ചിലിയൻ കവി റോബർട്ടോ ബൊലാനോ ഒരു കവിതയിൽ എഴുതി:
'നായ്ക്കളുടെ വഴിയിൽ
ആരും സഞ്ചരിക്കാൻ
ഇഷ്ടപ്പെടുന്നില്ല.
എന്നാൽ കവികൾ മാത്രം
അവിടെ സഞ്ചരിക്കുന്നു ,
അവർക്ക് നഷ്ടപ്പെടാൻ
യാതൊന്നുമില്ല.
എന്നാൽ എനിക്ക് ധാരാളം
കാര്യങ്ങളുണ്ട്'.
കവികൾ
തനിയെ സഞ്ചരിക്കുന്നു ,നേരത്തെ വെട്ടിയൊതുക്കിയ പാതയിലൂടെയല്ല .അവർ
സഞ്ചരിക്കുന്നതിലൂടെയാണ് പാത ഉണ്ടാകുന്നത്. പ്രമുഖ മെക്സിക്കൻ കവി
ഒക്ടാവിയോ പാസ് ഇങ്ങനെ പറഞ്ഞു :'എഴുതുമ്പോൾ യുക്തിയുടെ ,പ്രേമത്തിൻ്റെ
,സ്വാതന്ത്ര്യത്തിൻ്റെ ,കവിതയുടെ മറുവശം കാണണം. ഫ്രഞ്ചുകാർക്ക് ഒരു
സ്വഭാവമുണ്ടായിരുന്നു, എന്തിനെയും യുക്തിപൂർവ്വം കാണാൻ ശ്രമിക്കുക.
എല്ലാത്തിനെയും ആശയങ്ങളായി വെട്ടിച്ചുരുക്കും .പിന്നീട് അതിനെതിരെ പോരാടാൻ
തുടങ്ങും'. ഈ മനോഭാവത്തെയാണ് സറിയലിസ്റ്റുകൾ തകർത്തത്'. അവർ
സാമ്പ്രദായികത്വത്തിൻ്റെയും ഗതാനുഗതികത്വത്തിൻ്റെയും ആഴംകുറഞ്ഞ
ഭാവനകളുടെയും വൃത്തിഹീനമായ സാഹിത്യപരിസരത്തെ നശിപ്പിക്കുകയാണ് ചെയ്തത്. അവർ
ഭയപ്പെടുത്തുന്നതും ഭ്രാന്തുപിടിപ്പിക്കുന്നതുമായ മനുഷ്യലോകങ്ങൾ
സൃഷ്ടിച്ചുകൊണ്ടിരുന്നു.
'മാനിഫെസ്‌റ്റോ ഓഫ്
ഫ്യൂച്ചറിസം' എഴുതിയ ഇറ്റാലിയൻ കവി ഫിലിപ്പോ തോമാസോ മാരിനെറ്റി
(1876-1944) ഭൂതകാലത്തിൽനിന്ന് തൻ്റെ കാവ്യ ബോധത്തെ വിമോചിപ്പിക്കാനാണ്
ശ്രമിച്ചത്. അദേഹത്തിൻ്റെ ചിന്തകൾ ഇതെല്ലാമാണ് :'മനുഷ്യൻ അവൻ്റെ വേഗത്തെ ,
ചലനാത്മകതയെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ജീവിക്കേണ്ടത്. അതിനു തടസ്സം
നില്ക്കുന്ന പുരാതന വാസനകളെ തകർക്കണം. അജ്ഞാതശക്തികളെ മനുഷ്യൻ്റെ മുന്നിൽ
കൊണ്ടുവരണം. അതിനുള്ള ആക്രമണമാകണം കവിത. മ്യൂസിയങ്ങളെയും ലൈബ്രറികളെയും
നശിപ്പിക്കണം. മാമൂലുകളെയും സ്ത്രീപക്ഷചിന്തകളെയും എതിർക്കണം' .ഒക്ടാവിയോ
പാസ് ഈ നിലപാടിനെ സൗന്ദര്യാത്മകമായ നിഷേധം (എക്സ്തെറ്റിക്
നിഹിലിസം)എന്നു വിളിക്കുന്നു .അപ്പോൾ കവിയുടെ സ്വാതന്ത്ര്യമോ ?
അദ്ദേഹത്തിൻ്റെ 'ഫ്രീഡം ഓൺ പരോൾ ' സൗന്ദര്യാത്മകതയേക്കാൾ ധാർമ്മികതയെ
തേടുന്നതായി നിരീക്ഷിക്കുന്നു. മനുഷ്യൻ്റെ സ്വാതന്ത്ര്യം എന്നു പറയുന്നത്
കേവലമായ ഒന്നല്ല; അതിന് ഉപാധികളും വ്യവസ്ഥകളുമുണ്ട്. അത് ഒരു ഭാഷയാണ്;
അവബോധമാണ് .അത് മനുഷ്യനു പൂർണമായി നേടാനാവില്ല. അവൻ്റെ ചിന്തയിലാണ്
അതുള്ളത്.
പല ജീവിതയാഥാർത്ഥ്യങ്ങളും ബോധത്തിൻ്റെ
നിർമ്മിതിയാണ്; യഥാർത്ഥമായി കാണാനൊക്കില്ല. പ്രണയം എന്ന വാക്കിൽ
പ്രണയമില്ലല്ലോ.എന്നാൽ പ്രണയിക്കുന്നവർക്ക് ആ വാക്കിനെ തന്നെ അഭയം
പ്രാപിക്കേണ്ടി വരും. വാക്ക് ഉപയോഗിക്കുമ്പോൾ വാക്കിനുള്ളിൽ പ്രണയമില്ല.
അതുകൊണ്ട് വാക്കിൻ്റെ ബലത്തിൽ പ്രണയം ഉണ്ടാകുന്നില്ല. പ്രണയത്തെ വാക്കിൽ
തേടുന്നതുകൊണ്ട് അത് യഥാർത്ഥമായി കാണാനാവില്ല.
അസ്തിത്വപരമായ ആധി
രണ്ടായിരത്തി
ഇരുപത്തിയൊന്നിൽ കുറേ കവിതകൾ വായിച്ചു, കവിതാ സമാഹാരങ്ങളും .എഴുതിയശേഷം
ഒന്നുകൂടി വായിച്ചുനോക്കാതെ പ്രസിദ്ധീകരിച്ച കവിതകൾ വരെ കണ്ടു. കവിയെ
പ്രചോദിപ്പിക്കാത്ത വിഷയങ്ങൾ കവിതയായി വന്നു. വികാരം വറ്റി മണൽത്തരിപോലെ
വരണ്ട വാക്കുകളും കണ്ടു. എന്നാൽ പോയവർഷത്തെ ഏറ്റവും മികച്ചതും
അനുഭവസാന്ദ്രവുമായ കവിതാസമാഹാരമാണ് ,കളത്തറ ഗോപൻ എഴുതിയ 'ഇരുട്ടെന്നോ
വെളിച്ചമെന്നോ തീർച്ചയില്ലാത്ത ഒരാൾ '(ഫേബിയൻ ബുക്സ്).ഗോപൻ തിരുവനന്തപുരം
നെടുമങ്ങാട് സ്വദേശിയാണ്. അദ്ദേഹത്തിനു സർക്കാർ ജോലിയൊന്നുമില്ല .അത്
നിങ്ങളാണ് (2006),ചിറകിലൊളിപ്പിച്ച പേന (2011) പറന്നു നിന്നു മീൻ
പിടിക്കുന്നവ (2016) മഴ നനഞ്ഞ കാക്ക (2018)എന്നീ കവിതാസമാഹാരങ്ങൾ
ഗോപൻ്റേതായി പുറത്തുവന്നിട്ടുണ്ട്.
ഗോപൻ്റെ ഈ
സമാഹാരം വലിയ ആശ്വാസമായി തോന്നി .തെളിഞ്ഞ ആകാശം പോലെയാണിത്; എന്നാൽ
വിസ്മയകരമായ നിഗൂഢതകൾ ഒളിപ്പിക്കുന്നുണ്ട്. സരളമായി ,ഋജുവായി
കാണപ്പെടുന്നുണ്ടെങ്കിലും വാക്കുകളുടെയും ചിന്തകളുടെയും ലയം മറക്കുന്നില്ല.
അസ്ഥിരമായ ജീവിതത്തിൻ്റെ മായക്കാഴ്ചകളിൽ മോഹാലസ്യപ്പെടുകയും അസ്തിത്വപരമായ
ആധി അനുഭവിപ്പിക്കുകയും ചെയ്യുന്നു; ജീവിതത്തെ ഉൾക്കാഴ്ചയോടെ
സമീപിക്കുകയാണ് കവി. അഗാധഗർത്തത്തിനു കുറുകെ നൂൽപ്പാലത്തിലൂടെ
സഞ്ചരിക്കുന്നതിൻ്റെ സാഹസികത തെളിഞ്ഞുകാണാം .വഴുതിപ്പോകുന്ന ജീവിതത്തെ
പിടിക്കാൻ പിന്നാലെ പായുകയാണ് കവി .ഈ കവിയുടെ ഉള്ളിലെ മുറിവുകൾ
വാക്കുകൾക്കിടയിൽനിന്നു നമുക്ക് വ്യക്തമാകുന്നുണ്ട്. ഒരു ട്രാക്കിൽ
അതിശയകരമായി ഉറപ്പിച്ച ചക്രങ്ങളുള്ള കവിതകളാണ് ഗോപൻ്റേത്. അത് ചലിക്കുന്നു
,പ്രലോഭിപ്പിക്കുന്നു, വീഴ്ത്തുന്നു ,എഴുന്നേല്ക്കുന്നു,
ഒളിച്ചുകളിക്കുന്നു. ഇന്നത്തെ മലയാള കവിതയുടെ പൊതു ബ്രാൻഡുകൾക്ക്
സമാന്തരമായി ഒരു പദസംസ്കാരം ഗോപൻ സൃഷ്ടിച്ചിരിക്കുന്നു.
'മറ്റൊരുവളെക്കൂടി
പ്രണയിക്കാമെന്നതാണ്
ഈ പ്രണയത്തിൻ്റെ
ഒരു ഗുണം
അതാണ്
ആകെയൊരാശ്വാസം.
(ചില നേരങ്ങളിൽ ചില മരണം ,അല്ല പ്രണയം)
ഈ
കവിതയിലെ ഗദ്യം സാധാരണമല്ല;അത് കവിതയ്ക്കു വേണ്ടി മാത്രം ഉണ്ടാകുന്നതാണ്.
ത്വക്ക് ഉരഞ്ഞ് ചോര വരുന്നതുപോലെയാണ് നല്ല കവിതയിലെ ഗദ്യം .
അത് നമ്മുടെ ശരീരത്തിലേക്ക് വേദന കൊണ്ടുവരുന്നു. ഗോപൻ്റെ കവിതയിലെ ഗദ്യവും വ്യത്യസ്തമല്ല.
'നമ്മൾ ബുദ്ധനെക്കുറിച്ച്
നോവലും കവിതകളുമെഴുതി
ബുദ്ധത്വമില്ലാത്ത
ജീവിതം നയിക്കുമ്പോഴും
ചന്ദ്രനിൽ നിന്നിറങ്ങിവന്ന
ബുദ്ധൻ ഏത്
ബോധിവൃക്ഷച്ചുവട്ടിലുണ്ട്
അവൻ്റെ ബോധോദയം അവസാനിക്കുന്നതേയില്ല'
(കളഞ്ഞുകിട്ടിയ ബുദ്ധൻ)
ജീവിതത്തിലെ ഡ്രാമ
മരിച്ചവരുടെ
കണ്ണുകളിലൂടെ ലോകത്തെ കാണണമെങ്കിൽ മരണത്തെയും അനുഭവിക്കണം. 'മരിച്ചവർ
തിരിച്ചുവന്ന വെളുപ്പാങ്കാലം' എന്ന കവിതയിൽ കുറേപ്പേർ മരണത്തിൽനിന്ന്
തിരിച്ചുവരികയാണ്. മരിച്ചവർക്കെല്ലാം അതിന് അവകാശമുണ്ട്; അല്ല ,അവർ
തിരിച്ചുവരുകതന്നെ ചെയ്യും. ഭൂമിയിൽ പ്രേതങ്ങളായി ജീവിക്കുന്നത്
ജീവിതത്തേക്കാൾ വലിയ അസംബന്ധമാണെന്ന് തിരിച്ചറിഞ്ഞ അവർ വീണ്ടും
മരണത്തിൻ്റെ പൊയ്ക തേടി പോവുകയാണ്.
'ജീവിച്ചിരിക്കുന്നവർ
ജീവിച്ചിരിക്കുന്ന
മനുഷ്യരെയാണേറെ
ഭയക്കേണ്ടതെന്നും
വിചാരിച്ചിട്ട് ഓരോരുത്തരും വരിവരിയായി ഇല്ലികളിലൂടെ
ഞെങ്ങിഞെരുങ്ങി
കാറ്റിൻ്റെ മൂളിപ്പാട്ടിലലിഞ്ഞ്
മണ്ണിലേക്കിറങ്ങി
അനങ്ങാതെ കിടന്നു '.
ഇതാണ്
ജീവിതത്തിലെ ഡ്രാമ; സ്റ്റേജിൽ അവതരിപ്പിക്കുന്നതല്ല. ഒക്ടാവിയോ പാസ്
എഴുതി: 'കവിത ഏകാന്തതയ്ക്കും സമൂഹസംവാദത്തിനുമിടയിലുള്ള പാലമാണ് .അനാഥനായി
ജനിക്കുന്ന മനുഷ്യൻ തൻ്റെ ജീവിതലക്ഷ്യം കണ്ടെത്തുന്നതിനായി ഒരു സമൂഹത്തിൽ
ചേർന്ന് പ്രവർത്തിക്കുന്നു. മതവും തത്ത്വചിന്തകളുമെല്ലാം ഇവിടെ നിന്നാണ്
ഉണ്ടാകുന്നത് .കളത്തറ ഗോപൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ നിന്നാണ് ഈ കവിത
അതിൻ്റെ ദ്വയാർത്ഥങ്ങളും വൈരുദ്ധ്യങ്ങളും സന്ദിദ്ധതകളും കണ്ടെടുക്കുന്നത്.
ജീവിതത്തിൻ്റെ നഗ്നവേദനകളാണ് ഓരോ കവിതയും . വേദനിപ്പിക്കുന്നതെന്തും
ആത്മീയമാണ്. കാരണം, അതിൽ തനിച്ചാകുന്ന മനുഷ്യനുണ്ടല്ലോ .'ഇരുട്ടെന്നോ
വെളിച്ചമെന്നോ തീർച്ചയില്ലാത്ത ഒരാൾ' എന്ന കവിത തീക്ഷ്ണമായ അനുഭവത്തിൻ്റെ
സമ്മർദ്ദത്തിൻ്റെ പശ്ചാത്തലത്തിലാണെഴുതിയത്.
'എങ്ങനെയാണ്
അയാളുടെ ബോധത്തിൽനിന്ന് രാത്രിയും പകലും പറന്നുപോയത് '?എന്ന ചോദ്യം
കൊറോണക്കാലത്ത് ജീവിതം വഴിമുട്ടി ആത്മഹത്യചെയ്ത എല്ലാവരെയും ഓർമിപ്പിച്ചു .
ഒറ്റപ്പെടുത്തരുത്
'കടലല്ലെങ്കിൽ കവിത ' എന്ന രചനയിൽ കവിതയെ ഇങ്ങനെ നിർവ്വചിക്കുന്നു:
'കവിത ആഴത്തിൽനിന്നു മുകൾപ്പരപ്പിലേക്ക്
വരുന്ന ജീവനാണ് '
അമർത്തപ്പെടുവാൻ
എത്ര ശ്രമിച്ചാലും പരാജയപ്പെടുകയേയുള്ളു. കവിത അതിൻ്റെ അടഞ്ഞ വാതിലുകൾ
സ്വയം തുറന്നു പുറത്തേക്ക് വരിക തന്നെ ചെയ്യും .
അമെരിക്കൻ കവി എസ്രാ പൗണ്ട് (1885-1972) എഴുതി: 'അബോധത്തിലെ അടിച്ചമർത്തലുകൾക്കെതിരെ സംസാരിക്കുക
ഭാവനാശൂന്യരുടെ
ക്രൂരവാഴ്ചക്കെതിരെ
സംസാരിക്കുക .
ചങ്ങലക്കെതിരെ സംസാരിക്കുക'
കവിത
അതിൻ്റെ തന്നെ ഘാതകരെ കണ്ടെത്തി എതിരിടുകയാണ്. അതിൻ്റെ സൗമ്യഭാവം കണ്ട്
സമാശ്വസിക്കേണ്ട; വളരെ ഭയപ്പെടുത്തുന്ന അടവുകൾ പിന്നാലെയാണ്
പുറത്തെടുക്കുക.
ഗോപൻ്റെ കവിതകൾ വായിച്ച് മഹാഭാരതകഥകൾപോലെ ഹരം
പിടിച്ചില്ലെങ്കിൽ കവിയെ ഒറ്റപ്പെടുത്തേണ്ട. അത് കവിതയിൽ നിങ്ങൾക്കുള്ള
നിലനിൽപ്പിൻ്റെ പ്രശ്നമാണ്. സൂക്ഷ്മവും അഗാധവുമായ സംവേദനങ്ങൾ ഓരോ
വായനക്കാരനോടും നിശ്ശബ്ദതയും ഏകാന്തതയും ആവശ്യപ്പെടുന്നു. സ്വയം
ആയിരിക്കുന്ന അവസ്ഥയുടെ സംഗീതമാണ് കവിത; അത് ഉൾക്കൊള്ളാൻ നിശ്ശബ്ദത
ആവശ്യമാണ്.
റിട്ടയർമെൻറിനു ശേഷം മറ്റൊന്നും
ചെയ്യാനില്ലാത്തതുകൊണ്ട് സാഹിത്യത്തിലേക്ക് തിരിയുന്നവരുണ്ട്. അവർ ഇത്തരം
കവിതകൾ വായിക്കണം. ഇവർ ഭൂരിപക്ഷവും കരിമ്പിൻ തോട്ടത്തിൽ കയറി
ചവിട്ടിമെതിക്കുന്ന പോലെയാണ് ഇടപെടുന്നത്. വാക്കുകളുടെ അർത്ഥം മാത്രം
നോക്കി കവിതയെഴുതുന്നവർ രചനയെ എപ്പോഴും ഉപരിപ്ളവമാക്കുന്നു. കവിതയൊക്കെ
ജനാധിപത്യവത്ക്കരിക്കപ്പെട്ട കാലമാണല്ലോ ഇത്. മനസ്സിൽ യാതൊരു
അലട്ടലുമില്ലാത്തവർ ,ആശയലോകങ്ങളും ചിന്താപ്രശ്നങ്ങളുമില്ലാത്തവർ
കവിതയിലേക്ക് തിരിയുന്നതാണ് ഇന്നത്തെ ജനാധിപത്യ വിപ്ളവം .പ്രതിദിനം മൂന്നോ
നാലോ കവനങ്ങൾ ഇവരിൽ നിന്നു പ്രതീക്ഷിക്കാം.
വാക്കുകളുടെ
അർത്ഥമല്ല കവിത; പ്രാചീനവും ജീർണവുമായ ഒരു കാവ്യവ്യവഹാരത്തിൻ്റെ
അനന്തരാവകാശികളാകാൻ പ്രതിബദ്ധരായിട്ടുള്ളവർ അതേ വഴിയെ തന്നെ പൊയ്ക്കൊള്ളും
.യാതൊരു വികാരവും ഇക്കൂട്ടരുടെ കവിതകളിൽ കാണാൻ കഴിയില്ല.
ഒരു മുറിവാണ് കവിതയുടെ ന്യൂക്ളിയ സ് ;ശ്രംഗാരകവിതകളും അതിഭാവുകത്വകവിതകളും എഴുതുന്നവർക്ക് മുറിവുണ്ടാകണമെന്നില്ല.
കവിക്കൂട്ടങ്ങൾ
ജീവിതത്തോടുള്ള
സത്യസന്ധതയിലും ആത്മാർത്ഥതയിലും ആണ്ടിറങ്ങി പോകുന്നവരുടെ മനസ്സിലേൽക്കുന്ന
മുറിവുകൾ ഒരിക്കലും ഉണങ്ങിയെന്ന് വരില്ല .കാലം മുറിവുണക്കുമെന്നു പറയാം.
എന്നാൽ കവിതയ്ക്ക് പ്രേരകമാവുന്ന മുറിവുകൾ കാലത്തോടൊപ്പം
സഞ്ചരിക്കുകയാണ്.
ആ മുറിവുകൾ മനുഷ്യത്വത്തെയാണ് പിന്തുടരുന്നത് ;
അത് കൂടുതൽ ആഴത്തിലേക്ക് വ്യാപിക്കുകയും സ്വപ്നങ്ങളെയും വേദനകളെയും ഒരേ
സമയം സൃഷ്ടിക്കുകയും ചെയ്യുന്നു. പൊതുസമൂഹത്തിന് കാണാനാവാത്ത മുറിപ്പാടിൽ
നിന്നാണ് യഥാർത്ഥ കവിത ഉണ്ടാകുന്നത്. യുജിസി കവിതകൾ അങ്ങനെയാകണമെന്നില്ല.
ആഴ്ചപ്പതിപ്പിലെ
കവിതകൾ ഇന്ന് ഒരു പൊതു കാവ്യഭാഷയുടെ ഘടനയിലേക്ക് പരാവർത്തനം
ചെയ്യപ്പെടുകയാണ്. പത്രഭാഷപോലെ കാവ്യഭാഷയും നിലവാരപ്പെടലിനു
വിധേയമായിരിക്കുന്നു.മനുഷ്യാവസ്ഥയെ കവികൾ കൂട്ടത്തോടെ നോക്കി നിൽക്കുന്നത്
ഒരേ വികാരത്തോടെ ,അല്ലെങ്കിൽ ഒരേ മനോഭാവത്തോടെയാണെങ്കിൽ അതൊരു ശൂന്യതയാണ്
.കവിതയുടെ ഭാഷയ്ക്ക് ഏകസ്വരമാണിപ്പോൾ. കവിക്കുട്ടങ്ങൾ പരാജയമാണ് .കവികൾക്ക്
കൂട്ടുകൂടി നടക്കാനാവില്ല. കാരണം ,അവർ ഏകാകികളാണ് .അവരുടെ സംവേദന
പ്രശ്നങ്ങൾ ഒറ്റയ്ക്ക് നടക്കാൻ പ്രേരിപ്പിക്കും. കൂട്ടമായി നടക്കുന്നവർ
കൂട്ടമായി ചിന്തിക്കുന്നത് ഭാഷയെ ജീർണതയിലേക്ക് കൊണ്ടു ചെല്ലും .
കവിത
ഇന്ന് സമൂഹത്തിൻ്റെ ജനാധിപത്യവ്യവസ്ഥിതിയിലെ ഭാവനയെക്കുറിച്ചും
ഭാഷയെക്കുറിച്ചു മുള്ള പൊതുസംസ്കാരമായിരിക്കുകയാണ്. എഴുതുന്നതിനു മുൻപു
തന്നെ അതൊരു ശൈലിയായി ആളുകളുടെ മനസ്സിൽ കയറിപ്പറ്റിയിരിക്കുന്നു. മനുഷ്യൻ
വിചാരിക്കുന്ന ഓരോ കാര്യവും ,നേരത്തെതന്നെ കവിതയാണെന്ന രീതിയിൽ ഭാഷയെ
കാവ്യാത്മകമായി സാമാന്യവത്ക്കരിച്ചിരിക്കുന്നു.
നുറുങ്ങുകൾ
1)വായിക്കാൻ
കൊള്ളാവുന്ന കഥകളെഴുതിയിരുന്ന എൻ. പ്രഭാകരൻ കഥാരചനയിൽ നൂറടി
പിന്നോട്ടുപോയിരിക്കുകയാണ്. എന്തിനാണ് അദ്ദേഹം എഴുതുന്നതെന്ന്
മനസ്സിലാക്കാൻ കഴിയാത്തവിധം രചന ചിതറുകയാണ് .ഒരു കഥാപാത്രത്തെ സൃഷ്ടിച്ച
ശേഷം പിന്നെന്ത് ചെയ്യണമെന്നറിയില്ല.'കൂമൻപുഴയിലെ തട്ടുകടക്കാരൻ' (മാതൃഭൂമി
ആഴ്ചപ്പതിപ്പ് ,ജനുവരി 9 ) എന്ന കഥ ആന്തരികമായി ശിഥിലമാണ്. സമകാലിക കഥ
നേടിയ സൃഷ്ടിപരമായ ഔന്നത്യമെന്താണെന്ന് പ്രഭാകരന് അറിയില്ല.അദ്ദേഹം തൻ്റെ
കഥാനായകനായി ഒരു തട്ടുകടക്കാരനെ സൃഷ്ടിക്കുന്നു. എന്നിട്ട് അയാളെ വേശ്യാലയം
നടത്തിപ്പുകാരനാക്കുന്നു .പിന്നീട് അയാളെ തത്ത്വജ്ഞാനിയും
സാഹിത്യചിന്തകനുമാക്കുന്നു. ഈ കഥ വായിക്കുന്നത് എന്തിനാണെന്ന് കഥാകാരൻ
തന്നെ വ്യക്തമാക്കേണ്ടതാണ്. കഥാകാരന്മാർ അകപ്പെട്ടിരിക്കുന്ന വീക്ഷണപരമായ
പാരതന്ത്ര്യം ,ശൈലീപരമായ അപര്യാപ്തത എന്താണെന്ന് അവരാണ് ആദ്യം
മനസ്സിലാക്കേണ്ടത് .
അല്ലെങ്കിൽ ഇതുപോലെയുള്ള കാലഹരണപ്പെട്ട കഥകൾ വലിയ സംഭവമാണെന്ന മട്ടിൽ അവതരിപ്പിച്ച് കഷ്ടപ്പെടേണ്ടി വരും.
2)റഫീഖ്
അഹമ്മദിൻ്റെ 'ഉടുപ്പുകൾ' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജനുവരി 9 ) എന്ന കവിത
പരാജയപ്പെട്ടു. ഉണക്കാനായി വിരിച്ചിരിക്കുന്ന വസ്ത്രങ്ങളെ നോക്കി കവി
പറയുന്നതൊക്കെ ഉപരിപ്ലവമാണ്. പ്രാതിഭാസികമായും മനശ്ശാസ്ത്രപരമായും
നോക്കിക്കാണേണ്ട വിഷയമാണിത് .
ഒരു വ്യക്തിയുടെ ആന്തരിക ദൃഷ്ടിയിലൂടെ പ്രതിഭാസത്തെ പുനരാഖ്യാനം ചെയ്യുകയാണ് വേണ്ടത്.
ജർമ്മൻ
ചിന്തകനായ എഡ്മണ്ട് ഹുസ്സേളിൻ്റെ പ്രാതിഭാസിക വിജ്ഞാനീയം നോക്കിയാൽ ഇത്
മനസ്സിലാകും. ബോധത്തിൻ്റെയുള്ളിലെ സത്തയെക്കുറിച്ചുള്ള അനുമാനങ്ങളാണ്
ഉണ്ടാകേണ്ടത്. പക്ഷേ ,കവി ഇവിടെ വസ്ത്രങ്ങളിൽ വിഹരിച്ചവരുടെ
സ്ഥിതിവിവരക്കണക്ക് എടുക്കുന്നു. ഇത് നിലവാരത്തകർച്ചയാണ്. കവിയുടെ വാക്കുകൾ
ഇങ്ങനെ:
ആ വസ്ത്രങ്ങൾ
അഴകളിൽ കമഴ്ന്ന
നിലയിൽ
തങ്ങളുടെ ശരീരങ്ങളെ
ഓർക്കുകയാവാം
ഇത്തിരി മുമ്പേ വരെ
അവയെ ശരീരങ്ങളും
ശരീരങ്ങളെ അവയും നിർവ്വചിക്കുകയുണ്ടായി.
കറുത്ത കുപ്പായക്കാരൻ
ഖദർ ജൂബാക്കാരൻ
ആണ്, പെണ്ണ് "
3)അമൽ
എഴുതിയ 'ബംഗാളി കലാപം' (മാതൃഭൂമി ) എന്ന നോവലിനെക്കുറിച്ച് ഇളവൂർ
ശ്രീകുമാർ എഴുതിയ ലേഖനം (പച്ചമലയാളം ,ഒക്ടോബർ) സംശയിക്കപ്പെടുന്നവരുടെ
അസ്തിത്വ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു.
"വിശാലമായ
ഒരു മാനവിക തലത്തിൽ വച്ച് വിശകലനം ചെയ്യുമ്പോൾ അന്യദേശം എന്ന പ്രയോഗം
തന്നെ നമ്മുടെ മാനസികമായ ചുരുക്കത്തെയാണ് കാണിക്കുന്നത്. പുതിയ കാലം എല്ലാ
ദേശങ്ങളുടെയും അന്യത ഇല്ലാതാക്കാക്കൊണ്ടിരിക്കുകയാണ്. എന്നാൽ
അടുത്തുനിൽക്കുന്ന മനുഷ്യരുടെ മനസ്സുകൾ തമ്മിലുള്ള അകലം
സങ്കല്പത്തിനുമപ്പുറത്തേക്ക് അകലുകയാണെന്ന് 'ബംഗാളി കലാപ'ത്തിൻ്റെ
അനുഭവപാഠം നമ്മെ വീണ്ടുമോർമ്മിപ്പിക്കുന്നു" .ഇന്നത്തെ സംസ്കാരബോധം മാറി
എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. മനുഷ്യർ ,ഫ്യൂഡൽ കാലത്തിനു വിരുദ്ധമായി
,സഞ്ചാരികളാണിപ്പോൾ. അവർ ഒരു പ്രത്യേക സംസ്കാരത്തിനകത്ത്
തളച്ചിടപ്പെടുന്നവരല്ല .അവർക്ക് പരമ്പരാഗത സംസ്കാരത്തേക്കാൾ ആർജിക്കേണ്ടതായ
പലതും ഈ ലോകത്തുണ്ട്.
4)കാലം ഉപേക്ഷിച്ച
ചിന്തകളുടെ പി ആർ ഒ ആയി ,സുസ്മേരവദനനായി നടന്നാൽ നല്ല കവിതയെഴുതാനൊക്കില്ല
.ചില കവികളെങ്കിലും രാഷ്ട്രീയ ഭിക്ഷാംദേഹികളായി കാണപ്പെടുന്നു. നല്ല
കവിതയെഴുതുന്നതിനേക്കാൾ പ്രാധാന്യം രാഷ്ട്രീയ നേതൃത്വവുമായി
ബന്ധമുണ്ടാക്കുന്നതിനാണെന്ന് ഇക്കൂട്ടർ ആത്മാർത്ഥമായി വിശ്വസിക്കുന്നു.
5)എല്ലാവരുടെയും
സാംസ്കാരിക മര്യാദകൾ പരിപാലിക്കാൻ പുറപ്പെടുന്ന എഴുത്തുകാരുടെ ഉള്ള്
പൊള്ളയാവുകയാണ് ചെയ്യുന്നത്. അവർക്ക് സ്വന്തം ലോകത്തിൻ്റെ നിരീക്ഷകരാവാൻ
കഴിയില്ല. രചനയിൽ സത്യസന്ധതയോടെ സ്വയം അന്വേഷിക്കുന്നവരെക്കുറിച്ച്
ഹെമിംഗ്വേ പറഞ്ഞത് ഇങ്ങനെ സംഗ്രഹിക്കാം:
' എഴുത്തിൽ കൂടുതൽ ദൂരം
പോകുന്നതോടെ നിങ്ങൾ ഗരിക്കും ഒറ്റപ്പെടും .നല്ലതും പഴയതുമായ സുഹൃത്തുക്കൾ
ഒന്നും തന്നെ ഉണ്ടാവില്ല .പലരും മാറിപ്പോകും. നിങ്ങൾ എങ്ങനെ
ജോലിയെടുക്കുന്നു, എത്ര സമയം ചെലവഴിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ്
നിങ്ങളെ ഏകാന്തനാക്കുന്നത്. നിങ്ങൾ സമയം പാഴാക്കുകയാണെങ്കിൽ അതൊരു
പാപമായിരിക്കും ;അതിനു മാപ്പില്ല" .
6)പാപത്തെക്കുറിച്ചും
ക്രൂരതയെക്കുറിച്ചും ഓർമ്മിക്കുന്തോറും അത് മനസ്സിൽ ശത്രുത
വർദ്ധിപ്പിക്കുമെന്നാണ് പ്രമുഖ അമേരിക്കൻ നോവലിസ്റ്റും വിമർശകയുമായ സൂസൻ
സൊൻടാഗ് 'റിഗാർഡിംഗ് ദ് പെയിൻ ഓഫ് അതേഴ്സ്' എന്ന ലേഖനത്തിൽ പറയുന്നത്
.നമ്മളോട് ഒരാൾ അല്ലെങ്കിൽ ഒരു കൂട്ടമാളുകൾ ചെയ്ത അപരാധം നാമെപ്പോഴും
ഓർത്തുകൊണ്ടിരിക്കുന്നത് അപകടമാണത്രേ. സൊൻടാഗ് എഴുതുന്നു : ' സമാധാനം
വേണമെങ്കിൽ മറക്കാൻ ശീലിക്കണം.ഐക്യത്തിൽ പോകണമെങ്കിൽ ഓർമ്മയെ
പരിമിതപ്പെടുത്തേണ്ടതുണ്ട്'.
7)ഒരു
വിഷാദബോധകവിയായിരുന്ന പഴവിള രമേശൻ ഒന്നും ശരിയാവില്ലെന്ന് ആത്മീയമായി
വിശ്വസിച്ചു. എന്തെങ്കിലും ശരിയായാൽ തന്നെ അത് വ്യാജമോ ചതിയോ
ആയിരിക്കും.'അനർത്ഥദുഃഖം' എന്ന കവിതയിൽ അദ്ദേഹം എഴുതി:
'ഇവിടൊന്നുമില്ല
കനിവില്ല, കിനാവുമില്ല
ഇവിടൊന്നുമില്ല
കനലില്ലനുരാഗമില്ല
ഇവിടൊന്നുമില്ല
മലരില്ല മണങ്ങളില്ല
മുരളാനൊരു വണ്ടുമില്ല'
എന്ന് എഴുതുന്നത് നിരാശാനിഷേധചിന്തമൂലമാണ്. ഇവിടൊന്നുമില്ല എന്നു ഉറപ്പിക്കാൻ വേണ്ടിയാണ് ആവർത്തിക്കുന്നത്.
8)മഹാചിന്തകനായ
ബർട്രാൻഡ് റസ്സൽ ഭാവിതലമുറയോടായി രണ്ടു കാര്യങ്ങൾ പറഞ്ഞു :ഒന്ന് ,ഏതു
കാര്യം പഠിക്കുമ്പോഴും അതിൽ സത്യസന്ധമായി എന്തുണ്ട് ,വസ്തുതകൾ
എത്രത്തോളമുണ്ട് എന്ന് സ്വയം ചോദിക്കണം. രണ്ട് ,സ്നേഹം ജ്ഞാനവും വെറുപ്പ്
വിഡ്ഢിത്തവുമാണ് .പരസ്പരം യോജിച്ച് പ്രവർത്തിക്കേണ്ട ഈ കാലത്ത് നമ്മൾ
ഉള്ളിൽ വളർത്തിയെടുക്കേണ്ട വികാരം സഹിഷ്ണുതയാണ് .നമ്മൾ ഒരുമിച്ച്
ജീവിക്കുകയാണ് വേണ്ടത് , ഒരുമിച്ച് മരിക്കുകയല്ല.