ങളുമായി വാഴുന്ന ആത്മാവുണ്ട്. വൈറ്റ്‌ഹെഡ്(Alfred North Whitehead: Religion in the Making,1926) ഓർമ്മിപ്പിക്കുന്നതുപോലെ, തെറ്റിപ്പിരിഞ്ഞും ഓർമ്മകളിൽ അക്രമം കാണിച്ചും സഞ്ചരിക്കുമ്പോൾ മനുഷ്യൻ, ഒരു വിശ്വാസത്തിന്റെ യോഗാത്മകശരീര Mystical Body)ത്തിലെത്തിച്ചേരുകാണ്. ഓർമ്മകളിലൂടെ സ്വാശ്രയമായ ഒരു മതത്തിലാണ് ചെന്നെത്തുന്നത്. 'ഖസാക്കിന്റെ ഇതിഹാസ'ത്തിലൂടെ വിജയൻ ധാരണയുടെ യോഗാത്മക ശരീരത്തിൽ പ്രവേശിക്കാനാണ് ശ്രമിക്കുന്നത്. വിജയന്റെ ചിന്തകളിൽ ദൈവത്തിന്റെയോ വിശ്വാസത്തിന്റെയോ ലൗകികമായ ദൃഢതയില്ലെന്നോർക്കുക. അത് സ്വകാര്യതയുടെ യോഗാത്മകശരീരവും മൗനത്തിന്റെ അലൗകികതയുമാണ്.

 കൊഴിയുന്ന ഏതോ സമയസന്ധിയിൽ വിലാപം നിറഞ്ഞ പ്രാർത്ഥനയോളം കിനിഞ്ഞിറങ്ങുന്ന നിശ്ശബ്ദതയിൽ നിന്നാണ് വിജയൻ ആത്മാലോചനയുടെ ധനുസ്സുകൾ സംഭരിക്കുന്നത്. കാഴ്ച കണ്ടുകണ്ടു വ്രണിതമായ മുഖവും അകവും ഐഹിക ലോകത്തിൽ നിരാശ്രയമായിത്തീരുന്നു. അർദ്ധഭ്രമത്തിന്റെ സമചിത്തതയും ഇച്ഛാശേഷിയുടെ സ്വച്ഛത നിറഞ്ഞ ഇറക്കങ്ങളും ആത്മാവിനു കൂട്ടിനു ലഭിക്കുന്നു. ഓർമ്മകൾ, ഇവിടെ, വസ്തുക്കളിൽ നിന്ന് വേർപെടാതെ കുഴയുന്നു. വരുംവരായ്കകളുടെ ഓർമ്മകളിലെവിടെയോ സുപരിചിതമായിത്തീർന്നതാണ് ആ മാവ്. മാവ് തന്റെ ഓർമ്മയുടെ വൃക്ഷമാണ്. അതിന്റെ ഇലകൾ നിലത്തുവീഴുമ്പോൾ അത് നാഴികയുടെ പ്രതീകാത്മകമായ പ്രാപഞ്ചികാനുഭവമായിത്തീരുന്നു. സമയം ഇലകൾപോലെ കൊഴിയുകയാണ്. 

 ഒരായിരം പക്ഷികൾ

സമയത്തിന്റെ പതനം ശ്രവിക്കുമ്പോൾ ഏറെ വ്യക്തമല്ലാത്തൊരു വചസ്സ് ശിരസ്സിൽ പതിക്കുന്നു. ഓർമ്മകൾ സ്വപ്‌നങ്ങളിലേക്കും നീങ്ങുകയാണിവിടെ. ആ വേഷവിധാനങ്ങളിൽ ഉഴലുമ്പോൾ, പ്രയാണം അധോമുഖമായ മൂല്യങ്ങൾ നേടുന്നതായി മൊറാവിയ(Alberto Moravia:The Dream,1964) രേഖപ്പെടുത്തുന്നു. ഓർമ്മകളുടെ ഭൂമിയിൽ വളർന്ന സ്വന്തം ഭൂതഗമനങ്ങൾ വിജയൻ സൃഷ്ടിയുടെ തുടക്കത്തിൽ തന്നെ സൂചിപ്പിക്കുന്നുണ്ട്. വസ്തുക്കളും മനസ്സും ഏതേത് പൊരുത്തങ്ങളിലാണെന്ന് മാത്രയിലാക്കിവെക്കാനാവില്ലെങ്കിലും, ബാഹ്യാവസ്ഥയിൽ നിന്ന് ചിത്തവും തന്നിൽനിന്ന് ബാഹ്യാവസ്ഥയും ഭിന്നമല്ല. ആ ജൈവ സാക്ഷാത്കാരത്തിൽ മനസ്സിന്റെ നിലവറകളിൽ കരിങ്കാളികളും ദുർഭൂതങ്ങളും നൃത്തം വെയ്ക്കുന്നു. മിഴികളുടെ പുലരികളിൽ മിന്നിനിന്ന് വേപഥു അതായിരുന്നു. അധോബോധത്തിന്റെ ജലാശയത്തിൽ നിന്ന് ആകാശത്തിലേക്ക് കുതിക്കുന്ന ഒരായിരം പക്ഷികൾ. അഥിന്റെ ലാവണ്യസന്ധ്യകളിൽ മതിമറന്നിരുന്നുപോകുന്ന അജ്ഞാത ഹൃദയത്തിന്റെ സാന്നിദ്ധ്യം. വീണ്ടും സന്ധ്യകൾ കറുക്കുന്നു. മലയടിവാരത്തിലെന്നോ കണ്ട കാടിളക്കങ്ങളെക്കുറിച്ചും ജരാനരകൾ വീണ മാവിനെക്കുറിച്ചും ഓർക്കുമ്പോൾ മനസ്സ് ഓളംവെട്ടുന്നു.

ആ ശബ്ദത്തിൽ ആത്മാവിന്റെ ജൈവതാളം, ദുഃഖഭരിതമെങ്കിലും സ്ഫുടമാവുന്നു. വരുക, ദുഃഖത്തിന്റെ ആ രക്തരൗദ്രമായ ഭാഷ ശ്രദ്ധിക്കുക; ഒരിക്കൽ, മനസ്സിൽ പറവകളെ വളർത്തുമ്പോൾ കാടും മേടും തിരഞ്ഞെടുക്കുക. വീണ്ടും വീണ്ടും മനസ്സിന്റെ ആശ്രയങ്ങളിലേക്ക് പ്രപഞ്ചത്തിന്റെ പൂമ്പൊടിയുമായി, അർദ്ധ നിദ്രയിൽ ഒരു യാത്ര തുടങ്ങാം. മനസ്സിന്റെ ആശ്രയസ്ഥാനങ്ങൾ ആത്യന്തിക യാഥാർത്ഥ്യമായി നിലകൊള്ളുകയാണ്. ദ്വേഷത്തിനും അധികാരത്തിനും വേണ്ടി അന്ത്യശ്വാസം വലിക്കുമ്പോൾ, ആരാണ്, ഏതു ശക്തിയാണ് നമ്മെ ആശ്വസിപ്പിക്കുന്നതെന്ന് കമ്യു(Albert Camus:The Renegade ,1958)വിന്റെ കഥാപാത്രം ചോദിക്കുന്നതും മനസ്സിന്റെ ആശ്രയസ്ഥാനങ്ങളിൽതന്നെ, ഏകാകിതയുടെ മൂർത്തവസ്തുവിൽ തന്നെ വന്നുമുട്ടുന്നു. അത് ഒറ്റപ്പെടലിന്റെ രഹസ്യവും വേദനാനിബിഡവുമായ പുതിയ പ്രമാണങ്ങൾ ഉയർത്തുകയാണ്. സത്യത്തിനുവേണ്ടിയുള്ള തൃഷ്ണയുടെ നഗ്നബന്ധങ്ങൾ വെളിപ്പെടുകയാണ്.

 ഏതോ വിസ്മൃതമായ രാത്രി

ദിവ്യരൂപങ്ങൾ (Divine Objects) അധോമുഖമായ പ്രമാണത്തിന്റെ സ്വരരാഗമാണുതിർത്തിടുന്നതെന്ന് സന്തായന വിചാരിച്ചുറപ്പിക്കുന്നുണ്ട്. വിജയന്റെ ആദ്ധ്യാത്മികമായ പ്രേരണകൾ അധോമുഖമായ പ്രമാണത്തിന്റെ നേരിലാണ് കുടികൊള്ളുന്നത്. നിമിഷം തോറും വേഷം മാറി വരുന്ന ഭൗതിക പരിതഃസ്ഥിതികളും പകലൊച്ചകളും ഏതോ വിസ്മൃതമായ രാത്രിപക്ഷത്തിലെ വിരഹവേദന പകരുന്നു. കാവിക്കച്ച ചുറ്റിയുള്ള രവിയുടെ അലസമായ യാത്രയ്ക്കിടയിൽ മരങ്ങളും പാറകളും കുറ്റിച്ചെടികളും ഓർമ്മകളിലവശേഷിച്ചതായി വിജയൻ എഴുതുന്നുണ്ട്. അവ ദിവ്യരൂപങ്ങളുടെ ആന്തരസത്യവാങ്മൂലങ്ങളായി വിജയൻ എഴുതുന്നുണ്ട്. അവ ദിവ്യരൂപങ്ങളുടെ ആന്തരസത്യവാങ്മൂലങ്ങളായി മനസ്സിനെ നയിക്കുകയാണ്. ഓരോ വസ്തുവും കുറേ ഓർമ്മകളുമായി ലയിച്ച് ചുറ്റുപാടുകൾ വികസിക്കുന്നതിങ്ങനെയാണ്.

 പ്രകൃതിയുടെ വാത്സല്യ പ്രവാഹത്തിലൂടെ ജൈവസംഗീതം പോലെ പരന്നൊഴുകുന്ന ബോധമായി രവി നിൽക്കുന്നു. അയാൾ യാത്ര ചെയ്യുന്നതിലുപരി ആർജ്ജിക്കുകയും നിക്ഷേപിക്കുകയും, അതോടൊപ്പം സ്വയം സംസ്‌കരിക്കുകയുമാണ്. ഭൂമിയുടെ സംസാരം അറിയാനാണ് മനുഷ്യന് ദൈവത്തിന്റെ സാമ്രാജ്യം ആവശ്യമായി വരുന്നതെന്ന് ജോൺ കോഗ്ലിയുടെ (John Cogley: Religion in a Secular Age)ഒരു പഠനത്തിൽ വെളിപ്പെടുത്തുന്നുണ്ട്. ഇവിടെ രവിയുടെ ബോധത്തിലെ അടിയൊഴുക്കുകളെല്ലാം, ഭൗമസന്ദർഭങ്ങളെല്ലാം, വസ്തുക്കളെല്ലാം ദിവ്യമായ ഏതോ അനുധാവന (Divine Trace)മായിത്തീരുന്നു. അത് വർത്തമാനത്തിന്റെ ധാതുവിനെ അറിയാനുള്ള ഐഹികവും അനൈഹികവുമായ കുമ്പസാരമാവുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് രവി സംസാരിക്കുമ്പോഴും അയാളറിയാതെ ഭൂതവും വർത്തമാനവും കൂടിക്കുഴഞ്ഞ്, കാലബോധത്തിനപ്പുറത്ത്, അധോമുഖമായൊരു പ്രമാണത്തിന്റെ (Inward Value ) ദിവ്യരൂപങ്ങളിലെത്തിച്ചേരുന്നത്. എല്ലാ വസ്തുക്കളെയും ഹൃദയത്തിലേക്ക് കൊണ്ടുവരുമ്പോഴും അനർധമായ ധാതുശേഖരം ലഭിക്കുന്നു. ഐന്ദ്രിയവും സ്മൃതിസംബന്ധവുമായ ലൗകികതയെല്ലാം പുതിയ വഴികളിൽ സിദ്ധിച്ച് ജൈവ സന്ദർഭത്തിന്റെ സമുന്നതമായ ഏകതാളം സംജാതമാകുന്നു. രവിയുടെ പ്രവർത്തനങ്ങൾ പോലും സാകല്യമായ ഇത്തരമൊരവസ്ഥയിലേക്കാണ് നീങ്ങുന്നത്. 

 വ്യസനസാന്ദ്രമായ മനസ്സിന്റെ സൗപർണ്ണികയിൽ

ബോധത്തിനജ്ഞാതമായ ലിപികളും മർമ്മരങ്ങളും സംഭരിച്ചെത്തുന്ന അനൈഹികമായ ധാരയിലാണ് വിജയന്റെ കലാപ്രതിഭ സമാധികൊള്ളുന്നത്. ഭൗതികരൂപങ്ങളുടെ അനുരണനങ്ങളിൽ വസിച്ചുകൊണ്ട് സ്വന്തം ആത്മപ്രവാഹത്തിന്റെ അണിയൊച്ചകളിൽ നിമഗ്നമാവുന്ന ആതുരതയുടെ അലയെ വിജയൻ വരച്ചിടുന്നു. തൃഷ്ണകളെ വിജയൻ സ്മരിക്കുന്നുണ്ട്. അതിന്റെ ഭർത്സനമേറ്റ് രവി എപ്പോഴൊക്കെയാണ് തരളിതനാവാത്തത്? ജീവിതത്തിലെ ആസക്തമായ ദിനങ്ങളെക്കുറിച്ച് ഓർത്തുപോവുന്നു. വ്യസനസാന്ദ്രമായ മനസ്സിന്റെ സൗപർണ്ണികയിൽ പരൽമീനുകളായി വന്നു ശ്വാസമെടുക്കുന്ന പ്രകൃതിയുടെ വസ്തുക്കളെ സകല ജീവിത സന്ദർഭങ്ങളുമായി വിജയൻ ബന്ധിച്ചിരിക്കുകയാണ്. അവയിൽനിന്ന് അനാദിയായ തൃഷ്ണയും മോക്ഷവും തന്ന പ്രപഞ്ചജീവിതമാകെ ആയുസ്സിനപ്പുറത്ത് തഴയ്ക്കുകയാണെന്ന ബോധത്തിന് വഴിപ്പെടുമ്പോഴും, കണ്ടുമുട്ടുന്ന ഓരോ ഖരവും നൽകുന്ന അനന്തമായ ഓർമ്മകളെ പിന്നെ ഏതു ചെപ്പിലാണ് സൂക്ഷിക്കുക? ഖരരൂപങ്ങളുടെ ഭൗമവാസത്തിൽ മനുഷ്യനും തനിച്ചാണ്. എങ്കിലും അവനിലെ ഓർമ്മകളത്രയും കാലഭേദങ്ങളില്ലാതെ പ്രപഞ്ചവസ്തുക്കളോടൊത്ത് രമിക്കുകയാണ്. ഓർമ്മകളുടെ നിബിഡമായ മഥനങ്ങളേറ്റുവാങ്ങുന്ന ഖസാക്കിലെ മാവുകളെ നോവലിസ്റ്റ് വീണ്ടും പരിചയപ്പെടുത്തുന്നു. 

രാഗതൃഷ്ണകളിൽ വലിഞ്ഞു മുറുക്കപ്പെട്ട തങ്ങളുടെ കമ്പികളിൽ അവർ സ്പർശിക്കാത്തതെന്ത്? നീലഞരമ്പോടിയ അവരുടെ തണലുകളിൽ, രതിയുടെ പ്രകൃതിയും സ്മൃതികളുടെ സീമയറ്റ മഥനങ്ങളും സംഭരിച്ചുവച്ചിട്ടുണ്ട്. പ്രകൃതിക്കും മനുഷ്യനും വസ്തുക്കളുടെ ശിരസ്സിനു മുകളിൽ കല്പിക്കപ്പെട്ടിരിക്കുന്ന സാദൃശ്യം, വസ്തുക്കളുടെ ശിരസ്സിനു മുകളിൽ പന്തലിച്ചു നിൽക്കുന്ന പ്രകൃതിയുടെ ആദിമരതിയാണ് കാണിച്ചുതരുന്നത്. ഇവിടെ നിന്നും രവിയുടെ മനസ്സിന്റെ അനന്തമായ യാത്രകളുടെ തേര് പ്രത്യക്ഷമാവുകയാണ്, ദുഃഖം നിശ്ശബ്ദതയുടെ സമീപമെത്തിച്ചേരുന്നു. നോക്കുക, ദുഃഖം നിശ്ശബ്ദതയുടെ മാതാവാണ്! രവിക്ക് ചേതനകളിലത്രയും നടുക്കവും ഉന്മാദവും പകർന്നുകൊടുത്തത് ആ നിശ്ശബ്ദതയുടെ മാതാവായിരുന്നു. ചിത്രത്തിനായി മനസ്സ് ഒരുമ്പെടുന്നുണ്ട്. 

 മത്സ്യങ്ങൾ ഇലകൾപോലെ

എന്നാൽ എന്നോ മറന്നുപോയ ആ ദുഃഖഗാനത്തിന്റെ അലകൾ രവിയിൽ തെളിയുന്നു. തിണ്ണയിലും മുറ്റത്തുമായി ചിതറി നിന്ന തൊഴിലാളികളും അത്തറുകുപ്പികളും അമ്മയുടെ കിടപ്പും നിശ്ശബ്ദതയുടെ മാതാവിനെ ഓർമയിലെത്തിക്കുന്നു. നിയന്ത്രണം വിട്ട സ്വന്തം കപ്പലിന്റെ ഗമനം. സ്വയം അപ്രത്യക്ഷമായിരിക്കുകയും തിരിച്ചറിവുകളിൽ നിന്ന് വിമുക്തമായിരിക്കുകയും ചെയ്യുന്ന മനസ്സുണ്ടവിടെ.  റോഗർ മാക്‌ഗോ(Roger McGough: What You Are ) യുടെ ഒരു ഗാനം ഓർക്കുന്നു. നിങ്ങളാണ് ഉൾജലത്തിലെ വൃക്ഷം. അതിനു ചുറ്റും മത്സ്യങ്ങൾ ഇലകൾപോലെ ഒട്ടിച്ചേർന്നിരുന്നു. നിങ്ങൾ ഹരിതമാണ്. അതിന്റെ ആഴങ്ങൾ എന്നിൽ നിന്നെത്രയകലെയാണ്! നിശ്ചയങ്ങളുടെ തുഷാരപ്പുലരികൾക്കുള്ളിൽ ജന്മങ്ങളുടെ സുഭാഷിതങ്ങൾ പിച്ചവയ്ക്കുകയാണ്. തൃഷ്ണയും രതിയും നൽകിയ ഉൾപ്രേരണകളിൽ ദുഃഖം നിറഞ്ഞിരിക്കുന്നു. ബോധത്തിന്റെ യാഥാർത്ഥ്യത്തിനുള്ളിൽ, രവിക്ക് സ്വപ്‌നങ്ങളുടെ പൂക്കാലമുണ്ടായിരുന്നു. സ്വപ്‌നങ്ങളിൽ വളർന്നുവന്ന ജലസർപ്പങ്ങളും കല്പവൃക്ഷത്തിന്റെ തൊണ്ടുകളും ഭീതിദമായൊരു മുഖാവരണമായി നിറഞ്ഞുനിൽക്കുന്നു. 

നിശ്ശബ്ദതയുടെ മാതാവും പ്രകൃതിയുടെ ധാതുവായി നിന്ന് ബോധത്തെ വലയം ചെയ്യുകയാണ്. ഭൗതിക വസ്തുവിന്റെ നിത്യമായ മഥനങ്ങളിൽ നിന്നും ദുഃഖത്തിന്റെ പഴകിയ തേരിൽ നിന്നും മോചനത്തിന്റെ പക്ഷി ചിറകടിച്ച് പറന്നുപോയിരിക്കുകയാണെന്ന ചിന്ത, രവിയെ വിചാരങ്ങളിലൂടെ പിന്തുടർന്നു. തൃഷ്ണ ജൈവാവസരങ്ങളുടെ നാവിൽ നിന്നൂറിവരുന്ന നിർബന്ധമല്ല; അനൈഹികമായ പ്രേരണകളുടെ നൊമ്പരങ്ങളിലൂടെ അടഞ്ഞ സ്മൃതിയി (Closed Memory ) ലെത്തിച്ചേരുന്ന അലസമായ യാത്രയാണ്. അതൊരു ഭാരമായി സിരകളിലാകെ ആലസ്യം പടർത്തുന്നു. രതിയുടെ ദൃശ്യം ആന്തരിക സന്ദർഭങ്ങളുടെ ഇണങ്ങിയ ഭൗതിക സാഹചര്യമല്ല. ഇച്ഛാ

നഷ്ടത്തിന്റെ മൂടിയവയ്ക്കപ്പെട്ട സാന്ത്വനവും വേപഥു നിറഞ്ഞ അദ്ധ്വാനവുമാണ്. വിജയന്റെ സൃഷ്ടിപ്രക്രിയയിൽ സർഗ്ഗതൃഷ്ണകൾക്കുപോലും ഇടം നൽകിയിരിക്കുന്നത്, ഓർമ്മകളിൽ നിന്ന് ഓർമ്മകളിലേക്കുള്ള വിരസവും പരിക്ഷീണവുമായ യാത്രകളുടെ ഇടത്താവളങ്ങളിലാണ്. അതത്രയും വൈകാരികമായ സമൂർത്തതയാണ്. ഒരിക്കൽ മാത്രമേ ആ ഉണർവും കാമനയും കൈവരൂ. ദുരിതനിയോഗങ്ങളിൽ നിന്ന് നക്ഷത്രകാന്തി നെയ്‌തെടുക്കാനുള്ള സൗന്ദര്യാന്വേഷണങ്ങളുടെ മിഴിവും ഇവിടെയാണ്. ദുഃഖിതന്റെ പ്രണയങ്ങളും വിചാരത്തിന്റെ ദുരന്തവും വിജയനിൽ അഭിരാമസ്വരം വീണ്ടെടുത്തു. ആസക്തിയിലേക്കുള്ള ഓരോ ചലനവും നീരസത്തിന്റേയും വിദ്വേഷത്തിന്റെയും പകയുടെയും അമർത്തപ്പെട്ട രേണുക്കളെ സാക്ഷാത്കരിച്ചു.

 തൃഷ്ണയുടെ പ്രവാഹം

 രതിയെ, കലാകാരനെന്ന നിലയിൽ നിന്നുകൊണ്ട് പ്രപഞ്ചസംവാദത്തിന്റെ സംഘർഷാത്മകമായ അരങ്ങാക്കി മാറ്റുകയാണ്. അതോടൊപ്പം സുഷിരങ്ങളുള്ള തന്റെ മനസ്സിന്റെ ജലകുംഭത്തെ വിജയൻ തൊട്ടുകാണിക്കുന്നു. അറിവിന്റെ വരവ് വ്യസനജനകമായ ആതിഥേയത്വമായി പരിണമിക്കുന്നു. നടന്ന്, കാൽ കുഴഞ്ഞ് കയറിവരുന്ന അറിവുകളിൽ നിന്ന് പ്രകൃതിയുടെ ജൈവമന്ത്രമായ തൃഷ്ണ ചോർന്നുപോകുന്നു. അവിടെയൊരു നരകമുണ്ടെങ്കിൽ നിശ്ചയമായും നാം നമ്മുടെ കടലും നാവികന്റെ കുപ്പായവും ഉപേക്ഷിക്കുക. മൃതജന്മങ്ങളുടെ ലോകത്ത് കൂട്ടിന് ഒരാളെങ്കിലുമണ്ടാവും എന്ന് കോക്തോ (Jean Cocteau: The Plain Song) അറിയിക്കുന്നുണ്ട്. അറിവിന്റെ ദിവ്യമായ ബോദ്ധ്യത്തിനുള്ള ഈ പുറപ്പാട് അതിന്റെ രാഗപക്ഷത്തെ നിർവീര്യമാക്കുകയാണ്. വചസ്സുകളിലും ശരീരങ്ങളിലും തങ്ങിനിൽക്കാത്ത തൃഷ്ണയുടെ പ്രവാഹം ഭൂമിയിലെത്തി മറയുകയാണ്. അങ്ങനെ അറിവ് തൃഷ്ണാനഷ്ടം വന്ന്, ഐഹികമായ ബലക്ഷയത്തിന്റെ വിഫലധാതുവായിത്തീരുന്നു.

മണലിലൂടെ ഇഴഞ്ഞെത്തിയ സർപ്പം ഒന്നു പകച്ചു, ഓർമകളുടെ അറ തുറക്കാൻ. അന്തമറ്റ കാപ്പിത്തോട്ടങ്ങളുടെ പച്ചപ്പും സൂര്യപ്രകാശത്തിന്റെ സംഗീതവും ശ്രവിച്ച് മനസ്സിന്റെ കുഞ്ഞ് ഓർമ്മിപ്പിച്ചു. നിറങ്ങൾക്കും രൂപങ്ങൾക്കും മൗനങ്ങൾക്കുമപ്പുറത്ത് ഈ ഏകാന്തത ദുഃഖത്തിന്റെ ഭാരമായി പതിക്കുന്നു. കാപ്പിത്തോട്ടവും മഞ്ഞപ്പുല്ലു പുതച്ച കുന്നുകളും ആകാശവും പായലുപോലെ പരന്നുകിടക്കുന്നു. രവി ശ്രദ്ധിച്ചു; ശ്വസിച്ചു. അറിവിൽ നിന്ന് തൃഷ്ണ വാർന്നൊലിക്കുന്നു. മനസ്സിന്റെ ദ്രവം വറ്റുകയാണ്. പായലുകൾ വിസ്മൃതമായെങ്കിൽ! വീണ്ടും അറിവിന്റെ ദുഃസ്വപ്‌നങ്ങളും ജീർണിച്ച രൂപങ്ങളും ജലസർപ്പങ്ങളും തലപൊക്കുന്നു. അച്ഛനും അമ്മയും പകലും തണലും ഓർമ്മകളിലെ യക്ഷിക്കഥകളും കാപ്പിത്തോട്ടങ്ങളും മഞ്ഞക്കുന്നിലും താഴ്ന്ന് താഴ്ന്ന് പോകുന്നത് രവി നോക്കിയിരുന്നു. ഖസാക്കിലെ ഓത്തുപള്ളിയിലിരുന്നുകൊണ്ട് മൊല്ലാക്ക ഉള്ളിന്റെ നിറഞ്ഞ വേദനകൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. വിചാരത്തിന്റെ സമ്പൂർണമായ ഈർപ്പം. ഈർപ്പക്കാട്ടിൽ നിന്ന് കുഞ്ഞാമിനയുടെ സംസാരം. കാട്ടുമയിലുകൾ മേഞ്ഞുനടക്കുന്ന അരശിൻകാട്. കുഞ്ഞാമിന മയിലുകളുടെയിടയിൽ തമസ്സുകളുടെ ആരാമം നട്ടു. അവൾ മഴയായി. അവളുടെ ഗീതം കേൾക്കാൻ മയിലുകൾ കാതോർത്തു. പെയ്തുപെയ്ത് അവൾ നദിയുടെ പ്രവാഹമായി. അപ്പക്കഷണങ്ങളുമായി ഉപരിതലത്തിൽ തത്തിക്കളിച്ചു. മൗനം മുറിഞ്ഞൊഴുകുന്നു. 

ഹൃദ്‌രക്തവുമായി അവൾ മൊല്ലാക്കയെ ഓർത്തു. ആരാമത്തിന്റെ സാന്ധ്യച്ഛായകൾ. ഗൗളിയുടെ കുറുകലിനായി കാതോർക്കുന്ന മൊല്ലാക്ക. കരിമ്പനകളുടെ രാത്രി. നൈസാമലിയുടെ വൃക്ഷശിഖരങ്ങളിൽ ഞാന്നുകിടക്കുന്ന പരുന്തുകൾ. ഇനി മയിലുകളുടെ താരാട്ടു കേൾക്കാനാകുമോ? ജീവിതംതോറും അലഞ്ഞുനടന്ന ഏകാകിയുടെ തേങ്ങൽ കുഞ്ഞാമിന ശ്രദ്ധിക്കുകയായിരുന്നോ? നിശ്ശബ്ദതയുടെ കുഴലൂതിക്കൊണ്ട് അവൾ തിരുത്തി. ഷെയ്ഖ് തങ്ങളുടെ പടനായകന്മാർ വരുന്നത്, കുതിരക്കുളമ്പടി കേൾക്കുന്നത്, മയിലുകൾ കാൽവണ്ണയിൽ കൊത്തി ചോരവരുത്തുന്നത്, മഴയിൽ ഇരുട്ട് കയറിപ്പറ്റുന്നത്, നദിയിൽ രാത്രി പ്രസവിക്കുന്നത്... ഓർമകളിലിരുന്നുകൊണ്ട് മൗനത്തിന്റെ രുദ്രയായ പ്രസാദം ഭൂമിയുടെ വാൾ മിന്നിക്കുന്നു.


HOME

ആത്മായനങ്ങളുടെ ഖസാക്ക് / എം കെ ഹരികുമാർ/ഭാഗം നാല്

 


സൗന്ദര്യത്തിന്റെ വിചാരവസ്ത്രം

പ്രാകൃത മനുഷ്യരുടെ കലയെക്കുറിച്ച് ചിന്തിക്കുന്നതിനിടയിൽ പുരാണങ്ങളുടെ യാഥാർത്ഥ്യത്തിൽ തഴച്ച അവരുടെ ഉപബോധത്തിന്റെ സൗന്ദര്യാന്വേഷണങ്ങളെ ല്യൂൺഹാർഡ് ആഡം (Leonhard Adam: Primitive Art)തൊട്ടറിയുന്നുണ്ട്. വംശസ്മരണകളുടെയും വിശ്വാസങ്ങളുടെയും ആസക്തിധാരകളെ സാക്ഷാത്കരിക്കാനായി തെരഞ്ഞെടുത്ത പ്രരൂപങ്ങളുടെയും ദൃശ്യലിപികളുടെയും വിന്യാസം ഇവിടെ പ്രധാനമാണ്. അവിടെ അഭിരാമമായ മോഹക്കാഴ്ചയുടെ ചിരന്തനമായ പ്രാപ്തിക്കുവേണ്ടി നടത്തിയ പ്രാർത്ഥനയോടെ വിശുദ്ധമായ ഒരന്തർസ്പർശനമാ

യിരുന്നു കല. സൗന്ദര്യാന്വേഷണങ്ങളുടെ നിഗൂഢമായ ഇച്ഛകളും ഉന്നങ്ങളും സഫലമാവുന്നത് ഇരുളിലാണ്ട നൃത്തമണ്ഡപത്തിൽ തിരിച്ചറിയുന്ന ഇഷ്ട നർത്തകികളിലൂടെയാണ്. അരങ്ങ് ലഭിക്കാതെപോയ ലാവണ്യ സന്ദർഭങ്ങൾ മനസ്സിൽ പുതിയൊരു പ്രതിബിംബം തേടിവന്നെത്തുമ്പോൾ സൃഷ്ടിയുടെ ഉൾവിളി രൂഢമാവുകയാണ്. സൗന്ദര്യത്തിന്റെ ശാഠ്യം ആത്മാവിന്റെ വേദനാപൂർണമായ യാനത്തോളം കിനിഞ്ഞിറങ്ങുമ്പോഴാണ്, പ്രപഞ്ചത്തിൽ നിന്ന് തനിക്കൊരു വ്യവസ്ഥയുടെ തൂവൽ വേണമെന്ന ചിന്തയിൽ ഓരോ കലാകാരനും ആത്മപ്രവേശം നടത്തുന്നത്. നിർമ്മാണപരമായ എല്ലാ വ്യവസ്ഥയുടെയും പിന്നിൽ നിയമവിമുക്തമായ നൈതികസമ്പത്ത് അടങ്ങിയിരുപ്പുണ്ട്. കര കാണാതെ കടലിൽ യാത്രചെയ്യുന്ന തോണിക്കാരനെ ഇവിടെ ഓർക്കാം. യാത്രയുടെ ഓരോ വേളയിലും ആന്തരികമായ സാഫല്യങ്ങളില്ല. അജ്ഞാതമായ ഭാവിയുടെ അദൃശ്യദർശനങ്ങൾ നിറഞ്ഞ ഐഹിക പ്രവർത്തനങ്ങളിൽ മുഴുകുമ്പോൾ അയാൾ തീർത്തും അനാഥനാണ്. തനിക്കുമാത്രം യോജിച്ച ഏതോ പ്രമാണത്തിന്റെ ഓരംപറ്റി ഭൂമിയുടെ സുഗന്ധദൃശ്യങ്ങൾ ചമയ്ക്കാനാണ് ആ സാഹസികൻ ശ്രമിക്കുന്നത്.

 കലാകാരനും പ്രപഞ്ചത്തിന്റെ അനന്തമറ്റ ചോദനകളിൽ ഒരു തോണിക്കാരനാണ്, ക്രമത്തിൽ ഇലകൾ കൊഴിഞ്ഞെത്തിയ പുഷ്പത്തെപ്പോലെ ഭൂമിയുടെ ശാഖയിൽ അയാൾ പുഷ്പിച്ചിരിക്കുകയാണ്. വെളിപ്പെടാത്ത നേരുകൾക്കുവേണ്ടി സ്വാസ്ഥ്യത്തിന്റെ അധോനേരുകൾ നിർമ്മിക്കുന്ന പ്രക്രിയയാണ് കലാകാരന്റേത്. ഏറെ ബാഹ്യവത്കരിക്കാത്ത രൂപങ്ങളുടെ അധോരഹസ്യങ്ങൽ സൃഷ്ടിച്ച ആധിയിൽ നിന്നുള്ള വിടുതൽ ഓരോ പ്രവർത്തനത്തിലും രക്തത്തിന്റെ വാത്സല്യം ചേർക്കുന്നുണ്ട്.

 കൈനീട്ടിയാൽ ജലം കൈത്തലത്തിൽ

 വാക്കുകകളുടെ മേളനത്തിലും നിറങ്ങളുടെ കൂട്ടിലും പ്രകൃതിയുടെ ഒളിഞ്ഞിരിക്കുന്ന കാതലിനെ ആത്മാവിന്റെ സൗരലോകം കൊണ്ട് ചെറുക്കുകയും അതോടൊപ്പം ചിത്തത്തിന് വിമുക്തമാക്കാനാവാത്ത വ്യവസ്ഥയുടെ ഭാഗമാകുകയുമാണ് കലാകാരൻ ചെയ്യുന്നത്. വഴങ്ങാത്ത വ്യവസ്ഥയുടെ പൊരുളുകളിൽ നിന്ന് വാർന്നൊലിക്കുന്ന കണ്ണീരിന്റെ പ്രഭവം തേടി തന്നിൽ തന്നെ വന്നു മുട്ടുന്നു. കൈനീട്ടിയാൽ ജലം കൈത്തലത്തിൽ നിറയുന്നു. വർഷപാതത്തിന്റെ സംഗീതം സിരകളിലാകെ പൂക്കുന്നു. വരാനിരിക്കുന്ന അറിവിനായി ധാതുവിൽ നിന്നും ഇരുമ്പിൽ നിന്നും ആയുസ്സിന്റെ കല്പങ്ങളെ വളർത്തിയെടുക്കുന്നു. അറിവ് ആനന്ദവും നൊമ്പരവുമാണ്. വസ്തുവിന്റെ ഉള്ളിലെത്താൻ മനസ്സുകൊണ്ടൊരു വ്യവസ്ഥ ചമയ്ക്കുമ്പോഴാണ് സൗന്ദര്യത്തിന്റെ നിർമ്മാണവേദന അനുഭവിക്കേണ്ടിവരുന്നത്. ഇങ്ങനെ പ്രപഞ്ചത്തിന്റെ വസന്തർത്തുവിൽ നിന്ന് സ്വച്ഛവേളയുടെ വ്യവസ്ഥയ്ക്കുള്ളിലേക്ക് ക്രമരാഹിത്യത്തോടെ അരങ്ങേറുന്നു. അത് ലൗകികമായ പ്രതിജ്ഞാലംഘനങ്ങളും ഇച്ഛയുടെ ഗതിഭംഗം വന്ന വിരുന്നുകളും ചേർന്ന സംസാരമാകുന്നു. 

കലാകാരനും നൊമ്പരങ്ങളുടെ പേടകമാക്കുമ്പോഴും പ്രപഞ്ചത്തോടുള്ള സംഗീതാത്മകമായ മർമ്മരങ്ങളിൽ ആസക്തനാക്കുന്നത് ഇതാണ്. സൗന്ദര്യാനുഭവത്തിന്റെ ആവിഷ്‌കാരത്തിൽ ഉൾക്കൊണ്ടിരിക്കുന്ന ഏകാന്തമായ ഈ വ്യവസ്ഥാലംഘനങ്ങളെക്കുറിച്ച് ലയണൽ ട്രിംല്ലിംഗ് (Lionel Trilling: Criticism and Aesthetics) ഓർക്കുന്നു. റീഡിന്റെ നൈസർഗ്ഗിക സൗന്ദര്യദർശനത്തെ (Enigma of Ntaural Beauty) സ്പർശിച്ചുകൊണ്ട് സത്തയോളം ആഴ്ന്നിറങ്ങുന്ന നോവാണ് സൗന്ദര്യമെന്ന് ട്രില്ലിംഗ് പറയുന്നു. വാക്കുകൾക്കും നിറങ്ങൾക്കും അതീതമായ, ഭാവസ്പർശിയായ ഉദാത്തതയുടെ വിളയാട്ടം പകരാനാവുന്നതല്ല. കലയ്ക്ക് രഹസ്യം വന്നുചേരുന്നത് അതിന്റെ സൗന്ദര്യഘടകങ്ങളുടെ അന്യോന സ്പർശങ്ങളിൽക്കൂടിയാണ്. കലയുടെ രഹസ്യവും കലാകാരന്റെ ഏകവചനവും ചേർന്ന് പ്രപഞ്ചത്തിനുള്ള സ്വാസ്ഥ്യം കണ്ടെത്തുന്നു. സത്യത്തിൽ പ്രപഞ്ചത്തിലെ പുറം തിരിഞ്ഞ നൈതികക്രമത്തെ കലാസൃഷ്ടിയിലൂടെ മനുഷ്യൻ തന്റേതാക്കി മാറ്റുകയാണിവിടെ. ഏകാന്തത നിറഞ്ഞ പ്രവർത്തനമാണെങ്കിലും സൃഷ്ടിയുടെ ഓരോ വേളയിലും ആത്മാവും പ്രപഞ്ചവും പരസ്പരം വസ്ത്രമണിയിക്കുകയും വിരുന്നു നൽകുകയും ചെയ്യുന്നു. 

 കലാസൃഷ്ടിയുടെ വചസ്

ജീവിക്കാനുള്ള തൃഷ്ണയിൽ നിന്നാണ് സ്വന്തം പ്രതിരൂപം തേടി മനുഷ്യൻ കലകളിലെത്തിച്ചേർന്നത്. എന്നാൽ സൗന്ദര്യത്തിന്റെ നോവ് സൃഷ്ടിക്കപ്പുറത്ത് ജീവിതത്തിന്റെ രൂപത്തിലും പ്രകടമാവുന്നുണ്ട്. സ്വയം ഏറ്റുവാങ്ങുന്ന അരുതായ്കകളുടെ അധോമുഖമായ പ്രയാണം ജീവിതരൂപമായി നില്ക്കുന്നു. ജീവിതം സൗന്ദര്യത്തിന്റെ ഉൾവേദനകൾ പേറുമ്പോൾ മനുഷ്യന് പ്രവാചകനാവാതെ വയ്യ. ഭാവിയിലേക്കും മനുഷ്യരിലേക്കും അവന്റെ മിഴികൾ ആഴ്ന്നിറങ്ങുന്നു. അതൊരു ദുഃഖമായി വീഴുന്നു. എന്നാൽ, അതേസമയം, ജീവിതത്തിൽ പ്രതിഫലിപ്പിക്കാൻ കഴിയാതെ വരുന്ന അധോബിംബം (Profile) ബാഹ്യമായ സൃഷ്ടികളുടെ ശാലകളിലേക്ക് യാത്രയാകുന്നുണ്ട്. അങ്ങനെ കലാസൃഷ്ടിയുടെ വചസ്സ് തെളിയുന്നു. വാക്കുകളെയും നിറങ്ങളെയും പ്രപഞ്ചവസ്തുക്കളെയും ഉള്ളിൽ പേറിക്കൊണ്ട് നഷ്ടപ്പെട്ടുപോയ കണ്ണികൾ പെറുക്കിയെടുക്കാനും പ്രപഞ്ചത്തിന് ദൃശ്യമായ ഐഹികശൃംഖല മെനഞ്ഞെടുക്കാനും കലാകാരൻ ശ്രമിക്കുന്നു. ദുഃഖം ഉച്ചരിക്കാനാവാതെ പോയ ഏതോ ഗാഢസന്ധിയിൽ ടാഗോർ പാടുന്നുണ്ട്; അമ്മേസ എന്റെ സങ്കടങ്ങളുടെ തുള്ളികൾകൊണ്ട്, ഞാനവർക്ക് മുത്തുമാലയണിയാം എന്ന്. കലയും സൗന്ദര്യവും ആത്മാവിന്റെ ഏകമുനയിൽ വിശ്വത്തിലെ സാരവത്തായ സമാധിയായിത്തീരുന്നു. അത് ഉള്ളിന്റെ വ്യതിരിക്തതകളെ കരുണ് കൊണ്ട് പ്രസാദിപ്പിക്കുന്നു. 

സൗന്ദര്യം മനുഷ്യനെ ആദ്ധ്യാത്മികമായി വിനമ്രനും ആതുരനുമാക്കുന്നത് ഒരേ സമയത്താണ്. അതവന്റെ ജൈവസംയുക്തങ്ങളുടെ സാകല്യമായ പ്രമാണവും നിലവിളികളുമായിത്തീരുന്നു. ദുഃഖിതന്റെ ആശീർവാദവും യോഗിയുടെ കണ്ണീരും കലർന്നതാണ് സൗന്ദര്യബോധം. പരിത്യക്തന്റെ വേപഥുവും രോഗിയുടെ മന്ദഹാസവും ചേർന്നതാണ് സൗന്ദര്യാനുഭവം. മൃത്യുവിന്റെ വാർത്ത കേൾക്കുക മാത്രമാണ് സുഖകരമായ അനുഭവം എന്നു പറയുന്ന മൊണ്ടയിന്റെ* (Montaingne:That to Philosophize is to Learn How to Die) സൗന്ദര്യബോധവും ഇവിടെയുണ്ട്. ഒരാളുടെ മരണസമയത്തുണ്ടായിരുന്ന മുഖസ്പർശങ്ങളും വാക്കുകളും ഉച്ചാരണങ്ങളും തന്നെ സുരതത്തോളം ഉയർത്തുന്നുവെന്ന് മൊണ്ടയ്ൻ അറിയിക്കുന്നു. ഇവിടെ നേര് തീവ്രമായ ആഘാതവും ഉദ്ദീപനരക്ഷസ്സുമായിത്തീരുകയാണ്. 

 പ്രവചനാതീതമായ നീലിമ

വൃക്ഷത്തിൽ നിന്ന് നനഞ്ഞ ഇല, പൂക്കളിൽനിന്ന് ജലകണം, ആകാശത്തിൽ നിന്ന് തിളങ്ങുന്ന രശ്മി സൗന്ദര്യക്കാഴ്ചയുടെ ധാതുക്കൾ മനസ്സിന്റെ മുറ്റത്ത് തന്നെയാണ്. ഇങ്ങനെ സൗന്ദര്യം ഹൃദയത്തിന്റെ ഏതോ അർദ്ധസുഷുപ്തിയിൽ പ്രവചനാതീതമായ നീലിമ സൃഷ്ടിച്ചപ്പോഴാണ് ഒ.വി. വിജയൻ 'ഖസാക്കിന്റെ ഇതിഹാസം' എഴുതിയത്. തന്റെ ഉണ്മയുടെ എല്ലാ അവ്യക്തതകളും പ്രണയങ്ങളും ബോധത്തിന്റെ ഔന്നത്യത്തിൽ നിന്നുകൊണ്ട് വിജയൻ പകർത്തി. അതിൽ യുക്തിയുടെ സരളമായ ആന്ധ്യം പുഷ്പിച്ചിട്ടുണ്ടായിരുന്നു. വിവേകത്തിന്റെ നിർമ്മലമായ ദാസ്യം ഉച്ചാരണം ശീലിക്കുന്നുണ്ടായിരുന്നു. മൺമറഞ്ഞുപോയ സന്ധ്യകളും ആത്മാക്കളും രാത്രിയുടെ ഏതോ മുഹൂർത്തത്തിൽ വന്ന് മനസ്സിനെ വിളിച്ചു. കല്പവൃക്ഷത്തിന്റെ തൊണ്ടു കാണാനായി മനസ്സ് കൺമിഴിച്ചു. ആകാശത്തിന്റെ നിറച്ചാർത്തുകളിലെവിടെയോ കത്തിനിന്ന് മോഹാലസ്യവും നീലിമയും മനസ്സിൽ സ്വപ്‌നങ്ങളുയർത്തി. ഭീതിപുരണ്ട സ്വപ്‌നങ്ങൾ, അവിടെനിന്ന് ഇറങ്ങാനാവാതെ, നിദ്രയുടെ സ്‌ഫോടനങ്ങളിലേക്കും തളർച്ചയുടെ ആന്തര രാഗമാലികകളിലേക്കും പറന്നു ചെല്ലേണ്ടതിനെക്കുറിച്ചോർത്തു. സൗന്ദര്യദർശനത്തിന്റെ പ്രാപഞ്ചികവിതാനങ്ങളുരുകി തെളിച്ച വിജയന്റെ അധോലോകം ബഹുമുഖമായ കലാസന്ദർഭത്തിൽ കിളിർക്കാനിടയായതിങ്ങനെയാണ്. ഓരോ മനുഷ്യനും അതീവരഹസ്യമായി സംഭരിക്കുന്ന ചരിത്ര സ്മൃതികളും പുരാവൃത്തങ്ങളുമുണ്ട്. 

ഏകാകിയായി ഭൂതസ്പർശങ്ങളിൽ വീണുഴലുമ്പോൾ ആത്മാവിന്റെ പ്രാചീനതയിലെവിടെയോ നട്ടുവളർത്തിയ പകൽക്കിനാവുകൾ നാമ്പെടുക്കുന്നു. അത് പിന്നീട് ജൈവതന്തുക്കളിൽ നിറയുന്നു. ഭൂതവസ്തുതയോടുള്ള പ്രമാണമായിത്തീരുന്നു. ഗതകാലത്തിന്റെ ശോകമുദ്രകളിലാണ് ആത്മബിംബം. വീഴ്ചകളില്ലാത്ത അശ്വമേധങ്ങൾ നടത്തേണ്ടത് പോയ കിനാവുകളുടെ ഭൂമിയിലാണ്. അവിടെ നിന്ന് ശേഖരിക്കുന്ന നനവാർന്ന മണ്ണ്, പിന്നെ വിശ്രമവേളകളിലാകെ ഉന്മേഷം പകരുന്നു. ഗതകാലത്തിന്റെ ശിരസ്സ് ശയിക്കുന്ന തടത്തിൽ നിന്നുള്ള കഥകളാണ് നരനെ ആതുരഘട്ടത്തിൽ ആശ്വസിപ്പിക്കുന്നത്. സത്യത്തിൽ ചരിത്രസംഭവങ്ങളിൽ ആകൃഷ്ടരാകുന്നതും അതിൽ നിന്നുള്ള പ്രലോഭനത്തിൽ മനുഷ്യന്റെ ചരിത്രം കുറിക്കാൻ പ്രേരണ ജനിക്കുന്നതും ഈ സാഹചര്യത്തിലാണ്. ചരിത്ര സന്ദർഭങ്ങളെ സ്പർശിച്ചുണരുന്ന കലാസൃഷ്ടികളും വൈയക്തിമായ ഉൾപീഡകളുടെ പ്രകടനങ്ങളായിത്തീരുന്നതിങ്ങനെയാണ്. 

മലയാളത്തിൽ ചരിത്ര നോവലുകൾ സി.വിയുടെ ചിന്തകൾ മുതലാണ് ആരംഭിക്കുന്നത്. ആ നോവലുകൾക്ക് ചിത്തത്തിന്റെ വായ്ത്തലയിൽ വീണ വാക്കുകളുടെ രക്തപ്പാടുകളുണ്ടായിരുന്നു. എന്നാൽ മനുഷ്യമനസ്സാക്ഷിയുടെ ക്രമവും അക്രമവും ചാലിച്ചുള്ള ധാരയിൽ, ആത്മാവിൽ നിന്നുള്ള വംശക്കുറിപ്പുകളിൽ ശേഷം വരുന്ന എഴുത്തുകാർ വിമുഖത കാണിച്ചു. ഉറൂബും ബഷീറും വ്യക്തിയുടെ തുരുത്തുകൾ കാണാനാണ് കൂടുതൽ ഇഷ്ടപ്പെട്ടത്. മഥിക്കുന്ന ഭൗതികവസ്തുക്കളും ലൗകിക രഹസ്യങ്ങളും ഈ എഴുത്തുകാരെ ചില നേരങ്ങളിൽ വിഷമിപ്പിച്ചു. അതവരുടെ മനസ്സിന്റെ സഹജമായ സ്വഭാവ നിഷ്ഠയോ, വൈയക്തികമായൊരു നിർബന്ധമോ ആയിരുന്നു. 

നിമ്‌നോന്നതങ്ങളിലൂടെ സഞ്ചരിക്കാനുള്ള മനസ്സിന്റെ കഴിവിനെ അവർ പരീക്ഷിക്കുകയായിരുന്നു. എന്നാൽ അതിലും സജീവമായി ആത്മാവിന്റെ വ്യസനസന്ദിഗ്ദ്ധമായ ദ്വീപുകളെ അടുത്തറിയാനും ഭൗതിക ലോകത്തോടുള്ള പ്രജ്ഞാപരമായൊരു കലാപത്തിൽ കൂടുതൽ വികാരത്തോടെ പങ്കെടുക്കാനും ഉദ്യമിച്ചത് വിജയനും വിലാസിനിയും ചേർന്ന പുതിയ എഴുത്തുകാരാണ്. അവരുടെ നോവലുകളിൽ ഹൃദയത്തിന്റെ നിഷ്ഠയ്‌ക്കൊത്ത് പ്രപഞ്ചവസ്തുതകൾ മാറി, ദൃഢമായ ഖരവസ്തുക്കൾ മഞ്ഞുപോലെ സ്‌നിഗ്ദ്ധമായി. ആർദ്രചുംബനങ്ങൾ നടക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ലൗകിക ദുരന്തമായി. വൈകാരികമായ അവസ്ഥാഭേദം മനസ്സിന്റെ കപടവാദങ്ങളെ വേറൊരു വഴിക്കു നയിച്ചു. ഹൃദയത്തിൽ സ്വന്തം വിഷമവൃത്തങ്ങൾ ചികഞ്ഞെടുക്കാൻ ശ്രമിച്ചപ്പോൾ വാക്കുകൾക്കുണ്ടായ ഭാരം അവരെ പുതിയ കലയുടെ സൗന്ദര്യവേദനകളിലേക്ക് ആനയിച്ചു. വൈരുദ്ധ്യത്തിലേക്കും സത്യത്തിലേക്കും ഒരുപോലെ പരിഭാഷപ്പെടുത്താവുന്നവയാകണം വാക്കുകളെന്ന് തോറോ(Henry David Thoreau)നിഷ്‌കർഷിച്ചത് ഓർമ്മവരുന്നു. വാക്കുകളിൽ നിന്ന് മനസ്സിനെയോ, മനസ്സിൽ നിന്ന് വാക്കിനെയോ, വ്യതിചലിപ്പിക്കാൻ കഴിയാതെ വരുമ്പോൾ വൈരുദ്ധ്യവും സത്യവും ഇണചേരുകയാണ്. 

ശിലയുടെ കണ്ണീരും സംസാരവും ഇഴുകിച്ചേർന്ന സ്വപ്‌നനിറമുള്ള പദശൃംഖലയാണ് യാഥാർത്ഥ്യത്തിൽ ആത്മീയമായ ഭാഷ്യത്തിനായി വിജയൻ കണ്ടെത്തിയത്. മണ്ണിൽ വീണുകിടക്കുന്ന ഏതോ പുരാതന ശില്പത്തിലും തന്റെ വ്യഥയുടെ അവശിഷ്ടങ്ങൾ കണ്ട് വിജയൻ പരിഭ്രമിച്ചു. വാക്കുകളിലും മനസ്സിന്റെ ദലങ്ങളിലും ഒരുപോലെ ഭൗതികവസ്തുക്കൾ അലിഞ്ഞുചേർന്നിരിക്കുന്നു. കല്ലിന്റെ കാഠിന്യവും ഇലയുടെ സ്‌നിഗദ്ധതയും പദങ്ങൾക്കുണ്ട്. വാക്കുകൾക്ക് എത്ര നാളാണ് മനസ്സിൽ കഴിയാൻ നിയോഗമുള്ളത്! പദങ്ങളുടെ ആവനാഴിയിൽ തന്റെ ഉണ്മ ഊറിത്തെളിയുന്നു. വിജയന്റെ സ്മൃതിതലങ്ങളിൽ സൃഷ്ടിയുടെ സൗന്ദര്യവ്യസനങ്ങൾ പ്രത്യക്ഷമാകുന്നതിങ്ങനെയാണ്. മനസ്സിലേക്കുള്ള യാത്രയിൽ കാഴ്ചകൾക്കപ്പുറത്ത് പാദങ്ങൾ നടന്നടുക്കുന്നു. ശരീരം അനുനിമിഷം പ്രവൃത്തികളിലേർപ്പെടുന്നതുപോലെ പദങ്ങളുടെ പാദരക്ഷകൾ ആത്മാവിന്റെ കൂട്ടിലേക്ക് ആതുരതയോടെ യാത്രചെയ്യുന്നു. 

  സ്മൃതിയുടെ പേടകം

'ഖസാക്കിന്റെ ഇതിഹാസ'ത്തിൽ വിജയൻ പ്രവാസത്തിന്റെ നൊമ്പരമാവിഷ്‌കരിക്കാനാണ് തുനിഞ്ഞത്. ഇനിയൊരിക്കലും വിളിച്ചുവരുത്താനാകാത്ത ദുഃഖഭാവങ്ങൾ കാതുകളിൽ ചിലമ്പൊച്ചയുണർത്തി മറയുന്നു. കാമുകന്റെ വക്ഷസ്സ് തലോടി കന്യക അടുത്തുതന്നെയുണ്ട്. ദൈവത്തിന്റെ പുഞ്ചിരി ഇവിടെ, ഇവിടെ മാത്രമാണ്. എങ്കിലും ഇച്ഛാഭംഗത്തിന്റെ ഇലച്ചാർത്തുകൾ കാണുന്നു. സൗന്ദര്യം വിഷാദമാണ്. അത് കന്മദത്തിന്റെ പ്രഭവമെങ്കിലും;'മനസ്സിന്റെ മാന്ത്രികലഹരിയിൽ പുനരാവിഷ്‌കരിക്കപ്പെടാതെ എല്ലാം മയങ്ങട്ടെ. കൂടലങ്കരിക്കുന്ന കിളിയെപ്പോലെയാണ് വാക്കുകൾ. അവയുടെ അനന്തമായ സ്‌നേഹസ്പർശങ്ങൾ തരുണവേനലുകൾക്കായി കൂട് സംരക്ഷിക്കുന്നു. ദൈവത്തിനുള്ള പ്രവർത്തനങ്ങളിൽ ഏറ്റവും മഹത്തായത് സ്‌നേഹമാണെന്ന് ഓർത്തുകൊണ്ടു തന്ന പദങ്ങളും (Henry Drummond) അവയുടെ ആത്മഭാവങ്ങൾക്കായി മഞ്ഞിൻ തൂവലുകളുള്ള കൂട്ടിലേക്ക്, യാത്രയാവുന്നു. അത്രയും വിജയന്റെ ദുഃഖപൂർണമായ മനസ്സിന് ശാന്തിയരുളി. ഏതോ സ്തബ്ധമായ ഉൾബോധത്തിലേക്ക് ജാഗ്രതയില്ലാതെ പ്രവേശിക്കുമ്പോഴാണ് സ്മൃതിയുടെ പേടകം തകർന്നത്. ഘോര സ്മൃതിയുടെ വ്യഥിതമായ ഭൂതകാലവും പേറി, പ്രാവുകളെല്ലാം കൂടണയുന്നതും നോക്കി, മനസ്സ് സായംകാലങ്ങളിൽ അലഞ്ഞുനടക്കുന്നു. ആത്മാവിന്റെ മുറ്റത്തെ മുല്ല ഇന്നും പുഷ്പിച്ചു. അവൾ ദുഃഖിതയാണെങ്കിലും ഇലകളിൽ പച്ചപ്പുണ്ട്. കടലിലേക്കു പോയ മുക്കുവനെത്തേടി കാലങ്ങളുടെയുള്ളിലിരുന്ന് വ്രണിതയായ മിഥുനം വിതുമ്പുന്നു. 

നഷ്ടപ്പെട്ട സ്മൃതി തേടി യാത്ര തുടരാം. ബുച്ചർ(Karl Bucher)  അറിയിക്കുന്നതുപോലെ കല എത്ര പിന്നീടാണ് മനുഷ്യന്റെ ഉപയോഗത്തിലെത്തുന്നത്! അവന് സൃഷ്ടിയും സൗന്ദര്യവും പ്രാഥമികമായി, ഒരായുസ്സിന്റെ രക്ഷയാണെന്നോർമിക്കുക. ആൽഡസ് ഹക്‌സിലി (Aldous Huxley) വെളിപ്പെടുത്തുന്നതിലും, കാതലായ അംശം സ്മൃതിയിൽ അവശേഷിച്ചുപോയ ഉണ്മയെക്കുറിച്ചാണ്. തന്റെ നാമവും ഓർമ്മകളും എല്ലാം എനിക്കെന്നോ ഉണ്ടായിരുന്ന ഭാവത്തിൽ നിന്നാണെന്ന് ആ മനസ്സ് സൂചിപ്പിക്കുന്നുണ്ട്. ഭൂതത്തിൽനിന്ന് മിഴി നേടിയ അസ്തിത വിജയന്റെ കലാസാഹചര്യങ്ങളിൽ ഭാവപൂർണ്ണമായൊരു അനുധ്യാനത്തിനു പദങ്ങൾ പാകുന്നുണ്ട്.

HOME

ആത്മായനങ്ങളുടെ ഖസാക്ക് /ഭാഗം മൂന്ന് /എം കെ ഹരികുമാർ

 


ഭഗവദ്ഗീതയുടെ പുനരവലോകനം

ഏറ്റവും നിസ്സാരമായ അസ്തിത്വം മനുഷ്യന്റേതാണെന്ന്, ഇന്നത്തെ ഏറ്റവും വലിയ സാങ്കേതിക മിഥ്യാസുരക്ഷിതത്വത്തിനകത്തും ബോധ്യപ്പെടുത്തുന്ന കൃതിയാണ് 'ഖസാക്കിന്റെ ഇതിഹാസം.' എന്തിനാണ് ഇങ്ങനെയൊരു ബോധ്യപ്പെടുത്തൽ? ആത്മബോധത്തിലൂടെ, തന്നിൽനിന്നുതന്നെ ഒഴുകിപ്പരക്കുന്ന അവസ്ഥയുടെ സ്വാഭാവികമായ പരിണാമമാണിത്. ഈ നോവലിന് മുമ്പോ ശേഷമോ മലയാള നോവലിന് ഇത്ര സ്വയംസമ്പൂർണ്ണമായ ഭാഷയോ ആഖ്യാനസൂക്ഷ്മതയോ ആത്മലോകവിശേഷമോ ഇല്ല. ഇന്നും 'ഖസാക്കിന്റെ ഇതിഹാസം' മലയാളത്തിൽ ഒറ്റപ്പെട്ടുനിൽക്കുകയാണ്.

നോവലിന് സ്ഥൂലമായ പ്രതലങ്ങൾ മതിയെന്നു വിചാരിക്കുന്നവരുണ്ട്. അവർ ജീവിതത്തിന്റെ ഉപരിതലത്തിലുള്ള സാമൂഹികതയെ പ്രധാന അസംസ്‌കൃതവസ്തുവാക്കി നിരത്തുന്നു. വിസ്തൃതിയേറിയ പ്രതലത്തിലെ സഞ്ചാരത്തിലൂടെ വായനക്കാരൻ എത്തിച്ചേരുന്നത് ശൂന്യതയിലാണെന്നു മാത്രം. തനിക്കറിയാവുന്നതെല്ലാം നോവലിസ്റ്റ് പറയുന്നു എന്ന് വായനക്കാരനു തോന്നും. അയാൾ വായനക്കായി ഉപയോഗിച്ച സമയത്തെ പഴിക്കരുതല്ലോ എന്നോർത്ത്, മറ്റൊന്നും പറയുന്നില്ലെന്നു മാത്രം. 'ഖസാക്കിന്റെ ഇതിഹാസം' സ്ഥൂലമായ പ്രതലത്തിലല്ല, ഒരാളെ അയാളുടെ അകംലോകങ്ങളിലേക്ക്, ജ്ഞാനരഹസ്യാത്മക ദ്വീപുകളിലേക്കു നയിക്കുന്ന കൃതിയാണ്. ഇതിനു സമാനമായ ഒരു നോവലും നമ്മുടെ ഭാഷയിൽ ഉണ്ടായിട്ടില്ല. 

ടി.ആറിന്റെ 'കൊരുന്ന്യേടത്ത് കോമുട്ടി', കോവിലന്റെ 'തോറ്റങ്ങൾ', വൈക്കം ചന്ദ്രശേഖരൻ നായരുടെ 'സ്മൃതികാവ്യം', കൽപറ്റ ബാലകൃഷ്ണന്റെ 'അകംപൊരുൾ പുറംപൊരുൾ', ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരും', മേതിൽ രാധാകൃഷ്ണന്റെ 'സൂര്യവംശം', കാക്കനാടന്റെ 'അജ്ഞതയുട താഴ്‌വര', ബഷീറിന്റെ 'ബാല്യകാലസഖി', തകഴിയുടെ 'ഏണിപ്പടികൾ'എന്നീ നോവലുകളാണ് മലയാള നോവലിന്റെ ആഖ്യാനകലയ്ക്ക് എന്തെങ്കിലുമൊക്കെ സംഭാവന നൽകിയിട്ടുള്ളത്. എന്നാൽ ഈ നോവലുകളെല്ലാം കലയുടെ കാര്യത്തിൽ 'ഖസാക്കിന്റെ ഇതിഹാസ'ത്തിനു പിന്നിലാണ്. മലയാള ഭാഷയുടെ പുതിയ സാധ്യതയാണ് വിജയൻ തുറന്നത്. മലയാളംകൊണ്ട് ഇതുവരെ ആവിഷ്‌കരിക്കാൻ കഴിയാതിരുന്ന ചില യാഥാർത്ഥ്യങ്ങളെ വിജയൻ പുറത്തുവിട്ടു. അതുപോലെ, വെളിപാടുപോലെ തനിക്കു ലഭിച്ച സൂചനകളെയും ചിന്തകളെയും പകരാൻ പറ്റിയ നവമായൊരു മലയാളത്തെയും അദ്ദേഹം കണ്ടെടുത്തു. ഇതു രണ്ടും സമ്മേളിക്കുന്നത് അപൂർവ്വമാണ്. പുതിയ യാഥാർത്ഥ്യം, പുതിയ ഭാഷ, ഇതാണ് 'ഖസാക്കിലൂടെ' പുറത്തുവന്നത്. മലയാള നോവലിൽ ഇത്തരം അന്വേഷണങ്ങൾ പൊതുവെ ഇല്ലല്ലോ.

എന്തുകൊണ്ട് ഭാഷ?

മലയാള നോവൽ സാഹിത്യത്തിലെ ഏറ്റവും മഹത്തായ വാക്യം വിജയന്റേതാണെന്നു ഞാൻ വിചാരിക്കുന്നു. ഇതാണ് ആ വാചകം: ''കാവിക്കച്ച ചുറ്റി ചവിട്ടുവഴിത്താരയിലൂടെ കയറി വള്ളമിറങ്ങി ബസ്സുനിരത്തിലേക്കു നടന്നപ്പോൾ മരങ്ങളും പാറകളും കുറ്റിച്ചെടികളും ഗർഭബീജങ്ങളെപ്പോലെ ഉയിർത്ത് രൂപം കൊള്ളുകയായിരുന്നു.'' ഖസാക്കിലെ ഈ വാക്യം വ്യത്യസ്തമായ ചിന്തയെയും പദസംസ്‌കാരത്തെയുമാണ് പ്രസരിപ്പിക്കുന്നത്. മരങ്ങളും പാറകളും കുറ്റിച്ചെടികളും ഗർഭബീജങ്ങളെപ്പോലെ ഉയിർത്ത് രൂപം കൊള്ളുന്നു എന്നു പറഞ്ഞാൽ, അത് ഒരാളുടെ ഉള്ളിലെ ഇമേജറിയാണ്. രവിയുടെ മനസ്സിന്റെ, സ്വഭാവത്തിന്റെ തന്മാത്രകൾ പോലും ഇവിടെ പ്രവർത്തിക്കുന്നു. ലോകത്തോടും പ്രകൃതിയോടുമുള്ള ബന്ധം അയാൾ ഉള്ളിലാണ് അനുഭവിക്കുന്നത്. അതുവരെ അവിടെ ഇല്ലാതിരുന്ന പാറകളും ചെടികളുമാണ്, ഇങ്ങനെ പെട്ടെന്ന് ഉയിർത്തുവന്നതെന്ന ധ്വനി ഈ വാക്യത്തിലുണ്ട്. എന്നാൽ രവിക്ക് അതു പുതുതായി രൂപം കൊള്ളുന്നതാണ്. ഈ രൂപാന്തരം മലയാളഭാഷയിൽ പുതിയ നിറം കൂട്ടിച്ചേർക്കുന്നതുപോലെയാണ് അനുഭവപ്പെടുന്നത്. 'കഥനസ്വഭാവമില്ലാത്ത ഓർമ്മകളുടെ വലിയൊരു മൂടൽമഞ്ഞ് തന്നെ സ്പർശിച്ചെന്നു തോന്നി' എന്നെഴുതുമ്പോഴും മലയാളത്തിന് വിസ്തൃതി ലഭിക്കുകയാണ്. മനനം ചെയ്തുകൊണ്ടുള്ള ഈ എഴുത്താണ്, 20-ാം നൂറ്റാണ്ടിലെ  നമ്മുടെ ഗദ്യത്തിന് ഉൾക്കനം നൽകിയത്. മനനമില്ലാതെ അദ്ദേഹം ഒന്നുമെഴുതിയിട്ടില്ല. മനനമില്ലാതെ, യുക്തിയിലൂടെ മാത്രം സഞ്ചരിച്ചും എഴുതാം; ആനന്ദ് എഴുതുന്നതുപോലെ. എന്നാൽ വിജയന്റെ ഭാഷയുടെ മാനം ഉണ്ടാകില്ല. ഭാരതീയമായ ദർശനങ്ങളെ തന്നിൽനിന്നു വേർപെടുത്താൻ കഴിയാതെ വിജയൻ നിലകൊണ്ടു. ശ്രീകൃഷ്ണന്റെ അദ്വൈതവുമായിട്ടായിരുന്നു കലഹവും ഒത്തുതീർപ്പും.

കൃഷ്ണചരിതമെഴുതുന്നവരുടെ കൃഷ്ണദർശനമല്ലിത്. ഭാരതീയ പശ്ചാത്തലത്തിൽ, ചിന്താപരിസരത്തുനിന്ന് മാറ്റിനിർത്തിക്കൊണ്ട്, അനുഭവപരമായ പഥങ്ങളിലൂടെ വിജയൻ എത്തുന്നത്, സ്വന്തം ഭാരതീയതയുടെ കണ്ടെത്തലിലാണ്. ഉള്ളിൽനിന്ന് വീണ്ടെടുക്കുന്ന ഭാരതീയത. ഉപനിഷത്തോ, വേദമോ വായിച്ച്, അതിനോട് ഇടഞ്ഞശേഷം, സ്വന്തം ശരീരത്തിനുള്ളിൽനിന്ന് ഔപനിഷദികമെന്നു വിശേഷിപ്പിക്കാവുന്ന, ആത്യന്തികമായ രമ്യതയുടെയും ആന്തരികപ്രസാദത്തിന്റെയും അപാരതകളെ കണ്ടെത്തിത്തരുന്നു. മലയാള അക്കാദമിക് നിരൂപണത്തിന് ഇപ്പോഴുള്ളത് ദർശനദാരിദ്ര്യമാണ്. സവർണ, അവർണ ദ്വന്ദ്വങ്ങളിലും അധിനിവേശ, സാമ്രാജ്യത്വ ഹാങ്ങോവറുകളിലും കുടുങ്ങിക്കിടന്ന്, അവർ വൈയക്തികവും സാർവലൗകികവുമായ പരമസൗന്ദര്യത്തെക്കുറിച്ചുള്ള അന്വേഷണത്തെ കാണാതെ പോകുന്നു. രാഷ്ട്രീയപാർട്ടികളിൽ പ്രവർത്തിക്കുന്നതോ, സമരത്തിൽ പങ്കെടുക്കുന്നതോ മാത്രമാണ് യഥാർത്ഥ രാഷ്ട്രീയം എന്ന് അവർ വിചാരിക്കുന്നു. എന്നാൽ റോഡരുകിൽ നിൽക്കുന്ന അരയാലിനും രാഷ്ട്രീയമുണ്ട്. ഓരോ വാക്യത്തിനും രാഷ്ട്രീയമുണ്ട്. അതു മറ്റു പ്ലാനറ്റുകളുമായുള്ള ബന്ധങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്. വിജയന്റെ രാഷ്ട്രീയം, തന്റെ അപാരവിനിമയങ്ങളുടെ നേർരേഖകളിലൂടെ, ചുറ്റുമുള്ള ലോകത്തിന്റെ എണ്ണമറ്റ സംഭാഷണങ്ങളിൽ ശ്രദ്ധാലുവായി എന്നതാണ്. വലിയൊരു പ്രവർത്തനം ഇതിലൂണ്ട്.

  വസ്തുതകളുടെ ആഴത്തിലേക്കു പോകാൻ

വിജയന്റെ ഇന്ത്യയെ കണ്ടെത്തൽ എന്താണെന്നറിയാതെ, ചിലർ അദ്ദേഹത്തിലും ചാർത്തി, ആ പഴയ തുരുമ്പിച്ച പിച്ചളമാല - സവർണപക്ഷപാതി. ഇത്രയും ദയനീയമായ വിമർശനം വിജയൻ നേരിട്ടിട്ടുണ്ടാവില്ല. വസ്തുതകളുടെ ആഴത്തിലേക്കു പോകാൻ പ്രയാസമുള്ളവർക്കെല്ലാം ഈ ചതി പറ്റും. ദുഃഖത്തിന്റെ ഹൃദ്യത, സ്‌നിഗ്ദ്ധതയുടെ വാൾമുന തുടങ്ങിയ പ്രയോഗങ്ങളിൽ വലിയൊരു ആന്തരികജീവിതമാണുള്ളത്. 'ഖസാക്കിന്റെ ഇതിഹാസ'ത്തിനുശേഷം വന്ന കൃതികളിലൊന്നും ഇതിനെ മറികടക്കുന്ന ഭാഷ കണ്ടിട്ടില്ല. ഖസാക്കിലെ ദൈവപ്പുരയിലെ ദേവതയെപ്പറ്റി രവി ചിന്തിക്കുന്നത്, ഭാരതീയതയുടെ ഉള്ളിലെ ചാർവാകനെപ്പോലെയുള്ളവരുടെ യുക്തിവാദത്തെയും കൂട്ടുപിടിക്കുന്നതാണ്. ഇതെല്ലാം ആശയസംഘട്ടനത്തിന്റെ കലാപരമായ അവതരണമാണ്. ആ ഭാഗം ഇതാണ്: 'അവളും തന്നെപ്പോലെ ഒരഭയാർത്ഥിയാണെന്നറിഞ്ഞിട്ട്, സൃഷ്ടിസ്ഥിതിലയങ്ങളുടെ ദുരൂഹതയെ ഭയന്നാണ് പൂശാരിയുടെ നൈവേദ്യമുണ്ടുകൊണ്ട് അവളാ പുരയിൽ കുടിപാർത്തത്.' യാഥാർത്ഥ്യത്തിന്റെയും മിഥ്യയുടേയും അപാരതകളിൽനിന്ന് ഓടിയകന്ന താനും ഈ ഗ്രാമത്തിലെ ദൈവപ്പുരയിൽ അഭയം തേടുകയായിരുന്നു. 

അതിന്റെ ഗർഭത്തിൽ അവളുടെ കൂടെ ചുരുണ്ടുറങ്ങാൻ അയാൾ കൊതിച്ചു. ആ സായൂജ്യത്തിലാകട്ടെ, അയാൾ അവളുമായി ദുഃഖം പങ്കിടുകയായി. അതോടെ അതു നിരർത്ഥകമല്ലെന്ന് അയാളറിഞ്ഞു. 'ഈ ഏകാന്തതയുടെ അന്തർനാടകത്തിൽ വലിയൊരു പ്രാചീനചരിത്ര സംവാദമാണ് വിജയൻ സംഘടിപ്പിക്കുന്നത്. നോവലിന്റെ ബോധധാരയായി ഈ ആഖ്യാനത്തെ നിലനിർത്തുന്നതോടൊപ്പം, കൂടുതൽ അഗാധത നൽകുകയാണ് ഇതിലൂടെ നോവലിസ്റ്റ് ചെയ്യുന്നത്. ദൈവപ്പുരയിലെ ദേവത അഭയാർത്ഥിയാണെന്നും അവളെപ്പോലെയാണ് താനും എന്നു ചിന്തിക്കുന്നതും ഇന്ത്യൻ ആത്മീയതയെക്കുറിച്ചുള്ള നവ ഭാഷ്യമാണ്.

സൃഷ്ടിസ്ഥിതിലയങ്ങളുടെ ദൂരഹതയെ ദേവത ഭയക്കുന്നു. യാഥാർത്ഥ്യത്തിന്റെയും മിഥ്യയുടെയും അപാരതകളെയാണ് താൻ ഭയക്കുന്നതെന്നു രവിയും പറയുന്നു. മാനവിക ജീവിതത്തിനുള്ളിലെ വൈകാരിക തരംഗങ്ങളെ അതിസൂക്ഷ്മമായി നിലനിർത്തുമ്പോഴേ ഇത്തരം ഭയങ്ങളെ തിരിച്ചറിയാൻ കഴിയൂ. ഇങ്ങനെ സ്ഥാവര, ദൈവശാസ്ത്ര, ജൈവലോകത്തെയാകെ സംയോജിപ്പിച്ചുകൊണ്ട് ആധുനികതയുടെ കാലത്ത് ഒരു നോവലിസ്റ്റും എഴുതിയിട്ടില്ല. വിജയൻ ഓരോ വരിയും സംഘർഷത്തിൽനിന്നാണ് തപ്പിയെടുക്കുന്നത്. അതിലുപരി, വാക്യങ്ങളെ മനുഷ്യവികാരങ്ങളുടെ അറിയപ്പെടാത്ത സ്ഥലികളിലേക്കു കൊണ്ടുപോകുന്നു.

ചില ഉദാഹരണങ്ങൾ കുറിക്കട്ടെ. 1. പുരികങ്ങളുടെയും കണ്ണുകളുടെയും ചുവന്ന പാതയിലെ, സായാഹ്ന യാത്രകളുടെ അച്ഛാ, ഇലകൾ തുന്നിച്ചേർത്ത ഈ കൂടുവിട്ട് ഞാൻ പുറത്തേക്കു പോവുകയാണ്. 2. കർമബന്ധത്തിന്റെ നൊടിനേരത്തെ പരിചയം. 3. യുഗാന്തരസ്മരണയുടെ കർക്കിടകങ്ങളിൽ ആ പ്രഭവസ്ഥാനങ്ങളിൽനിന്ന് കലക്കവെള്ളങ്ങൾ താഴോട്ടൊഴുകി, വാർദ്ധക്യത്തിന്റെ ഒഴുക്ക് ചേറ് തന്നിൽ നിക്ഷേപിച്ചുകൊണ്ട്... 4. മന്ദാരത്തിന്റെ ഇലകൾ ചേർത്തു തുന്നിയ ഈ പുനർജനിയുടെ കൂടുവിട്ട് ഞാൻ വീണ്ടും യാത്രയാകുന്നു. 5. വിസ്തൃതിയുടെ ലഹരിയിൽ മുഴുകിയ രാത്രി. ദൂരെ ദൂരെ ഈരച്ചുട്ടുകൾ മിന്നിമിന്നിക്കടന്നുപോയി. കനൽത്തുമ്പിന്റെ ചലനത്തിലൂടെ ഏതോ വ്യഥിതമായ സന്ദേശമാവർത്തിച്ചുകൊണ്ട് ബഹിരാകാശക്കപ്പലുകളെപ്പോലെ അവ രാത്രിയിൽ അകന്നകന്നു മറഞ്ഞു. 6. വെള്ളത്തിന്റെ അന്ധമായ ആശ്ലേഷം. 7. അനാദിയായ മഴവെള്ളത്തിന്റെ സ്പർശം. 8. ഏതോ സാന്ദ്രതയുടെ കിനാവുകൾ അയാളുടെ നിദ്രയിലിറ്റുവീണു. 9. കാലത്തിലൂടെ സ്ഥാവരങ്ങളുടെ പ്രയാണം. 10. പള്ളിത്തണുപ്പിന്റെ ആലിലയിൽ അയാൾ കിടന്നു. ആലിലയെ മൂടിക്കൊണ്ട്, കനത്ത കടലിനു മുകളിൽ അശാന്തിയുടെ മൂടൽമഞ്ഞുയരുകയായിരുന്നു.

 പഴയ യാഥാർത്ഥ്യങ്ങളെത്തന്നെ പുനരുപയോഗിച്ചുകൊണ്ട്

ഈ ഭാഷയെ നമ്മൾ കാണേണ്ടത്, 1939-ൽ ബോർഹസ് എഴുതിയ ‘Pierre Menard-author of the Quixote’ എന്ന കൃതിയുടെ പശ്ചാത്തലത്തിലാണ്. എഴുത്തുകാരൻ എന്ന കർത്തൃത്വം ഇല്ലാതായി എന്ന് റോളാങ്ങ് ബാർത്ത് സിദ്ധാന്തപരമായി വികസിപ്പിച്ചത്, ബോർഹസിന്റെ കൃതിയെ അടിസ്ഥാനമാക്കിയായിരുന്നല്ലോ. സ്ഥിരം പ്രമേയങ്ങളുടെയും ഭാഷാ പ്രയോഗങ്ങളുടെയും കെണിയിൽ അകപ്പെട്ട സാഹിത്യം ഏറെക്കുറെ മരിച്ചു എന്ന് ബാർത്ത് പറഞ്ഞതോർക്കുന്നു. Literature of exhaustion  എന്ന ലേഖനം ബാർത്ത് എഴുതുന്നത് The Atlanticൽ 1967-ലാണ്. ഇപ്പോൾ നാം എഴുതിക്കൊണ്ടിരിക്കുന്നത് 19-ാം നൂറ്റാണ്ടിലെ സാഹിത്യഭാവന തന്നെയാണെന്നു വ്യാഖ്യാനിക്കാൻ അദ്ദേഹത്തിനു പ്രയാസമുണ്ടായില്ല. ജീവിതത്തെ പുതിയ രീതിയിൽ കാണാൻ സഹായിക്കുന്ന ഒരു വാക്യംപോലും ഉണ്ടാകുന്നില്ലല്ലോ. 

ദൈവത്തിന്റെ മരണം എന്ന ആശയം 20-ാം നൂറ്റാണ്ടിനു ലഭിച്ചത് ഈ സാർവത്രികമായ ആശയനാശത്തിന്റെ പശ്ചാത്തലത്തിലാണ്. ഇപ്പോഴിതാ ഗ്രന്ഥകാരനും മരിച്ചിരിക്കുന്നു എന്ന് ബാർത്ത് പറഞ്ഞു. ഗ്രന്ഥകാരന്റെ ഈ മരണമാണ്, സെർവാന്തസിന്റെ ഡോൺ ക്വിക്‌സോട്ടിനെ ആധാരമാക്കി ബോർഹസ് എഴുതിയ കഥയിലുള്ളത്. ക്വിക്‌സോട്ട് എഴുതിയത് സെർവാന്തസ് ആണെന്നതു പഴയ സങ്കല്പമാണെന്നും അതു താൻ മറ്റൊരു രീതിയിൽ എഴുതുകയാണെന്നുമായിരുന്നു ബോർഹസിന്റെ വാദം. പഴയ യാഥാർത്ഥ്യങ്ങളെത്തന്നെ പുനരുപയോഗിച്ചുകൊണ്ട്, പുതിയ ഭാവന ഉണ്ടാക്കാൻ കഴിയണം. അതിനു പരിഹാസവും ദർശനവും എല്ലാം കൂടിക്കലരണം. അന്തിമമായ പരിഹാരങ്ങൾക്കായി ഉഴറുന്ന മാനവസമൂഹത്തിനു മുമ്പിൽ തേഞ്ഞുപഴകിയ ഉപകരണങ്ങൾ വിലപ്പോകില്ല...

ബോധധാരയുടെ പാരമ്പര്യവഴികളെ പുനരുപയോഗിച്ച്, തന്റേതായ ആക്ഷേപഹാസ്യാത്മകമായ ഫാന്റസി വിജയൻ വികസിപ്പിച്ചു. 'പള്ളിത്തണുപ്പിന്റെ ആലില' എന്ന പ്രയോഗത്തിൽ ശ്രീകൃഷ്ണനെ തിരയാൻ വായനക്കാരൻ നിർബന്ധിക്കപ്പെടുന്നത് ഇതുകൊണ്ടാണ്. ഈ ആലില ഇന്ത്യൻ മിഥോളജിയുടെ പ്രതീകമാണല്ലോ. അതിനെയാണ് പള്ളിത്തണുപ്പിൽ ഈ എഴുത്തുകാരൻ കൊണ്ടുവയ്ക്കുന്നത്. ഇതിലൂടെ വിജയന്റെ വാക്യങ്ങൾക്കു പല കാലങ്ങളുടെയും പല സംസ്‌കാരങ്ങളുടെയും സ്വരങ്ങൾ ലഭിക്കുകയാണ്. ഭഗവദ്ഗീതയെ പുനരുപയോഗിച്ച നോവലാണ് 'ഖസാക്കിന്റെ ഇതിഹാസം'. പുരാണ കഥകളെ ചെറിയ മാറ്റങ്ങൾ വരുത്തി നോവലോ കവിതയോ നിർമ്മിക്കുന്നതുപോലെയല്ല ഇത്. 

'ഖസാക്കിന്റെ ഇതിഹാസ' ത്തിൽ പ്രത്യക്ഷത്തിൽ ഇന്ത്യൻ പുരാണമില്ല. എന്നാൽ ഇന്ത്യൻ പരിത്യക്തതയെയും ലൈംഗികവിരക്തിയെയും രവിയിലൂടെ വിജയൻ പരിഹസിക്കുകയാണ്. ഈ പരിഹാസമാകട്ടെ, രവി എന്ന മനുഷ്യന്റെ ആകെത്തുകയല്ല. അയാൾ പ്രത്യേകമായ ഒരു അന്തഃസത്തയോ തത്ത്വശാസ്ത്രമോ പേറുന്നില്ല. ഇതാണ് കാതലായ സംഗതി. അയാൾ അയാളെത്തന്നെ തേടുകയാണ് ചെയ്യുന്നത്. പലരും തട്ടിവിടുന്നതുപോലെയുള്ള 'സ്വത്വം' അയാൾക്കില്ല. തന്നെത്തന്നെ അന്വേഷിക്കുന്നതിലൂടെ അയാൾ ഒന്നിന്റെയും ലേബലൊട്ടിച്ച ഉത്പന്നമോ പ്രചാരകനോ അല്ലാതാവുന്നു. ഭഗവദ്ഗീതയിൽ പറയുന്നതുപോലെ, നമ്മൾ ഒന്നും കൊണ്ടുവരികയോ കൊണ്ടുപോവുകയോ ചെയ്യുന്നില്ല. രവിയും അതാണ് ചെയ്യുന്നത്. പക്ഷേ, അയാൾ ഇതു ചെയ്യുന്നത്, ഈ തത്ത്വം പാലിക്കാൻ വേണ്ടിയല്ല.

രവിയുടെ പുസ്തകശേഖരത്തിലുള്ള ഭഗവദ്ഗീതയും മുട്ടത്തുവർക്കിയും ഇതു വ്യക്തമാക്കുന്നു. അയാൾക്ക് ഭഗവദ്ഗീതയോടും താത്പര്യമില്ല. ദേവതയെയും സൃഷ്ടിസ്ഥിതിലയങ്ങളുടെ ദുരൂഹതയെ ഭയക്കുന്നവളായി കാണുന്നതിലൂടെ അയാൾ ദൈവശാസ്ത്രത്തെയും പൊളിക്കുന്നു. മതരഹിതനായ, ദൈവരഹിതനായ സന്ന്യാസിയാണ് രവിയെന്നു വേണമെങ്കിൽ പറയാം. ഭഗവദ്ഗീതയെ ഇതുപോലെ പുനരുത്പാദിപ്പിച്ച മറ്റൊരു കൃതി ഇന്ത്യൻ സാഹിത്യത്തിലില്ല. തന്റെ ഗതകാലത്തിന്റെ ആശയങ്ങളുടെയെല്ലാം മഹാവൃക്ഷത്തിനു താഴെ നിൽക്കുമ്പോഴുളള ജാള്യതയും സങ്കോചവും വിജയനുണ്ട്. അതുകൊണ്ട് സാഹിത്യപരമായ ഉത്പാദനരാഹിത്യത്തെ, അദ്ദേഹം ഗീതയെ പുനരുപയോഗിച്ചുകൊണ്ട് മറികടക്കുകയാണ്. ഓരോ നിമിഷവും ഭഗവദ്ഗീതയുമായി കലഹിക്കുകയാണ് വിജയൻ. ഇതാണ് എഴുത്തുകാരന്റെ സ്വാതന്ത്ര്യം. നോവൽ അവസാനിക്കുന്നിടത്ത്, ''മുകളിൽ, വെളുത്ത കാലവർഷം പെരുവിരലോളം ചുരുങ്ങി'' എന്നെഴുതിയിട്ടുണ്ട്. ഈ പെരുവിരലും കൃഷ്ണനെ ഓർമ്മിപ്പിക്കുന്നില്ലേ? ഗീതാസാരവുമായി ഇണങ്ങിയും പിണങ്ങിയും നീങ്ങുന്ന ആഖ്യാനഘടന ഖസാക്കിലുണ്ട്. രവിയാകട്ടെ ബോധപൂർവം ഈ ഘടനയുടെ ഭാഗമാവുന്നില്ല. വിജയന്റെ തന്നെ വാക്കുകൾ ഇതിനു തെളിവുനൽകുന്നുണ്ട്.

  ദുഃഖസമസ്യ

തന്റെ വലതുകൈയ്ക്ക് വാതം ബാധിച്ചതിനെപ്പറ്റി അദ്ദേഹം എഴുതിയിട്ടുള്ളത് ഇതാണ്: ''പഞ്ചഭൂതങ്ങൾ ചുറ്റഴിയുന്നതുപോലെ. അങ്ങനെ ചിതറുന്ന സൂക്ഷ്മാംശങ്ങളുടെ വലിയൊരു നെബ്യൂലയ്ക്കു നടുവിൽ ഒരു സൗരരൂപത്തെപ്പോലെ സ്ഥലം പിടിച്ചുകൊണ്ട് പ്രാണൻ ആ അഴിവിനെ നോക്കിക്കാണുന്നു.'' (ഇതിഹാസത്തിന്റെ ഇതിഹാസം). ''പിന്നെ അവശേഷിക്കുക പെരുവിരലിന്റെ ചുഴികൾ മാത്രമാവും. ഞാനെന്ന ഭാവം അവയിൽ കുടികൊള്ളും. കാലം ചെല്ലുമ്പോൾ അവയും തേഞ്ഞുപോകും. പരിണമിക്കും.'' വേദനയുടെ യോഗസിദ്ധിയിൽ സന്ദേഹങ്ങൾ പരിണമിച്ച് അറിവായിത്തീരുന്നു. പിതൃമന്ത്രം ജപിച്ച് അവസാനം രവി തന്റെ യാഥാർത്ഥ്യത്തിലേക്കുള്ള യാത്ര പുറപ്പെടുന്നു. ഭാഗവത സപ്താഹം കഴിഞ്ഞ് തക്ഷകനെ നേരിടാൻ, എന്റെ ഈ ഉഴുതുപൂട്ടാത്ത പാഴ്‌നിലത്തിൽ അപൂർവ്വസസ്യങ്ങൾ വിളയിക്കുന്നത് ആരാണ്? അവൻ, ആ ആദിസ്പർശി! ഇങ്ങനെ ഭഗവദ്ഗീതയുടെ ആശയങ്ങളെ പുനർനിർമ്മിക്കുന്ന എത്രയോ വാക്യങ്ങൾ വേണമെങ്കിലും വിജയന്റെ എഴുത്തിൽനിന്ന് കണ്ടെത്താം. എന്നാൽ ഈ പുനർനിർമ്മാണം വെറും പറ്റിയെഴുത്തല്ല. 

അസ്തിത്വവാദത്തിന്റെയും വേദാന്തത്തിന്റെയും അനുഷ്ഠാനങ്ങളുടെയും അറിവുകൾക്കു കുറുകെയുള്ള സഞ്ചാരമാണിത്. എന്നാൽ ഇതിനിടയിൽ ഗീതയോടു കലഹിക്കുകയും ചെയ്യുന്നു. ഗീത വ്യക്തിപരമായ അനുഭവമെന്ന നിലയിലാണ് ഇവിടെ പ്രത്യേക ഘടനയായിത്തീരുന്നത്. 'ജീവന്റെ മുക്തി ചിലന്തിയുടെ യുഗത്തിലാവട്ടെ, മനുഷ്യന്റെ യുഗത്തിലാവട്ടെ, ദുഃഖസമസ്യയായി അവശേഷിക്കുന്നു' എന്നുള്ളത് ഗീതാസാരത്തെത്തന്നെ പൊളിച്ചെഴുതുന്ന വാക്യമാണ്. അതേസമയം, 'പാമ്പിന്റെ പത്തിവിടരുന്നത് രവിയും കൗതുകത്തോടെ നോക്കി. വാത്സല്യത്തോടെ കാൽപടത്തിൽ പല്ലുകൾ അമർന്നു. പല്ലു മുളയ്ക്കുന്ന ഉണ്ണിക്കുട്ടന്റ വികൃതിയാണ്' - എന്നീ വാക്യങ്ങളിൽ ഗീതാസാരമുണ്ട്. ലൗകികാതീതമായ അവബോധവും പ്രസാദവും കാണാം. തന്റെ പ്രാചീനതയെ അതേപടി പുനരാവിഷ്‌കരിക്കുന്നത്, എഴുത്തുകാരനു ഖ്യാതി നൽകില്ല. എന്നാൽ വിജയനെപ്പോലെ സർഗാത്മകമായി പുനരന്വേഷിക്കുകയും തന്നെത്തന്നെ അന്വേഷണ വിഷയമായി പ്രഖ്യാപിച്ച് തർക്കത്തിലിടപെടുകയും ചെയ്യുന്നത് പ്രധാനപ്പെട്ട കാര്യങ്ങളാണ്.

  ഇന്ത്യൻ നോവലാണ്

കസാൻത്‌സാക്കിസ്, 'ദ ലാസ്റ്റ് ടെപ്‌റ്റേഷൻ ഓഫ് ജീസസ് ക്രൈസ്റ്റ്' എന്ന കൃതിയിൽ ചെയ്തതിനേക്കാൾ കലാപരമായാണ്, തന്റെ പൂർവകാല സംജ്ഞകളെ വിജയൻ നോവലിലൂടെ അവതരിപ്പിച്ചത്. നബോക്കോവിന്റെ ലോലിത, ഒർഹാൻ പാമുക്കിന്റെ 'മൈ നെയിം ഈസ് റെഡ്' എന്നീ കൃതികളേക്കാൾ വ്യക്തിപരമായ കലാനുഭവം 'ഖസാക്കിന്റെ ഇതിഹാസ'മാണ് നൽകുന്നത്. എന്നാൽ നോവലിന്റെ ക്രാഫ്റ്റിനെ നബോക്കോവിനെപ്പോലെ അട്ടിമറിക്കാനൊന്നും വിജയനു കഴിഞ്ഞിട്ടില്ല.  ഫിലിപ്പ് റോത്ത്, അല്ലൻ റോബ്ബേ ഗ്രിയേ, വില്യം ഫോക്‌നർ തുടങ്ങിയവരുടെ ക്രാഫ്റ്റ് വിജയൻ നേടിയിട്ടില്ലായിരിക്കാം. 

ലോകത്തിലെ ഏത് നൂതന നോവലിലുമുള്ളതുപോലെ, മിത്തിനെയും കല്പിത കഥയെയും യാഥാർത്ഥ്യത്തെയും ചരിത്രത്തെയും ദൈവശാസ്ത്രത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കലർത്തി, നവകാലത്തിലെ മനുഷ്യന്റെ ശിഥിലമായ അകംലോകങ്ങളെ പ്രശ്‌നവത്കരിക്കുകയും തുറന്നു കാണിക്കുകയും ചെയ്യുന്നത് 'ഖസാക്കിന്റെ ഇതിഹാസ'ത്തിലും കാണാം. എം. കൃഷ്ണൻനായർ ആരോപിച്ചതുപോലെ ഇതു വെറുമൊരു 'എക്‌സിസ്റ്റെൻഷ്യൽ നോവൽ' അല്ല; ഇന്ത്യൻ നോവലാണ്. ഭാരതീയതയെ തന്നെ റീസൈക്കിൾ ചെയ്ത 'ഖസാക്കിന്റെ ഇതിഹാസ'ത്തെ അനുകരണമെന്ന് ആക്ഷേപിച്ച ജി.എൻ. പണിക്കരും മറ്റും ഇനിയെങ്കിലും ഒരു സത്യം പുറത്തുവിടേണ്ടതുണ്ട്. ആരുടെയെങ്കലും പ്രേരണയിലാണെങ്കിൽ എന്തുകൊണ്ട് അതിൽത്തന്നെ ഉറച്ചുനിൽക്കുന്നുവെന്ന്. ഖസാക്ക് പ്രസിദ്ധീകരിച്ച് 25 വർഷം കഴിഞ്ഞാണ് അതിന് ഇംഗ്ലീഷ് തർജ്ജമയുണ്ടായത്. ഇതിനും നോവലിസ്റ്റിനെ പഴിക്കണോ? ഫിലിപ്പ് റോത്ത് പറഞ്ഞതുപോലെ, കഥയെഴുതിക്കൊണ്ട് ആത്മകഥയും ആത്മകഥയിലൂടെ കഥയുമാണ് വിജയനും പൂർത്തിയാക്കിയത്.

HOME

ആത്മായനങ്ങളുടെ ഖസാക്ക് / /എം കെ ഹരികുമാർ /ഭാഗം രണ്ട്

 


ഖസാക്കിലേക്ക്

'ഖസാക്കിന്റെ ഇതിഹാസം' കൈയിലെടുക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് ആ നോവലിന്റെ സൗന്ദര്യസാധ്യതകളാണ്. മലയാളിയുടെ മനസ്സിന്റെ അരികുകളിൽ ഖസാക്ക് കൊളുത്തിവിട്ട തീ ഇനിയും അണഞ്ഞിട്ടില്ല എന്ന് നോവൽ വീണ്ടും വായിക്കുമ്പോൾ ബോധ്യമാവുന്നു. ഒ. വി. വിജയൻ പിന്നീട് ചില രചനകളിലും ഏർപ്പെട്ടുവെങ്കിലും നിഗൂഢമായ പ്രപഞ്ചത്തിന്റെ വഴികൾ കണ്ടെത്തുക എന്ന എഴുത്തുകാരന്റെ ലക്ഷ്യത്തിൽ ഏറെയും അദ്ദേഹത്തെ വിജയിപ്പിച്ചത് ഖസാക്കാണ്. 'ധരർമപുരാണ'വും ഗുരുസാഗരവും' 'മധുരം ഗയതതിയും' വിജയന്റെ ഇതരനോവലുകൾ എന്ന നിലയ്ക്ക് ശ്രദ്ധേയങ്ങളെങ്കിലും കലാചിന്തകളുടെ പരീക്ഷണശാല എന്ന ബഹുമതി 'ഖസാക്കിന്റെ ഇതിഹാസ'ത്തിനാണ് ലഭിക്കുക. നിഗൂഢമായ മനസ്സിനെക്കുറിച്ചുള്ള ധാരാളം അറിവുകൾ പകരുക മാത്രമല്ല ഈ കൃതി ചെയ്യുന്നത്. പ്രാകൃതമായ മനുഷ്യജീവിതത്തിന്റെ ദുരന്തങ്ങളെ പ്രവചിക്കാൻ നോവലിലെ ഗ്രാമവും കഥാപാത്രങ്ങളും മുതിരുന്നു എന്നതാണ് വസ്തുത.

 മനസ്സിൽ നടക്കുന്ന ദുരന്തങ്ങളുടെ അതേ പകർപ്പുകളായി നോവലിൽ പ്രകൃതിയും ചുറ്റുപാടുകളും മനുഷ്യനും മാറിവരുന്നു. അന്വേഷിക്കുന്നത് കണ്ടെത്തുമ്പോഴുള്ള ആനന്ദം ഖസാക്കിലാകെ നിറഞ്ഞുനില്ക്കുന്നു. മഹാവൃക്ഷങ്ങളുടെ വേരുകൾക്കിടയിൽ തട്ടിയൊഴുകുന്ന ചെറിയ തെളിനീർചാലുപോലെയാണ് ഇവിടെ ആനന്ദം പ്രസരിക്കുന്നത്. സൂക്ഷ്മാർത്ഥങ്ങളെക്കുറിച്ചുള്ള മൗനങ്ങൾ കഥാപാത്രങ്ങളുടെ ഉള്ളിൽ പെരുകുന്നു. പരംപൊരുൾ ശരീരത്തിന്റെയോ മനസ്സിന്റേയോ അതിർത്തിയിലെവിടെയോ വന്നു മുട്ടിനിൽക്കുന്ന ഭയവും സംഘർഷവും ഖസാക്കിലെ ഓരോ വരിയിലും തുടിച്ചുനിൽക്കുകയാണ്. കണ്ടറിയാവുന്ന നിമിഷങ്ങളുടെ അളവും വ്യാപ്തിയും ഏതോ അവസാനിക്കാത്ത പ്രവാഹത്തിന്റെ ചിഹ്നങ്ങളാണെന്ന് നാം പൊടുന്നനെ ഓർമിച്ചുപോകുന്നു. 'സെമിട്രിക്കൽ സൈപ്രസസ്' എന്ന് ഡയാനാകൂപ്പറുടെ ആത്മകഥയിൽ ഒരിടത്ത് എഴുതിയിരിക്കുന്നു. 

 ദുരന്തത്തിന്റെ സ്മാരകംപോലെ

പ്രകൃതിയുടെ സമ്മാനങ്ങളിലെ പൊരുൾ സന്ധ്യയുടെയും സൗന്ദര്യത്തിന്റേയും സഹായത്തോടെ അവർ ആരായുന്നു. വൈകാരികഭാവങ്ങളുടെ ഞൊടിനേരത്തെ പ്രക്ഷോഭത്തിനുശേഷം പിന്നെയുള്ളത് ആകാംക്ഷയും അറിവും നഷ്ടമായതിന്റെ വിഷാദമാണ്. ഒരു ജീവകണം പൊട്ടിത്തെറിച്ച് പരമാർത്ഥത്തിന്റെ വലയത്തിനപ്പുറത്തുപോകുന്നു. ഏകാന്തമായ പ്രയാണത്തിന്റെ അദൃശ്യമായ പ്രേരകശക്തികൾ എവിടെയെല്ലാമോ ചിതറിക്കിടക്കുന്നു.

ഒരാളുടെ വ്യക്തിപരമായ നഷ്ടത്തിന്റെ സാദൃശ്യംപോലെയാണ് ഖസാക്ക് എന്ന ഗ്രാമം പ്രത്യക്ഷപ്പെടുന്നത്. അത് രാഷ്ട്രീയമായും സാമൂഹികമായും അമർത്തപ്പെട്ടതിനുശേഷമുള്ള പ്രാകൃതത്വം പേറിനിൽക്കുന്നു. ദുരന്തത്തിന്റെ സ്മാരകംപോലെ ആ ഗ്രാമം വ്യക്തിയെ വിഷാദശീലനാക്കുന്നു. ഓർമ്മകളുടെ സർപ്പങ്ങൾ വലിഞ്ഞുമുറുക്കിക്കൊല്ലുന്ന രാത്രിയാണവിടെ ദുരന്തത്തെ അഭിദർശിക്കുന്നവർക്ക് ഒരു ലോകം നഷ്ടമാകുന്നു. വിജയനും തന്റെ ലോകം നഷ്ടമാവുകയാണ്. നഷ്ടപ്പെട്ട ലോകം മനുഷ്യജീവിതത്തിന്റെ പ്രതാപത്തിന്റേതും പരിഷ്‌കൃതിയുടേതുമായിരുന്നു.

19-ാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ചരിത്രകാരനായിരുന്ന പാർക്മാൻ ദുരന്തത്തെ തന്റെ തേടലിന്റെ സിരാകേന്ദ്രമാക്കി പ്രതിഷ്ഠിച്ചത് മനുഷ്യാത്മാവിന്റെ ആധികാരികമഹത്വത്തെ പുറത്തുകൊണ്ടുവരാനും പരീക്ഷിച്ചുനോക്കാനുമായിരുന്നു. വിജയനും ചരിത്രകാരനെപ്പോലെതന്നെ ദുരന്തത്തെ തന്റെ രചനയുടെ കേന്ദ്രമാക്കിവെച്ചു. അതിലൂടെ ഏതാനും കഥാപാത്രങ്ങളെ അദ്ദേഹം തുറന്നുകാണിച്ചു. ശാസ്ത്രവും ദൈവവും കടന്നുചെല്ലാൻ മടിച്ച അവരുടെ മനസ്സുകളുടെ തനിമയാർന്ന ആധികാരികമഹത്വവും ദൃശ്യപ്പെടുത്തി. കലാകാരനായ വിജയൻ ചരിത്രകാരനേക്കാൾ കുറേക്കൂടി സാധ്യതകൾ ആരായുന്നു. കൂമൻകാവിൽ ബസ്സിറങ്ങിയ രവിക്ക് ആ സ്ഥലം അത്ര അപരിചിതമായി തോന്നിയില്ല എന്നുള്ള തുടക്കം തന്നെ നോവലിസ്റ്റ് തന്റെ ദുരന്തദർശനം വെളിവാക്കാൻ ഉപയോഗിക്കുകയാണ്. രവിയുടെ ഭൂതകാലദുരന്തം സ്വയം വിമർശിക്കാനും അയാളെ പ്രേരിപ്പിക്കുന്നു. ബോധമനസ്സ് ഈ യാഥാർത്ഥ്യം അംഗീകരിക്കുന്നില്ല. അതേസമയം അബോധത്തിലെങ്ങോ ഇങ്ങനെയൊരു പരിണാമം താൻ പ്രതീക്ഷിച്ചിരിക്കണം എന്ന് അയാൾ അനുമാനിക്കുകയും ചെയ്യുന്നു. 

ഒരേ ബീന്ദുവിൽ സമ്മേളിക്കുന്ന ചാരുത

കനിവുനിറഞ്ഞ വാർധക്യവും കുഷ്ഠം പറ്റിയ വേരുകളും അയാൾ കൂമൻകാവിലെ പടർന്നുപന്തലിച്ച മാവുകളിൽ കണ്ടെത്തുന്നു. വാർധക്യവും രവിയുടെ അച്ഛന്റേതാണ്. കുഷ്ഠരോഗകേന്ദ്രങ്ങളിൽ അയാൾ അലഞ്ഞിട്ടുണ്ട്. അച്ഛന്റെ ചിത്രവും കുഷ്ഠരോഗികളുടെ വേദനിക്കുന്ന മുഖവും കൈകാലുകളും രവിയുടെ മനസ്സിൽ  സ്ഥായിയായിത്തന്നെ നിൽക്കുന്നു. കൂമൻകാവിന്‌റെ ഭൗതികപരിതഃസ്ഥിതിയും രവിയുടെ മാനസികപീഡകളും ഒരേ ബീന്ദുവിൽ സമ്മേളിക്കുന്ന ചാരുതയാണ് വിജയനെ ഉന്നതനായ ദുരന്തദർശന കലാകാരനാക്കിമാറ്റുന്നത്. ദുരന്തദർശനത്തിലൂടെ മനുഷ്യന് സ്വയം കാണാനുള്ള അവസരമാണ് ഉണ്ടാകുന്നത്. പ്രതാപത്തിന്റെ നഷ്ടം നമ്മുടെ സാഹിത്യലോകത്ത് ചർച്ചാവിഷയമായത് ഈ ദുരന്തപ്രേമം കൊണ്ടാണെന്നറിയുക. അന്തരംഗത്തിന്റെ തകർച്ചയാണ്  ദുരന്തബോധത്തിനു വിത്തുപാകുന്നത്. രവി എന്ന കഥാപാത്രത്തിന്റെ കാര്യത്തിൽ മാത്രമല്ല ദുരന്തം സംഭവിക്കുന്നത്. ആബിദ, മൈമുന, നൈസാമലി, കൊഴണശ്ശേരിയിലെ കമ്യൂണിസ്റ്റുകൾ, വൃദ്ധൻമാവ്, കരിമ്പനകൾ, നീലി എന്നീ വസ്തുക്കൾക്കെല്ലാം സർവവ്യാപിയായ ദുരന്തത്തിൽനിന്ന് മോചനമില്ലെന്നറിയുക. ദുരന്തബോധം ഇവിടെ കാവ്യാത്മകമായി, വെറും പര്യവസാനമല്ല. വിഷാദത്തിന്റെയും സൗന്ദര്യത്തിന്റെയും സംയോജനങ്ങളിലൂടെ ഈ ലോകത്തിനപ്പുറത്തേക്കുള്ള യാത്രയാണ്.

കാലഘട്ടത്തിന്റെ എല്ലാ അഭിവാഞ്ഛകളിലും ആഴ്ന്നിറങ്ങി വ്യാപരിക്കുന്ന മനസ്സാണ് വിജയന്റേത്. അതെല്ലാം സകല മാനുഷികഭാവങ്ങളിലുമുള്ള യാതനയും വേദനയും ആവിഷ്‌കരിക്കാനുള്ള ഇന്ധനമായി അദ്ദേഹം ഉപയോഗിക്കുന്നു. ഭാതികപരിതഃസ്ഥിതിയുടെ തിരയിളക്കങ്ങളിൽനിന്ന് എഴുത്തുകാരന് കണ്ണെടുക്കാനാവില്ല. എങ്കിലും വിജയന്റെ നോവൽ നടക്കുന്നത് ഗ്രാമത്തിലാണ്. ഗ്രാമം എന്നു പറഞ്ഞാൽ പോരാ, ചരിത്രത്തിന്റെ സാവധാനത്തിലുള്ള പദചലനങ്ങൾ കേൾക്കുന്ന സ്ഥലം എന്നു പറയണം. ഗ്രാമത്തോടുള്ള അഭിവാഞ്ഛ ചരിത്രത്തോടും ദുരന്തത്തോടുമുള്ള മനോഭാവമാണ് പ്രകടിപ്പിക്കുന്നത്. ഏതെങ്കിലും ആശയസംഹിതയുടെ ഒരു മൂലയിൽ മനസ്സാക്ഷി കണ്ടെത്തുകയാണ് വിജയൻ. നേരും നേരായ പന്ഥാവും കണ്ടറിയാനുള്ള ഏറ്റവും ലളിതമായ മാർഗമാണത്. പാർക്മാൻ വനത്തോടാണ് താത്പര്യം പ്രകടിപ്പിച്ചത്. വനത്തിന്റെ ചരിത്രം അമേരിക്കയുടെതന്നെ ചരിത്രമാണ്. ഫ്രാൻസിനോടും ഇംഗ്ലണ്ടിനോടും അമേരിക്കൻസ്പിരിറ്റ് ഏറ്റുമുട്ടിയത് വനാന്തരങ്ങളിൽ വച്ചായിരുന്നു. വനത്തോടുള്ള ആഭിമുഖ്യം പാർക്മാന്റെ ചരിത്രത്തോടുള്ള ആഭിമുഖ്യമാണ് വ്യക്തമാക്കുന്നത്. ഈ ചരിത്രസമീപനം സാക്ഷാൽ വനത്തിന്റെതന്നെ ബിംബം രൂപപ്പെടുത്താൻ ചരിത്രകാരനെ സഹായിക്കുന്നു.

 ഏത് സർഗാത്മകകലാകാരനും ഉയർന്ന മാനദണ്ഡങ്ങളിൽ  ലോകത്തിന്റെ ചരിത്രവും മനസ്സാക്ഷിയും തമ്മിലുള്ള സംഘട്ടനങ്ങളാണ് ആവിഷ്‌കരിക്കുന്നത്. ലോകചരിത്രം അംഗീകരിക്കപ്പെട്ട ചുവടുകൾ സ്വീകരിച്ചുകൊള്ളണമെന്നില്ല. എപ്പോഴും ആരും അറിയാതെ പോയ തേങ്ങലോ നിരപരാധിത്വമോ ആകാം. അത് വിപുലീകരിക്കുന്നതാണ് ലോകസത്യമായി മാറുന്നത്. ചേർത്താൽ വേഗം ഒട്ടിപ്പിടിക്കുന്നതാണ് മനസ്സാക്ഷിയും ചരിത്രവും. വേർപെടുത്തിയാൽ ആർക്കും തിരിച്ചറിയാൻ എളുപ്പത്തിൽ കഴിയാത്തതും. ചരിത്രകാരനും നോവലിസ്റ്റും ഒരേപോലെ ചിന്തിക്കുന്നതാണ് നാമിവിടെ കാണുന്നത്. പാർക്മാൻ വനത്തോടു കാണിച്ച പ്രതിപത്തി വിജയൻ ഗ്രാമത്തോട് കാണിക്കുന്നു. ഗ്രാമം നമ്മുടെ രാജ്യത്തിന്റെ എല്ലാ തരത്തിലുള്ള തകർച്ചയുടെയും ചിത്രം നൽകുന്നുണ്ട്. എല്ലാത്തിനും മനുഷ്യരെ ഉപയോഗിക്കുകയാണ് അവിടെ. അക്ഷരവും വിജ്ഞാനവും അറച്ചുനിൽക്കുകയാണ് അവിടെ. സാമ്പത്തികമായി ചൂഷണം ചെയ്യപ്പെടുകയാണ് അവിടെയുള്ളവരുടെ ഊർജ്ജവും മസ്തിഷ്‌കവും. സ്വാതന്ത്ര്യത്തിനകത്തുവച്ച് നടത്തുന്ന ഏറ്റവും വലിയ കൊളോണിയൽ അടിച്ചമർത്തലിന്റെ ഇരകളാണ് ഗ്രാമങ്ങൾ.

തന്റെ ഏതാണ്ട് എല്ലാ രചനകളിലും വിജയൻ നഗരത്തിൽനിന്ന് ഗ്രാമത്തിലേക്ക് കഥ കൊണ്ടുവരുന്നതായി കാണാം. എല്ലാത്തിനേയും നോക്കിക്കാണുന്നതിലെ മനോഭാവമാണ് ഇവിടുത്തെ പ്രത്യേകത. സ്വത്വത്തെ നേരിടുന്നതിന്റെ പ്രധാന കരുതൽശേഖരമാണ് വിജയനു ഗ്രാമം. തന്റെ സ്വത്വത്തിന്റെ പ്രാഥമികമായ അവസ്ഥ വികാസം പ്രാപിച്ചതും ഗ്രാമത്തിന്റെ സമ്പദ്‌വ്യവസ്ഥയോട് ചേർന്നാണ്. വികാരങ്ങളുടേയും അനുഭവങ്ങളുടേയും ശുദ്ധമായ ഭാവവും ഈ എഴുത്തുകാരൻ തേടുന്നത് ഗ്രാമത്തിന്റെ സ്വച്ഛതയിലാണ്. ഗ്രാമം വിജയന് ഒരുപിടി മണ്ണല്ല. തന്റെ ആത്മാവിന്റെ  പ്രാഥമികവും പക്വതയാർന്നതുമായ മാഹാത്മ്യമാണ്. പാർക്മാനെയും വിജയനെയും ഒരേ രീതിയിൽ അവലംബിക്കുന്നതിലാണ് നാം ഖസാക്കിന്റെ ഇതിഹാസത്തിലെ ചരിത്രസ്പർശിനികൾ കണ്ടെത്തുന്നത്. ഏത് വൈകാരികാനുഭവത്തിന്റെയും മുഖം മനുഷ്യവർഗത്തിന്റെ പ്രാചീനതയിലേക്ക് നീണ്ടുചെല്ലുന്നത് 'ഖസാക്കിന്റെ ഇതിഹാസ' ത്തിൽ കാണാം. ഈ നോവലിന്റെ തുടക്കത്തിലെ ഖണ്ഡികപോലും ഇതാണ് വ്യഞ്ജിപ്പിക്കുന്നത്. കഴിഞ്ഞകാല തിരിച്ചറിവുകളുടെ  വിഷാദഭാരത്തിൽനിന്ന് രവിക്ക് ഒരിക്കലും പുറത്തു കടക്കാനാവില്ലെന്നതാണ് വസ്തുത. അയാൾ പരിചയിക്കുന്ന ഓരോ വസ്തുവും ചരാചരങ്ങളുമെല്ലാം ഭൂതകാലത്തിന്റെ തുടർച്ചയായി മാറുന്നു. അതുകൊണ്ടുതന്നെ ജിവിതവൈകാരികത അടിസ്ഥാനപരമായി മാറ്റമില്ലാതെ തുടരുന്നു. ഇതാകട്ടെ പുരാതനമായ നിരപരാധിത്വത്തെക്കുറിച്ചുള്ള സാത്വികമായ വേദനകളാണ് പ്രസരിപ്പിക്കുന്നത്. തെറ്റ് ചെയ്തുകൊണ്ടും അല്പാല്പമായി നുകരുന്ന നിഷ്‌കളങ്കതയാണത്. 

 

ആദിമമായ വിചാരത്തിന്റെ ശുദ്ധത നേടിയെടുക്കാൻ വിജയൻ നിരവധി സങ്കേതങ്ങളാണ് നോവലിൽ ഉപയോഗിക്കുന്നത്. പന്ത്രണ്ടും പതിമൂന്നും അധ്യായങ്ങളിൽ നോവലിന്റെ വിചാരപരമായ സങ്കേതങ്ങളെല്ലാം സമ്മിശ്രമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വാക്കുകളുടെ അവതരണരീതി, സംഗീതാംശം, ഇടവിട്ടുള്ള യുക്തിഭംഗം വന്ന വാക്യങ്ങൾ എന്നിവയെല്ലാം നമ്മുടെ ഗോത്രാനുഭവത്തിന്റെ വേരുകൾ ചികഞ്ഞെടുക്കാനും മനുഷ്യന്റെ യഥാർത്ഥ പാരമ്പര്യത്തിലുമുള്ള സ്വത്വം കണ്ടെത്തി ഉറപ്പിക്കാനും ആത്മാവിന്റെ പ്രവചനഗംഭീരമായ സാധ്യതകൾ പിന്തുടരാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ഓർമയുടെ അറകൾ ഉരുക്കിവച്ചിരിക്കുന്നത്. പുരാതനമായ നന്മകളുടെ തന്മാത്രകളെക്കൊണ്ടു നിറയ്ക്കാനാണിത്. ഖസാക്കിലെ ഏകാധ്യാപകവിദ്യാലയത്തിലെത്തുന്ന ഇൻസ്‌പെക്ടറുമായുള്ള സംഭാഷണത്തിൽ രവിയുടെ മനസ്സ് അറിയാതെ ക്രിസ്ത്യൻകോളേജിലെ പുല്ലുകൾ കാശ്മീരങ്ങൾ വിടർത്തിയ തുറസ്സുകളിലേക്ക് പോകുന്നു. സ്‌നേഹത്തിന്റെ ഉള്ളുരുക്കലാണ് ഈ ഓർമയിലുള്ളത്.

 സ്‌നേഹത്തിന്റെ രൂപാന്തരങ്ങളായി പുനർജനിക്കുന്നു

 വീണ്ടും ഓർക്കുകയാണ് അയാൾ. ഇപ്രാവശ്യം ചിറ്റമ്മയിലുള്ള കുട്ടികളുടെ മുഖങ്ങളാണ്. എന്നാൽ ആ കുട്ടികൾ പഴയ ഛായാപടങ്ങളെയാണ് ഓർമിപ്പിച്ചത്. ആൽബത്തിൽ എട്ടുകാലികൾ അമർന്ന് ചത്ത് ഉണങ്ങിപ്പറ്റിനിന്ന ആ ഓർമ രവിയുടെ ഹൃദയത്തിന്റെ മുഖ്യഭാഗം ചീന്തിയെടുക്കുന്നു. പിന്നീടുള്ള ഓർമയിൽ രവിയുടെ കുട്ടിക്കാലത്ത്, അമ്മയുടെ മടിയിലിരുന്ന് കൽപകവൃക്ഷത്തിന്റെ കരിക്കിൻതൊണ്ടുകൾ എണ്ണിയത് കടന്നുവരുന്നു. പിന്നീടുള്ളത് കുറ്റബോധത്തിന്റെ നൊമ്പരം പകർത്തുന്ന ചിറ്റമയുടെ മുഖമാണ്. മാറിമാരി വരുന്ന ഈ ഓർമകളെല്ലാം ചരാചരസമ്മിശ്രമാണെന്നകാര്യം നാം മനസ്സിലാക്കേണ്ടതുണ്ട്.

 മനസ്സിൽ രവി പേറുന്ന മണ്ണും വിണ്ണും എത്ര സമൃദ്ധമാണ്! ഭൂമിയുടെ അംശമെങ്കിലും സാക്ഷാത്കരിക്കാൻ കഴിയാത്ത മനസ്സുമായി നമ്മുടെ കാലം കേഴുകയാണ്. രവിയുടെ സൃഷ്ടി ഈ വർത്തമാനകാലദുരന്തത്തിനു തിരുത്തുകൂടിയാണ്. വർത്തമാനദുരന്തം അയാളുടെ ജിവിതത്തിന്റെകൂടി പ്രത്യേകതയാണ്. ആ ദാരുണമായ സ്മൃതികളിൽ നിന്ന് രക്ഷപ്പെടാൻ തന്റെ മനസ്സിനെ അയാൾ ഭൂതകാലത്തിന്റെ ഭയപ്പെടുത്തുന്ന കാണാക്കയങ്ങളിലേക്ക് എറിയുന്നു. അച്ഛൻ, അമ്മ, എട്ടുകാലി, ആൽബം, കരിക്കിൻതൊണ്ടുകൾ എന്നീ സംജ്ഞകളെല്ലാം നമുക്ക് പരിചിതമായ സജീവതയ്‌ക്കെതിരാണ്. നാം നന്മയുടെ ഏതെങ്കിലും ചിമിഴുകൾമാത്രം ജീവിതോപകാരപ്രദം എന്ന നിലയിൽ അംഗീകരിച്ച് അവയിൽ കഴിയുന്നു. അത് പാടെ നിരാകരിക്കുന്ന രീതിയാണ് വിജയൻ ഖസാക്കിൽ സ്വീകരിച്ചിരിക്കുന്നത്. രവിയുടെ സൃഷ്ടിതന്നെ അത് വ്യക്തമാക്കുന്നു. അയാളുടെ കഴിഞ്ഞകാലദുരിതങ്ങൾ മനുഷ്യനന്മയുടെ സ്‌നേഹത്തിന്റെ രൂപാന്തരങ്ങളായി പുനർജനിക്കുന്നു. ചരിത്രത്തിന്റെ ഇരുട്ടും തിന്മയും കീറിമുറിക്കുന്ന ആർദ്രതയാണ് അയാളുടെ മനസ്സിന്റെ നീറ്റലുകൾ.

HOME

 

ആത്മായനങ്ങളുടെ ഖസാക്ക്/1984/NBS/എം.കെ.ഹരികുമാർ /ഭാഗം 1

 


ആത്മായനങ്ങളുടെ ഖസാക്ക്/1984/NBS

എം.കെ.ഹരികുമാർ

(പരിഷ്‌കരിച്ച പതിപ്പ്)    

ഒരു മലയാള നോവലിനെക്കുറിച്ച് മലയാളവിമർശനത്തിൽ ഉണ്ടായ ആദ്യകൃതി


എം.കെ. ഹരികുമാർ


ആമുഖം

ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് ഞാനെഴുതിയ അത്മായനങ്ങളുടെ ഖസാക്കിന് സ്വന്തം രീതിയും സിദ്ധാന്തവുമാണുള്ളതെന്ന് വർഷങ്ങൾക്കുശേഷം ഞാൻ തിരിച്ചറിയുന്നു. അവിടെ വിമർശകൻ തന്റെ ആഖ്യാനം നിർവഹിക്കുന്നത് സ്വാനുഭവം എന്ന നിലയിലാണ്. ഒരു നോവലിനെക്കുറിച്ചുള്ള പ്രബന്ധം എന്നൊക്കെ പറയാമെങ്കിലും അതിൽ സ്വയം അന്വേഷിക്കുന്ന ഒരു പ്രകൃതമുണ്ട്. ഒരു അതാര്യത ചുറ്റും വന്ന് നൃത്തം ചെയ്യുകയാണെന്ന പ്രതീതിയിൽ അതിനെതിരെ വിചാരഹസ്തം ചലിപ്പിക്കുകയാണ്. ദുർഗ്ഗപാതയിലേക്ക് ചിറകടിച്ച് പറക്കുന്ന പക്ഷിയായി വിമർശകൻ മാറുകയാണ്. കല്പങ്ങൾ വാകയിലകൾപോലെ സ്‌നിഗ്ധമായി എന്ന് എഴുതുന്നത് എന്റെ അനുഭവമാണ്.

മറ്റൊന്ന്, ഇതിലെ പ്രധാനകഥാപാത്രമായ രവിയെ ആലോചനയുടെ കേന്ദ്രഭാഗത്ത് കൊണ്ടുവരുന്നുണ്ടെങ്കിലും അതിനെ തള്ളിമാറ്റി നോവലിസ്റ്റ് വിജയൻതന്നെ രംഗപ്രവേശം ചെയ്യുന്നു എന്നതാണ്. ആത്മായനങ്ങളുടെ ഖസാക്കിലെ ചലനാത്മകമായിരിക്കുന്ന ഒരു ഘടകം അതിൽ ഒ.വി. വിജയൻ ഒരു കഥാപാത്രംപോലെ സാന്നിദ്ധ്യമറിയിക്കുന്നതാണ്. വിജയൻ ഒരു കേന്ദ്രംപോലെ പ്രത്യക്ഷപ്പെടുന്നു. ഒരു വിവരണത്തിന്, സാധൂകരണത്തിന്, പ്രതീതിയെ സമീപിക്കുന്നതിന് വിജയൻതന്നെ ഒരു അസംസ്‌കൃതവസ്തുവായി അവതരിക്കുകയാണോ എന്നു തോന്നും. വിജയനെ വ്യാഖ്യാനിക്കുക എന്റെ ലക്ഷ്യമായിരുന്നില്ല. എന്നാൽ വ്യാഖ്യാനശാസ്ത്രത്തെ കബളിപ്പിക്കുന്നതുപോലെ വിജയനെ ഒരു ഉത്തരമായി സങ്കല്പിക്കുന്നു. അതേസമയം വിജയനെക്കുറിച്ച് ഞാനെന്തെങ്കിലും കണ്ടെത്തുന്നതായി അവകാശപ്പെടുന്നില്ല.

ഖസാക്ക് എന്ന ഇടം എനിക്ക് വെറുമൊരു സ്ഥലമായിരുന്നില്ല. ഖസാക്കിന് ജീവനുള്ള ശരീരത്തോടോ, സ്പന്ദിക്കുന്ന സ്ഥലരാശിയോടോ, കഥകൾ പറയാൻ വെമ്പുന്ന പ്രകൃതിയോടോ താരതമ്യം ചെയ്യാവുന്ന ഒരു അവസ്ഥ എന്റെ കൃതിയിൽ എങ്ങനെയോ ഉണ്ടായി. ഇത് ബോധപൂർവ്വമായിരുന്നില്ല. രചന അതിന്റെ തന്നെ ദുർഗപാതയുമായി സംഭാഷണത്തിലേർപ്പെടുന്നു എന്ന് പറയാനാണ് എനിക്കിഷ്ടം. ഖസാക്കിനു ജീവനുണ്ട് എന്ന് തോന്നിപ്പോകുന്ന നിമിഷം.

ഈ വിമർശനരചന എന്റെ ആത്മകഥാപരമായ ആവിഷ്‌കാരംകൂടിയാണ്. ഞാനെങ്ങനെ ജീവിച്ചു എന്ന് സ്വപ്നത്തിന്റെയും അകക്കണ്ണിന്റെയും മിഴിയിലൂടെ നോക്കി മനസ്സിലാക്കുകയാണ്.

ഇനിയും ഒന്ന് അവശേഷിക്കുന്നു. അത് ചിത്രകലയാണ്. വാക്കുകൾ വർണങ്ങളാണ്. വാക്ക് അർത്ഥം മാത്രമല്ല, എഴുതുന്നയാളിന്റെ മനസ്സിന്റെ വർണവും പ്രതിഫലിപ്പിക്കുന്നു. വാക്കിൽനിന്ന് വർണങ്ങളുടെ സാംസ്‌കാരികഗാഥ പുറപ്പെടുകയാണ്. വാക്കുകൾകൊണ്ട് ഒരു വർണചിത്രം വരച്ച്, അതിൽ പ്രപഞ്ചത്തിന്റെ ദുരൂഹമായ വഴികൾ കണ്ടെത്താൻ വിധിക്കപ്പെടുന്ന ഒരു എഴുത്തുകാരനാണ് ഈ കൃതിക്കു പിറകിലുള്ളത്.

വിമർശനകൃതി, ഇവിടെ സിദ്ധാന്തത്തിന്റെ തോളിൽ തൂങ്ങിയല്ല മുന്നോട്ടുപോകുന്നത്. നമ്മുടെ നാട്ടിലെ വിമർശകർ മിക്കപ്പോഴും ഏതെങ്കിലുമൊരു സിദ്ധാന്തമെടുത്ത് അത് നോവലിലോ കവിതയിലോ പ്രയോഗിച്ചു നോക്കാറുണ്ട്. ഒരു ഏജൻസി ജോലിയാണത്. പാശ്ചാത്യ മനശ്ശാസ്ത്രസിദ്ധാന്തങ്ങളെടുത്ത് അതേപടി നമ്മുടെ കൃതികൾക്കുമേൽ ചാരിവയ്ക്കുകയാണത്. എന്തോ ഇത് എന്നെ ആകർഷിച്ചിട്ടില്ല അത്തരം എഴുത്തുകളിൽ സിദ്ധാന്തം നിഷ്ഠൂരമായി നെഞ്ചുവിരിച്ച് നിന്ന് വായനക്കാരനെ പ്രകൃതിയിൽ നിന്നും ഭാഷയിൽനിന്നും അകറ്റിക്കൊണ്ടുപോകുകയാണ് ചെയ്യുന്നത്. സിദ്ധാന്തം ഒരു തുറിച്ചുനോട്ടമായി വിമർശകരചനയിൽ, പ്രത്യേകിച്ച് ഒരു സാഹിത്യകൃതിയുടെ സൗന്ദര്യാന്വേഷണപരമായ ലേഖനങ്ങളിൽ കടന്നുവരുന്നത് തെറ്റാണ്. സിദ്ധാന്തങ്ങളെ ഒളിപ്പിക്കണം. ആത്മായനങ്ങളുടെ ഖസാക്കിലെ സിദ്ധാന്തങ്ങളൊക്കെ ഞാൻ പിന്നീടാണ് വിവരിച്ചത്.

ഭാഷയിൽ ഒരു സ്പന്ദനമുണ്ട്. അത് മനുഷ്യാത്മാവിന്റെ സ്പന്ദനമാണ്. ഭാഷയ്ക്ക് ജീവനുണ്ടെന്ന് തോന്നണം. വായിക്കുന്നവന്റെ മുന്നിൽ ഭാഷയുടെ സവിശേഷമായ മാനുഷിക വൈകാരികത തുറക്കപ്പെടണം. അതിന് സ്വപ്നാത്മകവും വിമോചനാത്മകവുമായ ആന്തരത്വരയുണ്ടെന്ന് എഴുതുന്നയാളും തിരിച്ചറിയണം. കേവലം യുക്തിയെമാത്രം ആശ്രയിക്കുന്ന ഭാഷ വ്യാപാരത്തിനുകൊള്ളാം. എന്നാൽ സൗന്ദര്യാനുഭൂതിയിൽ അത് നിലനിൽക്കില്ല.

ആത്മായനങ്ങളുടെ ഖസാക്ക് ഒരു മാനുഷികാവസ്ഥയെയാണ് അഭിദർശിക്കുന്നത്. തികച്ചും പാരമ്പര്യവിരുദ്ധമായ ഒരു വഴി അത് വെട്ടിത്തുറന്നിരിക്കുന്നു.

എം.കെ. ഹരികുമാർ                  

കൂത്താട്ടുകുളം/ JAN, 2022


ഖസാക്കിന്റെ ഇതിഹാസവും ആത്മായനങ്ങളുടെ ഖസാക്കും

ഞാൻ സ്‌കൂളിൽ പഠിക്കുന്ന കാലത്തുതന്നെ ഖസാക്കിന്റെ ഇതിഹാസം വായിച്ചു. കോളേജിൽ പഠിക്കുമ്പോൾതന്നെ അതിനെപ്പറ്റിയുള്ള രചനാപരമായ ആലോചനകളിൽ മുഴുകി. എം.എക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോൾ 'ആത്മായനങ്ങളുടെ ഖസാക്ക്' എന്ന പേരിൽ എന്റെ ഖസാക്ക് അനുഭവത്തെ ഞാൻ അവതരിപ്പിച്ചു.

ഒ.വി. വിജയൻ ഈ പുസ്തകത്തിന്റെ പരസ്യം കണ്ടിട്ട് എൻ.ബി.എസിൽ നിന്ന് ഒരു കോപ്പി ആവശ്യപ്പെട്ട് വാങ്ങുകയായിരുന്നു. എനിക്ക് അദ്ദേഹം ഇങ്ങനെ എഴുതി: ഈ പുസ്തകം എന്നെ വിനയവാനാക്കുന്നു. ഇതുമതിയായിരുന്നു എനിക്ക്. ഞാനാകട്ടെ ആ വിദ്യാഭ്യാസകാലത്തെ എന്റേതായൊരു രചനാപ്രക്രിയയിലൂടെ വിളംബരം നടത്തുകയായിരുന്നു. ഒരു സിദ്ധാന്തത്തിലോ, ദർശനത്തിലോ പ്രത്യേകിച്ച് മുഴുകാതെ ഞാൻ എന്റെ രീതിയിലേക്കു നീങ്ങി. നിലവിലുള്ള ഗദ്യത്തെ പാടെ മാറ്റി. എന്റെ ആത്മാവിന്റെ ആരും കടന്നു ചെന്നിട്ടില്ലാത്ത വനാന്തരങ്ങളെ ഞാൻ അവതരിപ്പിച്ചു. ഭാഷ എന്നെ സൃഷ്ടിച്ചു. ഞാൻ ഭാഷയെ സൃഷ്ടിച്ചതും വാക്കുകൾകൊണ്ട് പെയിന്റ് ചെയ്യുന്ന ഇംപ്രേഷണസ്റ്റിക് അനുഭവമാണുണ്ടാക്കിയത്. എനിക്കു വാക്കുകൾ അത്ഥത്തെയല്ല തന്നത്; ആത്മാവിന്റെ ഓരോ മേഖലകളെയാണ്. അർത്ഥം കൊണ്ടുപോകാനാവാത്തിടത്ത്, ഞാൻ വാക്കുകളുടെ രതിയിലും മഴയിലും നിഗൂഢതയിലും സ്വപ്‌നത്തിലും മുഴുകി. നെഞ്ചിൽ നിന്നുള്ള അതീതവും വൈകാരികവുമായ ഭാവങ്ങളുടെ കുത്തിയൊഴുകലായിരുന്നു അത്. 'ആത്മായനങ്ങളുടെ ഖസാക്ക്' ഗദ്യത്തിന്റെ യുക്തിയുടെ, നേർരേഖയുടെ കാവ്യപരമായ വിധികളുടെ അനിവാര്യതയാണ് സൃഷ്ടിച്ചത്. ഒരു നോവലിനെപ്പറ്റി എഴുതുമ്പോൾ, സാധാരണ നാം ചെയ്യാറുള്ളതെന്താണ്? അതിന്റെ കഥയൊന്നു പറഞ്ഞ്, കഥാപാത്രങ്ങളുടെ മനോനിലയൊക്കെ അപഗ്രഥിച്ച് ഒരു ജീവിതവീക്ഷണത്തിന്റെ കച്ചിത്തുരുമ്പിലാണ് പിടിച്ചുകയറുക. ഞാൻ ഈ വഴി കണ്ടതേയില്ല. എനിക്ക് എന്റെതന്നെ സൃഷ്ടിപരമായ നിർബന്ധങ്ങൾക്കു വഴങ്ങേണ്ടതുണ്ടായിരുന്നു.

ആത്മായനങ്ങളുടെ ഖസാക്കിൽ ഞാൻ നിർമ്മിച്ച ഭാഷ ഇങ്ങനെയെല്ലാമായിരുന്നു. മൗനത്തിന്റെ മുഖത്തുവീണ പാടുകൾ ഗ്രാമ്യമായ ആതുരതകളുടെ നൈർമല്യമായിരുന്നു. ഓരോ വൈകാരിക സംഘർഷത്തിന്റെയും ചുവട്ടിൽ പൊഴിഞ്ഞുകിടക്കുന്ന സ്വച്ഛമായ ദുഃഖഭ്രമങ്ങളുടെ പൂക്കളിൽ മനുഷ്യൻ ആർത്തിയോടെ പങ്കെടുക്കുകയാണ്. വിരഹത്തിന്റെ സാന്ത്വനം എന്ന മഞ്ഞ് ദുഃഖത്തിന്റെ പരിശുദ്ധമായ ശരീരത്തിലുണ്ട്. വിഷാദത്തിന്റെ തനുവിൽ വിളഞ്ഞുകിടക്കുന്ന മനുഷ്യന്റെ ദിവ്യവചനങ്ങളെ തൊട്ടറിയുക.

ഈ ഭാഷ ഒരർത്ഥത്തിനുവേണ്ടി ദാഹിക്കുന്ന പണ്ഡിതന്മാരെ നിരാശപ്പെടുത്തിയേക്കും. കാരണം. അർത്ഥങ്ങളെപ്പോലും ഞാൻ ഉത്പാദിപ്പിച്ചത്, അർത്ഥങ്ങൾക്കുപോലും വഴങ്ങാത്ത അസ്തിത്വത്തിന്റെ ആന്തരമായ വ്യാമോഹങ്ങളെയാണ്. നമ്മുടെ സ്വത്വത്തിലേക്ക് വന്ന് ടാക്കിയോണുകളെപ്പോലെ തുളച്ചുകയറി അപ്പുറം പോകുന്ന ജൈവചോദനകളുടെ അറിയാത്ത ക്ഷേത്രഗണിതത്തെയായിരുന്നു എന്റെ മനസ്സ് നിശ്ചയിച്ചത്.

പക്ഷെ, ആത്മായനങ്ങളുടെ ഖസാക്കിനെ കണ്ടില്ല എന്നുപറഞ്ഞ് ഇപ്പോഴും ഖസാക്കിനെപ്പറ്റി എഴുതുന്നവരുണ്ട്. അവർക്കുമുന്നിൽ ഈ ചെറുകൃതി ഉയർത്തിവിട്ടത് അറിയാത്ത പൊരുളുകളാണ്.

1984-ലാണ് ഞാൻ ഈ നിരൂപണകൃതി എഴുതിയത്. ഖസാക്കിന്റെ ഇതിഹാസം എന്താണെന്ന് ഞാനെന്റെ കൃതിയിൽ പറഞ്ഞുവെച്ചിട്ടുണ്ടെന്നാണ് എന്റെ ബോധ്യം. ഖസാക്കിലെ ആത്മീയതയെ അന്നാരും ഗൗനിച്ചിരുന്നില്ല. ജീവിതത്തോടുള്ള വിരക്തിയാണ് ആ നോവലിന്റെ അന്തർധാര എന്നായിരുന്നല്ലോ പൊതുവായ വർത്തമാനം. എന്നാൽ ഖസാക്കിനു ഒരു ആത്മീയതയുണ്ടെന്നും അത് ബഹുസ്വരങ്ങളുടേതാണെന്നും അതിൽ മിസ്റ്റിക്കിന്റെ അമൂല്യസമ്പത്ത് അടങ്ങിയിട്ടുണ്ടെന്നും ഞാൻ അന്നേ പറഞ്ഞതാണ്. ഇപ്പോൾ, പലരും ഖസാക്കിലെ ഈ ആത്മീയതയെ സൂത്രത്തിൽ അംഗീകരിക്കുന്നു. എപ്പോഴാണെന്നറിയുമോ, വർഷങ്ങൾക്കുശേഷം അദ്ദേഹം എഴുതിയ 'ഗുരുസാഗരം' , 'മധുരം ഗായതി' തുടങ്ങിയ കൃതികൾ വായിച്ചശേഷം. ഞാൻ ആത്മായനങ്ങളുടെ ഖസാക്ക്  എഴുതുമ്പോൾ വിജയന്റെ ഈ ഭാവം അത്ര പ്രകടമല്ലായിരുന്നു എന്നോർക്കണം.

വിജയൻ എന്തെങ്കിലും തന്റേതായ താളത്തിലും ആഴത്തിലും പറയാനുള്ളപ്പോഴാണ് എഴുതിയത്. ഇന്നത്തെ ആവർത്തിച്ച ചർച്ചകളിലെ വരണ്ട യുക്തിയുടെ ഒരു കണം പോലും അദ്ദേഹത്തിൽ കാണാൻ കഴിയില്ല. നമ്മുടെ യുക്തിചിന്തയുടെ ഗദ്യം പരുഷവും സ്ത്രീപുരുഷ വികലതകൾ നിറഞ്ഞതുമാണ്. ഒരാളെ അകാരണമായി വെറുക്കുകയോ അകറ്റുകയോ ചെയ്തുകൊണ്ട്, അഹന്തയിൽ മാത്രം നിലയുറപ്പിക്കുന്ന ഇന്നത്തെ  സ്ത്രീ,പുരുഷസ്വഭാവം നമ്മുടെ ഗദ്യത്തിനുമുണ്ട്. ഇതിൽനിന്ന് ഗദ്യത്തെ മോചിപ്പിച്ച വലിയ എഴുത്തുകാരനാണ് വിജയൻ.

നഷ്ടപ്പെട്ട സ്‌നേഹത്തിന്റെ അതീതവും നിർമ്മലവും വികാരസ്പർശിയുമായ ഒരു അവബോധം അദ്ദേഹം വാക്കുകളിൽ നിറച്ചു. അങ്ങനെ വിജയന്റെ പ്രതിച്ഛായ ഉണ്ടായി. വിജയൻ ഉപയോഗിക്കുന്ന വാക്കുകൾക്ക് സ്വാഭാവികമായി ലഭിക്കുന്ന പരിവേഷമാണിത്. നിശ്ചലമായ വാക്കുകളെ തന്നെ, വിജയൻ ഉപയോഗത്തിലൂടെ പുതുതാക്കി. സ്‌നേഹത്തോടെ  എന്ന് മറ്റുള്ളവർ എഴുതുന്നതിനേക്കാൾ ആഗാധത വിജയൻ എഴുതുമ്പോൾ കിട്ടുന്നത് ഇങ്ങനെയാണ്. ഏതൊരു എഴുത്തുകാരനും ഇതിനു കഴിയേണ്ടതാണ്. ഞാൻ നിർമ്മിക്കുന്ന ഭാവുകത്വംതന്നെ അനായാസമായി, വീണ്ടും ജനിക്കാൻ പ്രേരിപ്പിക്കുന്നതാണ്. എല്ലാ പ്രാചീനവും നവീനവും സംസ്‌കൃതവും അസംസ്‌കൃതവും ജൈവികവും രോഗാതുരവും അചേതനവുമായ അവസ്ഥകളോട് ജിജ്ഞാസയുടെ സ്‌നേഹം കൂട്ടിച്ചേർക്കുകവഴി നമ്മുടെ ഭാഷാപരമായ ഇന്ദ്രിയങ്ങളുടെ പരാതി ഈ എഴുത്തുകാരൻ വിപുലീകരിച്ചു.

എനിക്ക് 'ആത്മായനങ്ങളുടെ ഖസാക്ക്' എന്ന് കൃതിയിലൂടെതന്നെ വർഷങ്ങൾക്കു മുന്നേ ഇതു പറയാൻ കഴിഞ്ഞു. ആത്മായനങ്ങളുടെ ഖസാക്കിലെ കണ്ടെത്തലുകളുമായി യോജിക്കുന്നതാണ് വിജയന്റെ പിന്നീടെഴുതിയ 'ഇതിഹാസത്തിന്റെ ഇതിഹാസം' എന്ന കൃതിയിലെ വെളിപ്പെടുത്തലുകളും. അപരിചിതമായ, നിശ്ചയമില്ലാത്ത ആത്മീയമേഖലകളുടെ ഭാഗവതമാണ് വിജയൻ തേടിയത്.

HOME

ആത്‌മീയതയുടെ ശരീരശാസ്ത്രം /എം കെ ഹരികുമാർ